Connect with us

National

മലയാളികളില്‍ ആവേശം വിതറി ഉമ്മന്‍ ചാണ്ടിയുടെ പര്യടനം

Published

|

Last Updated

സി വി രാമന്‍ നഗര്‍ മണ്ഡലത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയെ പുഷ്പഹാരമണിയിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളികളുടെ വോട്ടുതേടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെത്തിയപ്പോള്‍ അണികളില്‍ അടങ്ങാത്ത ആവേശം. പൊതുസമ്മേളനങ്ങളും റോഡ് ഷോകളുമായി ഉമ്മന്‍ ചാണ്ടി മലയാളികളുടെ മനം കവര്‍ന്നു. റോഡ് ഷോക്ക് സാക്ഷ്യം വഹിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് നഗരത്തിലെത്തിയത്.

മലയാളി വോട്ടുകള്‍ നിര്‍ണായകമായ ബെംഗളൂരുവിലെ 11 നിയമസഭാ മണ്ഡലങ്ങളിലാണ് ഉമ്മന്‍ ചാണ്ടിയുടെ രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണം. ചാണ്ടിയോടൊപ്പം മുന്‍ കേന്ദ്രമന്ത്രി ഡോ. ശശി തരൂര്‍ എം പിയുമുണ്ട്. നഗരത്തിലെ പ്രധാന മണ്ഡലങ്ങളില്‍ ഇന്നലെ ഇരുവരും പൊതുയോഗങ്ങളിലും റോഡ് ഷോകളിലും പങ്കെടുത്തു. സമ്മേളന വേദികളില്‍ വെച്ച് മലയാളി വോട്ടര്‍മാരുമായി സംവദിച്ചു.

മലയാളിയായ എന്‍ എ ഹാരിസ് മത്സരിക്കുന്ന ശാന്തിനഗര്‍ മണ്ഡലം, ബെംഗളൂരു കോര്‍പ്പറേഷന്‍ മേയര്‍ ആര്‍ സമ്പത്ത് രാജ് മത്സരിക്കുന്ന സി വി രാമന്‍ നഗര്‍ മണ്ഡലം, കൃഷ്ണമൂര്‍ത്തി മത്സരിക്കുന്ന ദാസറഹള്ളി മണ്ഡലം, മുനിരത്‌ന മത്സരിക്കുന്ന രാജരാജേശ്വരി നഗര്‍ മണ്ഡലം, ജെ ഡി എസില്‍ നിന്ന് രാജി വെച്ചെത്തിയ സമീര്‍ അഹ്മദ് മത്സരിക്കുന്ന ചാമരാജ്‌പേട്ട് മണ്ഡലം, ആര്‍ റോഷന്‍ ബേഗ് മത്സരിക്കുന്ന ശിവാജിനഗര്‍, കൃഷ്ണബൈര ഗൗഡ മത്സരിക്കുന്ന ബൈത്തരായനപുര, ഹെബ്ബാള്‍ എന്നിവിടങ്ങളില്‍ വോട്ട് അഭ്യര്‍ഥിച്ച് ഉമ്മന്‍ ചാണ്ടിയെത്തി.

“കര്‍ണാടകയിലെ ശബരിമല” എന്ന വിശേഷണമുള്ള ജാലഹള്ളിയിലെ അയ്യപ്പക്ഷേത്രവും ക്രിസ്ത്യന്‍ പള്ളിയും സന്ദര്‍ശിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ മലയാളി വോട്ടുകളുള്ള ദാസറഹള്ളിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദാസറഹള്ളി, കെ ആര്‍ പുരം, ബൈത്തരായനപുര എന്നിവിടങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ പോകുന്ന ശക്തി മലയാളികള്‍ക്കുണ്ടെന്ന് കണ്ടറിഞ്ഞാണ് കോണ്‍ഗ്രസ് നേതൃത്വം ഉമ്മന്‍ ചാണ്ടിയെ പ്രചാരണത്തിനെത്തിച്ചത്.

ആന്റോ ആന്റണി എം എല്‍ എ, കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി ജെ അലക്‌സാണ്ടര്‍, ഗീതാ റെഡ്ഢി തുടങ്ങിയ നേതാക്കളും സംബന്ധിച്ചു.

Latest