സര്‍ക്കാറിന്റെ കരുണയില്‍ ശബ്ദലോകത്തെത്തിയ കുരുന്നുകള്‍ ആരോഗ്യമന്ത്രിയെ കാണാനെത്തി

Posted on: May 5, 2018 6:12 am | Last updated: May 4, 2018 at 11:46 pm
കെ കെ ശൈലജ

തിരുവനന്തപുരം: നിശ്ശബ്ദതയുടെ ലോകത്തുനിന്ന് ശബ്ദത്തിന്റെ മാസ്മരിക ലോകത്തേക്ക് ‘ധ്വനി’ കൈപിടിച്ചുയര്‍ത്തിയ കുരുന്നുകള്‍ ആരോഗ്യമന്ത്രിയെ കാണാനെത്തി. കേള്‍വി പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷനിലൂടെ കേള്‍വിശക്തി നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ധ്വനി. പദ്ധതിയില്‍ 58 കുട്ടികളാണ് ശബ്ദലോകത്തേക്ക് തിരിച്ചെത്തിയത്. പദ്ധതിയിലൂടെ കേള്‍വിശക്തി തിരിച്ചുകിട്ടിയ 13 കുട്ടികളും രക്ഷിതാക്കളുമാണ് ഇന്നലെ ആരോഗ്യമന്ത്രി കെ കെ ഷൈലജയെ സന്ദര്‍ശിച്ച് സന്തോഷം പങ്കുവെച്ചത്. കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സന്ദര്‍ശനമൊരുക്കിയത്.

ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്ന് മന്ത്രി പറഞ്ഞു. കേള്‍വിശക്തി പൂര്‍ണമായും നഷ്ടപ്പെട്ട 58 കുട്ടികള്‍ക്കാണ് ധ്വനി പദ്ധതിയിലൂടെ പുതിയ ജീവിതം ലഭിച്ചത്. ബാക്കിയുള്ള അപേക്ഷകരെകൂടി ഉടന്‍ പരിഗണിക്കും. കുട്ടികളുടെ പഠനം തുടരുന്നതിനും ഭാവി സുരക്ഷിതമാക്കാനും ഇത് സഹായിക്കും. എല്ലാവര്‍ക്കും കേള്‍ക്കാന്‍ കഴിയട്ടെ യെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഫെബിന്‍ ഫാത്വിമ എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മന്ത്രി ഷൈലജയെ മുമ്പ് കാണാനെത്തിയതോടെയാണ് സംഭവത്തിന്റെ ഗൗരവമറിയുന്നത്. 15 വര്‍ഷം മുമ്പ് കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്തിരുന്നതാണ് ഫെബിന്. എന്നാല്‍ എന്‍ജിനീയറിംഗിന് എന്‍ട്രന്‍സ് എഴുതുന്ന സമയത്താണ് ഫെബിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടെന്ന് മനസ്സിലായത്. പരിശോധനയില്‍ ചെവിയില്‍ ഘടിപ്പിച്ച മെഷീന്റെ പ്രൊസസര്‍ നശിച്ചെന്നും പുതിയത് ഘടിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപയാകുമെന്നും അറിഞ്ഞു. നിര്‍ധന കുടുംബത്തിലുള്ള തനിക്കിത് താങ്ങാന്‍ പറ്റില്ലെന്നും കേള്‍വി പോയാല്‍ പഠനം നിലക്കുമെന്നും ഫെബിന്‍ മന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് മന്ത്രി ഇടപെട്ട് ഫെബിന്റെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് പ്രോസസര്‍ വാങ്ങിനല്‍കുകയായിരുന്നു.
ഫെബിനെപോലെ പല കുട്ടികളും ഈ ബുദ്ധിമുട്ടനുഭവിക്കുന്നുവെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ധ്വനി പദ്ധതി നടപ്പാക്കിയത്. ജന്മനാ കേള്‍വിശക്തിയില്ലാത്ത നിരവ ധി കുട്ടികള്‍ക്കാണ് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ സ്പിന്റ് മെഷീന്‍ ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേള്‍വിശക്തി ലഭ്യമാക്കിയത്. എന്നാല്‍ ഈവര്‍ഷം ജനുവരിയില്‍ കോക്ലിയര്‍ കമ്പനി നിര്‍ത്തലാക്കിയതോടെ ഈ മെഷീന്റെ പ്രൊസസര്‍ ലഭ്യമല്ലാതായി. കുട്ടികളുടെ ചെവിയില്‍ ഘടിപ്പിച്ചിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള മെഷീന്‍ പ്രവര്‍ത്തനരഹിതമായതോടെ സ്വന്തം നിലയില്‍ അഞ്ച് ലക്ഷം രൂപ മുടക്കി പ്രൊസസര്‍ വാങ്ങേണ്ട അവസ്ഥയായി. ഇത് മാറ്റിവെച്ചില്ലെങ്കില്‍ കേള്‍വിശക്തി എന്നെന്നേക്കുമായി അവസാനിക്കുമെന്ന അവസ്ഥയായിരുന്നു. അങ്ങനെ ശബ്ദമില്ലാത്ത ലോകത്തേക്ക് പോയ 58 കുട്ടികളേയാണ് ധ്വനി പദ്ധതയിലൂടെ തിരികെ കൊണ്ടുവന്നത്.

സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ബിജു, രക്ഷാധികാരി സിമി ജെറി, തിരുവനന്തപുരം ജോ. സെക്രട്ടറി അനില്‍ കുമാര്‍ പങ്കെടുത്തു.