സാങ്കേതികത്വം പറഞ്ഞ് മഅ്ദനിക്ക് ജുമുഅ നിഷേധിച്ചു; പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി

Posted on: May 5, 2018 6:15 am | Last updated: May 4, 2018 at 11:47 pm
ജുമുഅ നിസ്‌കാര ശേഷം ചടയന്‍കലായ് പള്ളിയില്‍ നിന്നിറങ്ങുന്ന മഅ്ദനി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

പാലക്കാട്: കോടതി അനുമതിപ്രകാരം അര്‍ബുദ രോഗിയായ മാതാവിനെ കാണാന്‍ കരുനാഗപ്പള്ളിക്ക് പോകുന്നതിനിടെ കഞ്ചിക്കോട് ചടയന്‍കലായ് പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനെത്തിയ പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ പോലീസ് തടഞ്ഞു. ഇന്നലെ ബെംഗളൂരുവില്‍ നിന്ന് റോഡ്മാര്‍ഗം കരുനാഗപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് പള്ളിയില്‍ ജുമുഅ നിസ്‌കരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ കര്‍ണാടക പോലീസ് കേരള പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ യാത്രക്കിടെ പള്ളി പ്രവേശനമില്ലെന്ന സാങ്കേതിക പ്രശ്‌നം സംസ്ഥാന പോലീസ് ഉന്നയിക്കുകയായിരുന്നു. മഅ്ദനിയെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതിരുന്നതോടെ പി ഡി പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ചര്‍ച്ച നടത്തി മഅ്ദനിയെ ജുമുഅ നിസ്‌കാരത്തിന് പോലീസ് അനുവദിക്കുകയായിരുന്നു. ജുമുഅ നിസ്‌കാരത്തിന് ശേഷം അദ്ദേഹം കൊല്ലത്തേക്ക് യാത്രതിരിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തന്റെ മേല്‍ എന്തെങ്കിലും ഇനി ചെയ്യാനാകുമെന്ന് പ്രതീക്ഷയില്ലെന്നും കോടതിയിലാണ് വിശ്വാസമര്‍പ്പിച്ചിട്ടുള്ളതെന്നും ജുമുഅ നിസ്‌കാരത്തിന് ശേഷം പുറത്തിറങ്ങിയ മഅ്ദനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജാമ്യം ഈമാസം മൂന്നിന് കിട്ടിയെങ്കിലും യാതൊരു കാരണവുമില്ലാതെ രണ്ട് ദിവസം നാട്ടിലെത്താന്‍ കഴിയാതെ നഷ്ടപ്പെടുകയായിരുന്നു. ഇതില്‍ ആരോടും പരാതിയും പരിഭവവുമില്ല. പക്ഷേ, യാത്ര വൈകിച്ചതില്‍ ചില ആസൂത്രിത നീക്കമുള്ളതായി സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍, ഇപ്പോള്‍ രാഷ്ട്രീയം സംസാരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഭാര്യ സൂഫിയ, പി ഡി പി സംസ്ഥാന ജന. സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രട്ടറിമാരായ സലിംബാബു, നൗഷാദ് തിക്കോടി, കര്‍ണാടക പോലീസിലെ ഇന്‍സ്‌പെക്ടര്‍മാരടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ മഅ്ദനിയോടൊപ്പമുണ്ടായിരുന്നു.