Connect with us

Kerala

കേരള ഉമറാ സമ്മേളനത്തിന് പ്രൗഢ തുടക്കം

Published

|

Last Updated


കേരള ഉമറാ സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വപ്‌ന നഗരിയില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തുന്നു

കോഴിക്കോട്: മുസ്‌ലിം മുന്നേറ്റത്തിന്റെ പുതുചുവടുകള്‍ക്കുള്ള കരുത്തായി കേരള മുസ്‌ലിം ജമാഅത്ത് ഉമറാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം. കേരള മുസ്‌ലിം ജമാഅത്തിന്റെ ജനകീയാടിത്തറയുടെ നേരടയാളമായിരുന്നു ഉദ്ഘാടന ചടങ്ങ്. പണ്ഡിത നേതൃത്വവും പൗരപ്രമുഖരും സാന്നിധ്യം കൊണ്ട് ധന്യമാക്കിയ സായാഹ്നത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് രണ്ട് ദിവസത്തെ സമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇന്നലെ വൈകുന്നേരം നടന്ന ലീഡേഴ്‌സ് കോണ്‍ഫറന്‍സ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന് നായകത്വം വഹിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ബഹുജന മുഖമായ കേരള മുസ്‌ലിം ജമാഅത്ത് ആദ്യമായൊരുക്കുന്നതാണ് ഉമറാ സമ്മേളനം. മഹല്ല്, യൂനിറ്റ് തലങ്ങളില്‍ നിന്നും വ്യാപാരി വ്യവസായി മേഖലകളില്‍ നിന്നും കാര്‍ഷിക- ഉദ്യോഗസ്ഥ രംഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 7,500 പേരാണ് പ്രതിനിധികള്‍. സ്വപ്‌ന നഗരിയിലെ വേദിക്ക് മുന്നില്‍ നടന്ന പതാക ഉയര്‍ത്തലിന് ശേഷം ലീഡേഴ്‌സ് കോണ്‍ഫറന്‍സായിരുന്നു ആദ്യ സെഷന്‍. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിച്ചു. തുടര്‍ന്ന് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടനകളുടെ സംയുക്ത കൗണ്‍സിലില്‍ വിഷന്‍ 2019 അവതരിപ്പിച്ചു.

പരാധീനതകളുടെ പറച്ചിലുകള്‍ക്കപ്പുറം പരിഹാരത്തിന്റെ അന്വേഷണങ്ങളാണ് സമ്മേളനത്തിലെ ചര്‍ച്ച. ന്യൂനപക്ഷമെന്ന നിലയില്‍ അവകാശങ്ങള്‍ നേടുന്നതിനൊപ്പം സ്വയം ശാക്തീകരിക്കാനുള്ള രൂപരേഖകളും സമ്മേളനത്തില്‍ അവതരിപ്പിക്കും.

ലീഡേഴ്‌സ് കോണ്‍ഫറന്‍സില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ഥന നടത്തി. സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസിയാണ് വിഷന്‍ 2019 അവതരിപ്പിച്ചത്. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, എ പി അബ്ദുല്‍ കരീം ഹാജി, കെ പി അബൂബക്കര്‍ മൗലവി, എന്‍ അലി അബ്ദുല്ല, അഹ്മ്മദ് കുട്ടി ഹാജി, സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദ് അലി ഹാജി, എം എന്‍ കുഞ്ഞഹമ്മദ് ഹാജി, എസ് എസ് എ ഖാദര്‍ ഹാജി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, എം എന്‍ സിദ്ദീഖ് ഹാജി, എ സൈഫുദ്ദീന്‍ ഹാജി പ്രസംഗിച്ചു.

ഇന്ന് രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി കെ എ റഹീം മുഖ്യാതിഥിയാകും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എം എല്‍ എമാരായ എ പ്രദീപ്കുമാര്‍, അഡ്വ. പി ടി എ റഹീം, ഡോ. ആസാദ് മൂപ്പന്‍, വി പി എസ് ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ശംസീര്‍, ഡോ. ഗള്‍ഫാര്‍ മുഹമ്മദലി, വൈ അബ്ദുല്ലക്കുഞ്ഞി യേനപ്പോയ, ഡോ. ഖാസിം ദുബൈ, ഡോ. ഹുസൈന്‍, ഫ്‌ളോറ ഹസന്‍ ഹാജി, ബശീര്‍ പടിയത്ത്, അബ്ദുല്‍ അസീസ് ഹാജി, എസ് എസ് എ ഖാദിര്‍ ഹാജി, ഡോ. മന്‍സൂര്‍ ഹാജി, മുംതാസ് അലി മംഗലാപുരം, റശീദ് മംഗലാപുരം, അപ്പോളൊ മൂസ ഹാജി സംബന്ധിക്കും.

തുടര്‍ന്ന്, മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വര്‍ത്തമാനം, നവചുവടുകള്‍, ഉമറാഇന്റെ കര്‍മപഥം എന്നീ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും. കള്‍ച്ചറല്‍ കോണ്‍ഫറന്‍സ് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമാപന സംഗമത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ സംബന്ധിക്കും.

Latest