ദക്ഷിണ ചൈനാ സമുദ്രത്തിലെ സൈനികവത്കരണം: ദീര്‍ഘകാല പ്രത്യാഘാതമെന്ന് യു എസിന്റെ മുന്നറിയിപ്പ്

Posted on: May 5, 2018 6:02 am | Last updated: May 4, 2018 at 11:18 pm

ന്യൂയോര്‍ക്ക്: ദക്ഷിണ ചൈനാ സമുദ്രത്തില്‍ ചൈന നടത്തുന്ന പുതിയ സൈനികവത്കരണത്തെക്കുറിച്ച് മുന്നറിയിപ്പുമായി അമേരിക്ക. ദീര്‍ഘമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ നീക്കമെന്നും അമേരിക്ക ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ത്തിയിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ദക്ഷിണ ചൈനാ സമുദ്രത്തിലെ മൂന്ന് ഔട്ട്‌പോസ്റ്റുകളില്‍ ചൈന കപ്പല്‍വേധ മിസൈലുകളും ഉപരിതല മിസൈലുകളും സംവിധാനിച്ചതായി യു എസ് ന്യൂസ് നെറ്റ്‌വര്‍ക്ക് സി എന്‍ ബി സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു എസ് ഇന്റലിജന്‍സ് സ്രോതസുകളെ ഉദ്ദരിച്ചാണ് പത്രം വാര്‍ത്ത പുറത്തുവിട്ടിരുന്നത്.

ദക്ഷിണ ചൈനാ സമുദ്രത്തില്‍ ചൈന നടത്തുന്ന സൈനികവത്കരണത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചൈനയുമായി നേരിട്ട് ആശങ്കകള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ദീര്‍ഘമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് ചൈനയുടെ ഈ തീരുമാനമെന്ന് വൈറ്റ്ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ പരിണതഫലങ്ങള്‍ എന്തായിരിക്കും എന്ന് സാന്‍ഡേഴ്‌സ് വ്യക്തമാക്കിയില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ സ്പാര്‍ട്ട്‌ലി ദ്വീപുകള്‍ക്ക് ചൈന ചില ആയുധ സംവിധാനങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ യു എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

യു എസ് ഇന്റലിജന്‍സ് വിലയിരുത്തലനുസരിച്ച് കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ചൈന, മിസൈലുകള്‍ വിവിധ ഇടങ്ങളിലേക്ക് മാറ്റിയതായി സി എന്‍ ബി സി റിപ്പോര്‍ട്ടില്‍ പറയുന്നു. വിയറ്റ്‌നാമും തായ്‌വാനും ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ചൈനക്കെതിരെ രംഗത്തുണ്ട്.
എന്നാല്‍ ചൈനയുടെ പ്രതിരോധ മന്ത്രാലയം പുതിയ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പ്രതിരോധ വിന്യാസങ്ങള്‍ ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അക്രമാസക്തരായിരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും മന്ത്രാലയ വക്താവ് ഹുവ ചുന്നിയിംഗ് പറഞ്ഞു. ദക്ഷിണ ചൈനാ സമുദ്രത്തിലെ സൈനികവത്കരണത്തെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് ഉറപ്പാണെങ്കില്‍, മേഖല സൈനികവത്കരിക്കില്ലെന്ന ചൈനയുടെ പ്രസ്താവനക്ക് വിരുദ്ധമായിരിക്കുമെന്ന് യു എസ് നയതന്ത്രജ്ഞന്‍ ജൂലി ബിഷപ്പ് പറഞ്ഞു. ലോകത്തെ സമാധാനവും സുരക്ഷിതത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ചൈനക്ക്, സുരക്ഷാ സമിതിയിലെ സ്ഥിരം അംഗമെന്ന നിലയില്‍ പ്രത്യേകിച്ച്, സവിശേഷമായ ഒരു ഉത്തരവാദിത്വം ചൈനക്കുണ്ടെന്നും ബിഷപ്പ് പറഞ്ഞു.