പ്രിഥ്വി സച്ചിനെ പോലെ : മാര്‍ക് വോ

Posted on: May 4, 2018 6:11 am | Last updated: May 4, 2018 at 12:14 am

ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബാറ്റിംഗ് സാങ്കേതിക മികവ് പ്രിഥ്വി ഷായിലും കാണാമെന്ന് ഓസീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ മാര്‍ക് വോ. സച്ചിനെ പോലെ ഗ്രിപ്പ് ചെയ്യുകയും സ്റ്റാന്‍ഡെടുക്കുകയും ചെയ്യുന്ന പ്രിഥ്വി ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു മുതല്‍ക്കൂട്ടാണെന്നും മാര്‍ക് വോ പറഞ്ഞു.

ഐപിഎല്‍ ടീം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ പ്രിഥ്വി ഷാപരിചയ സമ്പന്നരായ അന്താരാഷ്ട്ര കളിക്കാരുടെ ശരീരഭാഷയുമായി മികച്ച കളിയാണ് കാഴ്ചവെക്കുന്നത്. ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീം ക്യാപ്റ്റനാണ് പ്രിഥ്വി. ഐപിഎല്ലില്‍ ആദ്യ മത്സരങ്ങളില്‍ അരങ്ങേറാന്‍ കഴിഞ്ഞില്ലെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ ടീമിന് മുതല്‍ക്കൂട്ടാകാന്‍ താരത്തിന് കഴിഞ്ഞു. ഐപിഎല്ലിലെ തന്റെ രണ്ടാംമത്സരത്തില്‍ തന്നെ കൊല്‍ക്കത്തയ്‌ക്കെതിരെ ധൃതിയില്‍ 65 റണ്‍സ് വാരിക്കൂട്ടി പ്രിഥ്വി ശ്രദ്ധേയനായിരുന്നു.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരെയും പ്രകടനം ആവര്‍ത്തിച്ചു. 25 പന്തില്‍ 47 റണ്‍സെടുത്ത പ്രിഥ്വി കൂറ്റന്‍ സ്‌കോറിന് അടിത്തറയിടുകയും ചെയ്തു. ഫോം നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നത് സന്തോഷകരമാണെന്ന് മത്സരശേഷം മുംബൈക്കാരന്‍ പറഞ്ഞു.