Connect with us

Sports

ഇനി 40 നാള്‍; റഷ്യ ഒരുങ്ങിയെന്ന് ഫിഫ

Published

|

Last Updated

ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയും റഷ്യന്‍ പ്രസിഡന്റ് പുടിനും ഒഫിഷ്യലുകള്‍ക്കൊപ്പം സ്റ്റേഡിയം പരിശോധിക്കുന്നു

സോചി (റഷ്യ): ജൂണില്‍ ലോകകപ്പ് നടത്താന്‍ റഷ്യ അക്ഷരാര്‍ഥത്തില്‍ റെഡിയായിക്കഴിഞ്ഞുവെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ.
റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും ഉന്നത ഒഫിഷ്യലുകളും അടങ്ങുന്ന യോഗത്തിലായിരുന്നു ഇന്‍ഫാന്റിനോയുടെ നല്ല വാക്കുകള്‍.

മനോഹരമായ രാജ്യമാണ് റഷ്യ. ഇവിടെ ഇനി ഫുട്‌ബോളിന്റെ ഉത്സവകാലമാണ്. റഷ്യ 99 ശതമാനവും ഒരുങ്ങിക്കഴിഞ്ഞു. ഒരുശതമാനം മാത്രം ബാക്കി നില്‍ക്കുന്നു.

നാല് വര്‍ഷം മുമ്പ് മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്,സോചി എന്നിവിടങ്ങളില്‍ ആരംഭിച്ച സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയായി. ജൂണ്‍ പതിനാല് മുതല്‍ ജൂലൈ 15 വരെയാണ് ലോകകപ്പ്.

എല്ലാ സാധ്യതകളും ഉപയോഗിച്ച് ഏറ്റവും നിലവാരമുള്ള ലോകകപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് റഷ്യ പ്രസിഡന്റ് പുടിന്‍ ഫിഫ പ്രസിഡന്റിന് ഉറപ്പ് നല്‍കി.ലോകകപ്പ് റഷ്യയുടെ സാമ്പത്തിക മേഖലക്ക് ഉണര്‍വുണ്ടാക്കുമെന്ന് പുടിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സമീപകാലത്തെ സാമ്പത്തിക പുരോഗതി പരിശോധിക്കുമ്പോള്‍ ലോകകപ്പിന്റെ വരവ് വലിയ ഉണര്‍വൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് റഷ്യയുടെ ഉപപ്രധാനമന്ത്രി അര്‍കാഡി വൊര്‍കോവിച് അഭിപ്രായപ്പെട്ടിരുന്നു. ഇത് ചര്‍ച്ചക്കിടയാക്കിയ സാഹചര്യത്തിലാണ് പുടിന്‍ ആത്മവിശ്വാസം രേഖപ്പെടുത്തിയത്.

ഡിസംബറില്‍ ലോകകപ്പ് ഡ്രോ നടക്കുമ്പോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്നവരില്‍ ഫിഫ റാങ്കിംഗില്‍ ഏറ്റവും പിറകിലുള്ള ടീം റഷ്യയായിരുന്നു.
ഈ മാനക്കേട് കഴുകിക്കളയാന്‍ റഷ്യക്ക് ഗ്രൂപ്പ് റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം റഷ്യ മൂന്ന് തവണയാണ് ലോകകപ്പില്‍ പങ്കെടുത്തത്. 1994, 2002, 2014 വര്‍ഷങ്ങളില്‍. മൂന്ന് തവണയും നോക്കൗട്ട് റൗണ്ടിലെത്താന്‍ സാധിച്ചില്ല.

മിനി ലോകകപ്പ്

സൂറിച്ച്: 2018ലെ ലോകകപ്പ് ഫുട്‌ബോളിന് ദിവസങ്ങള്‍ മാത്രം മുന്നിലിരിക്കെ ഫുട്‌ബോളില്‍ പുത്തന്‍ മാറ്റവുമായി ഫിഫ. ഫിഫ പ്രസിഡന്റ് ജിയോനി ഇന്‍ഫാന്റിനോയുടെ പുതിയ നിര്‍ദ്ദേശങ്ങളിലൊന്നാണ് മിനി ഫുട്‌ബോള്‍ ലോകകപ്പ്. എല്ലാ രണ്ടുവര്‍ഷം കൂടുന്തോറും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നായി ലോകകപ്പിന്റെ കുഞ്ഞുപതിപ്പാണ് ഫിഫയുടെ മനസില്‍. എട്ടു ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് ഫൈനല്‍ 8 എന്ന പേരിലായിരിക്കും അറിയിപ്പെടുക. 2021 മുതല്‍ ടൂര്‍ണമെന്റ് ആരംഭിക്കും.

ടൂര്‍ണമെന്റിലൂടെ ഫിഫ വലിയതോതിലുള്ള ഫണ്ട് ശേഖരണമാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.
അതേസമയം, ഏതൊക്കെ മേഖലയില്‍ നിന്നും ടീമുകളെ ഉള്‍പ്പെടുത്തും എന്നതുള്‍പ്പെടെയുള്ള തീരുമാനം കൈക്കൊണ്ടിട്ടില്ല.

പുതിയ നിര്‍ദ്ദേശം ഫിഫ അംഗങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. അന്തിമ തീരുമാനത്തിന് കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമാണ്. നിലവില്‍ നാലു വര്‍ഷം കൂടുമ്പോഴാണ് ലോകകപ്പ് നടത്തുന്നത്.

32 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനുള്ള ചര്‍ച്ചയും ഫിഫ നടത്തിവരികയാണ്.
ഇതിനിടയിലാണ് മിനി ലോകകപ്പിനും തുടക്കമിടുന്നത്.

 

Latest