കാവേരി കൂടുതല്‍ സമയം വേണം; പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് തിരക്കിലാണെന്ന് കേന്ദ്രം

വിമര്‍ശനവുമായി സുപ്രീംകോടതി
Posted on: May 4, 2018 6:23 am | Last updated: May 3, 2018 at 11:45 pm

ന്യൂഡല്‍ഹി: കാവേരി വിഷയത്തില്‍ ഉത്തരവ് നടപ്പാക്കാതിരുന്നതിന് കേന്ദ്രസര്‍ക്കാറിനും കര്‍ണാടകത്തിനും സുപ്രീംകോടതിയുടെ വിമര്‍ശം. കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 16ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ സുപ്രീംകോടതി കടുത്ത നിലപാടുമായി രംഗത്തെത്തിയത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് പദ്ധതിയുമായി ബന്ധപ്പെട്ട കരട് ക്യാബിനറ്റിന് മുന്നിലാണ്, പ്രധാനമന്ത്രിയും മന്ത്രിമാരും കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതിനാല്‍ അംഗീകാരം നല്‍കിയിട്ടില്ല. കൂടാതെ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് തമിഴ്‌നാട്, കേരളം, കര്‍ണാടക, പോണ്ടിച്ചേരി സംസ്ഥാന ജലവിഭവ മന്ത്രിമാരെ ഉള്‍പ്പെടുത്തണമെന്ന് ചൂണ്ടിക്കാണിച്ച് കര്‍ണാടക മുഖ്യമന്ത്രി കത്ത് നല്‍കിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് പദ്ധതി നടപ്പാക്കാന്‍ പത്ത് ദിവസം അധികമായി അനുവദിക്കണമെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇതിനെ എതിര്‍ത്ത് തമിഴ്‌നാട് സര്‍ക്കാറിന് വേണ്ടി ഹജരായ അഭിഭാഷകന്‍ ശേഖര്‍ നപാഡെ രംഗത്തെത്തി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12നാണെന്നും അതുവരെ പദ്ധതി നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുക മാത്രമാണ് ചെയ്യുന്നത്. കേന്ദ്രം ഇത്തരം പക്ഷപാതപരമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ രാജ്യത്ത് നിയമ വാഴ്ചവും സഹകരണാത്മക ഫെഡറലിസവും തകരുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങളോട് തങ്ങളെന്തുപറയും. സുപ്രീംകോടതി കാവേരി നദീജലബോര്‍ഡ് രൂപവത്കരിക്കാന്‍ വിധി പുറപ്പെടുവിച്ചു. എന്നാല്‍ ഇപ്പോഴും വെള്ളം ലഭിക്കുന്നില്ല. ചൂട് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് . കുടിവെള്ളം കിട്ടാനില്ല. സുപ്രീംകോടതി തുറന്നു സംസാരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കേന്ദ്രത്തിന് ഉത്തരാവാദിത്വമുണ്ടെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. എന്നാല്‍ കര്‍ണാടക തമിഴ്‌നാടിന് വെള്ളം അനുവദിക്കുന്നുണ്ടെന്ന് കര്‍ണാടകത്തിന് വേണ്ടി ഹജരായ അഭിഭാഷകന്‍ ശ്യാം ദിവാന്‍ വ്യക്തമാക്കി. എന്നാല്‍ എത്രയാണ് വെള്ളം നല്‍കുന്നതെന്ന് ചൊവ്വാഴ്ച അറിയിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കാര്‍ണാടകത്തിന് കോടതി നിര്‍ദേശം നല്‍കി. കര്‍ണാടകം വെള്ളം അനുവദിക്കണമെന്നും അല്ലെങ്കില്‍ അനന്തരഫലം നേരിടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കാവേരി നദീജല പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് ചൊവ്വാഴ്ച വ്യക്തമാക്കണമെന്ന് അറ്റോര്‍ണി ജനറലിനോട് ബഞ്ച് ആവശ്യപ്പെടുകയും ചെയ്തു. കേസ് കുടുതല്‍ വാദം കേള്‍ക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. അതേസമയം, കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം കത്തുകയാണ്. വിവിധ തമിഴ് കര്‍ഷക സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലാണ്. കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി നിര്‍മല സീതാരാമന് നേരെ ഡിഎംകെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കരിങ്കൊടി കാണിച്ചിരുന്നു. രാമനാഥപുരത്തിനടുത്ത് വച്ചാണ് നിര്‍മല സീതാരാമന് നേരേ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രധാനമന്ത്രിക്കും നിര്‍മല സീതാരാമനുമെതിരേ മുദ്രാവാക്യം വിളിച്ചുകൊണ്ട് നൂറിലധികം പ്രവര്‍ത്തകരാണ് പ്രതിഷേധത്തിനെത്തിയത്. മുമ്പ് കാവേരി നദീതര്‍ക്കത്തില്‍ നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി ക്ക ് നേരേയും കരിങ്കൊടി പ്രതിഷേധം ഉയര്‍ന്നിരുന്നു. ചെന്നൈയില്‍ ഡിഫന്‍സ് എക്സ്പോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയ്ക്ക് നേരേയും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് ഹെലികോപ്ടറില്‍ സന്ദര്‍ശനം നടത്തിയ മോദിക്കു നേരേ മോദി ഗോ ബാക്ക് ബലൂണുകള്‍ ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.