പരമ്പരാഗത ജ്ഞാനവ്യവസ്ഥയില്‍ അധിഷ്ഠിതമായി മുസ്‌ലിംകള്‍ ജീവിക്കണം: ഖത്മുല്‍ ബുഖാരി കോണ്‍ഫറന്‍സ്

Posted on: May 4, 2018 6:04 am | Last updated: May 3, 2018 at 11:32 pm
മര്‍കസില്‍ നടന്ന ഖത്മുല്‍ ബുഖാരി സമ്മേളനത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്നു

കോഴിക്കോട്: ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനിച്ച് മതവിശ്വാസികള്‍ക്കിടയിലും സമൂഹത്തിലും പ്രശ്‌നമുണ്ടാക്കുന്നവരെ കരുതിയിരിക്കണമെന്നും പരമ്പരാഗത ജ്ഞാനവ്യവസ്ഥയില്‍ അധിഷ്ഠിതമായി മുസ്‌ലിംകള്‍ ജീവിക്കണമെന്നും മര്‍കസില്‍ നടന്ന ഖത്മുല്‍ ബുഖാരി കോണ്‍ഫറന്‍സ്. ഇസ്‌ലാമിക ലോകത്തെ പ്രശസ്ത ഗ്രന്ഥമായ ബുഖാരിക്ക് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിവരുന്ന അധ്യാപനത്തിന്റെ അമ്പ ത്തിയഞ്ചാം വാര്‍ഷികമായിരുന്നു മര്‍കസ് അക്കാദമിക വര്‍ഷം അവസാനിക്കുന്നതിനോടനുബന്ധിച്ച് നടത്തിയ ചടങ്ങ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന അയ്യായിരത്തിലധികം സഖാഫി പണ്ഡിതര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ബുഖാരിയിലെ ഹദീസ് വിദ്യാര്‍ഥികള്‍ക്ക് ചൊല്ലിക്കൊടു ത്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ശരിയായ വിദ്യ നേടി സമൂഹത്തെ നേരായ വഴിയിലേക്ക് നയിക്കുന്ന ഉത്തരവാദിത്വമാണ് പണ്ഡിതന്മാര്‍ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഹദീസുകളെ നിരാകരിച്ചതും തെറ്റായി നിര്‍വചിച്ചതുമാണ് അക്രമാസക്തമായ ചിന്തകള്‍ക്ക് നിമിത്തമായ സലഫിസത്തിന് പറ്റിയ ഏറ്റവും വലിയ പ്രശ്‌നം. ഇപ്പോള്‍ ബുഖാരിയിലെ ഹദീസ് പോലും നിഷേധിക്കുന്ന അവര്‍ വിശ്വാസികളുടെ ഈമാനിനെ അപകടപ്പെടുത്തും. അതുകൊണ്ടുതന്നെയാണ് സമസ്ത ആരംഭം മുതല്‍ തീവ്രമായി സലഫി സ്വഭാവമുള്ള എല്ലാ പ്രസ്ഥാനങ്ങളെയും പ്രതിരോധിച്ചത്. ഗുരുനാഥന്മാരില്‍ നിന്ന് ലഭിച്ച അറിവിനനുസരിച്ച് ജീവിതത്തിലെ കര്‍മങ്ങള്‍ സംശുദ്ധമാക്കുകയും ഓരോ പ്രദേശത്തും യഥാര്‍ഥ ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ജീവിച്ച് സമാധാനത്തിന്റെ സന്ദേശവാഹകരായി പണ്ഡിതര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.

ഇമാം ബുഖാരിയുടെ ഹദീസ് സമാഹാരമായ സ്വഹീഹുല്‍ ബുഖാരിക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എഴുതിയ വിശദീകരണ ഗ്രന്ഥത്തിന്റെ ആറാം വാല്യം വേദിയില്‍ പ്രകാശനം ചെയ്തു. യു എ ഇയിലെ പ്രശസ്ത പണ്ഡിതന്‍ ശൈഖ് ഹസന്‍ അഹ്മദ് ഇബ്‌റാഹിം അല്‍ മര്‍സൂഖി ചടങ്ങില്‍ മുഖ്യാതിഥിയായി. കേരളത്തില്‍ നിലനില്‍ക്കുന്ന കലര്‍പ്പില്ലാത്ത ഇസ്‌ലാമിക ജ്ഞാന സംസ്‌കൃതി അതിശയിപ്പിക്കുന്നതാണെന്നും മര്‍കസിലെ ഖത്മുല്‍ ബുഖാരിയില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. സുല്‍ത്താന്‍ ലണ്ടന്‍, തമിഴ്‌നാട്ടിലെ മിസ്ബാഉല്‍ഹുദാ അറബിക് കോളജ് പ്രിന്‍സിപ്പല്‍ ഇസ്മാഈല്‍ ഹസ്‌റത്ത്, മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം പ്രസംഗിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കല്‍ത്തറ, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, പ്രവാസി പ്രതിനിധികളായ അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, പി വി അബൂബക്കര്‍ മൗലവി, ഉസ്മാന്‍ സഖാഫി തിരുവത്ര, കബീര്‍ മാസ്റ്റര്‍ പങ്കെടുത്തു.