Connect with us

Kerala

സ്ത്രീകള്‍ക്കെതിരായ അതിക്രമം; എറണാകുളം മുന്നില്‍

Published

|

Last Updated

തിരുവനന്തപുരം: ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രയ കേന്ദ്രമായ കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 4721 കേസുകള്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലാണ്. കേസുകള്‍ക്ക് ആവശ്യമായ നിയ2244 സ്ത്രീകള്‍ക്ക് ഷോര്‍ട്ട് ഷെല്‍ട്ടര്‍ ഹോം സേവനവും നല്‍കി. കഴിഞ്ഞ വര്‍ഷം വിവിധ അതിക്രമങ്ങള്‍ക്കിരയായി സ്‌നേഹിതയിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 3271 പേര്‍ക്ക് കൗണ്‍സിലിംഗ് സേവനം ലഭ്യമാക്കി. ഇതില്‍ 2248 പേര്‍ ഗാര്‍ഹിക പീഡനം നേരിട്ടവരും 30 പേര്‍ മനുഷ്യക്കടത്തിന് വിധേയമായവരുമാണ്. ഇത് കൂടാതെ ഫോണ്‍ വഴി 6659 കേസുകളും സ്‌നേഹിതയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതി, പോലീസ്, സാമൂഹിക നീതി എന്നീ വകുപ്പുകളുമായി സംയോജിച്ചാണ് സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

അതിക്രമങ്ങള്‍ക്കിരയായി സ്‌നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇവിടത്തെ കൗണ്‍സിലര്‍മാര്‍ വഴി ആവശ്യമായ കൗണ്‍സിലിംഗ് നല്‍കും. കൂടാതെ പഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പുകള്‍, ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ എന്നിവ വഴി അതിക്രമങ്ങള്‍ക്കിരയാകുന്നതായി കണ്ടെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്‌നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ സുരക്ഷിത താമസവും സൗജന്യ നിയമ സഹായവും മാനസിക പിന്തുണയും ലഭ്യമാക്കും. കൂടാതെ രാത്രിയില്‍ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍, പരീക്ഷാ ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് ആവശ്യമെങ്കില്‍ സ്‌നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാനുള്ള സൗകര്യം ലഭ്യമാക്കും.

കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2013 ആഗസ്റ്റിലാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ആറ് ജില്ലകളില്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ജില്ലകളിലും സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് സ്‌നേഹിത ഹെല്‍പ് ഡെസ്‌ക്കിന്റേത്. സ്‌നേഹിതയില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നതിനായി മുഴുവന്‍ സമയ അഭിഭാഷകയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരവധി സഹായങ്ങളാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ഒരുക്കി നല്‍കുന്നത്. തങ്ങളെ സമീപിക്കുന്ന സ്ത്രീകള്‍ക്ക് മാനസികമായ പിന്തുണ നല്‍കുന്നതോടൊപ്പം തന്നെ അവര്‍ക്ക് വേണ്ട നിയമ സഹായം, കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങളും സ്‌നേഹിതയിലുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താത്ക്കാലിക അഭയവും സ്‌നേഹിത ഒരുക്കി നല്‍കുന്നു എന്നതാണ്. ഇതിന് പുറമേ നിരവധി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഫാമിലി കൗണ്‍സിലിംഗ്, ടെലിഫോണ്‍ വഴിയുള്ള കൗണ്‍സിലിംഗ് എന്നീ സേവനങ്ങളും സ്‌നേഹിത വഴി നല്‍കുന്നു.

തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായിരുന്നു തുടക്കത്തില്‍ സ്‌നേഹിത പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, കൊല്ലം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും സ്‌നേഹിത പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വയനാട്, കോഴിക്കോട് ജില്ലകളില്‍ ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും ടോള്‍ ഫ്രീ നമ്പര്‍ സൗകര്യവുമുണ്ട്.

---- facebook comment plugin here -----

Latest