Connect with us

Editorial

വിജയ ശതമാനവും പഠന നിലവാരവും

Published

|

Last Updated

കഴിഞ്ഞ വര്‍ഷത്തെ 95.98ല്‍ നിന്ന് 97.84 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ് ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ വിജയം. പരീക്ഷ എഴുതിയ 4,41,103 പേരില്‍ 4,31,162 പേരും ഉന്നത പഠനത്തിന് അര്‍ഹരായി. നൂറ് മേനി സ്‌കൂളുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷം 1174 സ്‌കൂളുകളാണ് നൂറുമേനി നേടിയതെങ്കില്‍ ഇത്തവണ അവയുടെ എണ്ണം 1565 ആണ്. മുഴുവന്‍ എ പ്ലസ് നേടിയവരുടെ എണ്ണവും മുന്‍വര്‍ഷത്തെ 20,967ല്‍ നിന്ന് 34,313 ആയി ഉയര്‍ന്നു.

വിജയ ശതമാനം ഉയരുന്നുവെന്നത് കേള്‍ക്കാന്‍ സുഖമുള്ള വാര്‍ത്തയാണ്. ഇതിനനുസൃതമായി വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ച്ചയുണ്ടോ എന്നതും ആലോചിക്കേണ്ടതുണ്ട്. 1990കള്‍ വരെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മികച്ച പ്രദേശമായിരുന്നു കേരളം. പ്രൈമറി വിദ്യാഭ്യാസത്തില്‍ ലോകത്തിലെ അതിവികസിതരാജ്യങ്ങള്‍ക്കൊപ്പമായിരുന്നു സംസ്ഥാനം. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. 2014ല്‍ സര്‍വശിക്ഷാ അഭിയാന്റെ സഹകരണത്തോടെ എന്‍ സി ഇ ആര്‍ ടി നടത്തിയ നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വേയുടെയും 2016 ല്‍ അസര്‍ (ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ട്) നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേയുടെയും ഫലം ഈ നിലവാരത്തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്. അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് രണ്ടാം ക്ലാസ് പാഠപുസ്തകം പോലും വായിക്കാന്‍ കഴിയുന്നില്ലെന്നാണ് അസറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്‌സില്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകയി ലെയും വിദ്യാര്‍ഥികള്‍ ദേശീയ ശരാശരിയെയും കവച്ചു മുന്നേറുമ്പോള്‍ കേരളം ദേശീയ ശരാശരിയേക്കാളും ഏറെ പിന്നിലാണ്. പ്രധാനപ്പെട്ട അഖിലേന്ത്യാ പരീക്ഷകളിലും കേരളത്തിന്റെ അവസ്ഥ ദയനീയമാണ്.

എന്നിട്ടും എസ് എസ് എല്‍ സി വിജയശതമാനം ഉയരുന്നതിന് പിന്നില്‍ മോഡറേഷനും മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരുടെ ഉദാരതയുമാണോ? ഒരു വിഷയത്തിന് അഞ്ച് മാര്‍ക്കേ വിദ്യാര്‍ഥിക്ക് ആകെ ലഭിച്ചെന്നിരിക്കിലും എങ്ങനെയെങ്കിലും ജയിപ്പിക്കണമെന്നായിരുന്നു എസ് എസ് എല്‍ സി മൂല്യക്യാമ്പിലെ അധ്യാപകര്‍ക്കു വിദ്യാഭ്യാസ വകുപ്പിന്റെ രഹസ്യനിര്‍ദേശം. അഞ്ച് മാര്‍ക്കുണ്ടെങ്കില്‍ എങ്ങനെയെങ്കിലും 10 മാര്‍ക്കാക്കി നല്‍കാനായിരുന്നു മൂല്യനിര്‍ണയത്തിന്റെ മേല്‍നോട്ടമുള്ള എക്‌സാം ഡെപ്യൂട്ടി ചീഫുമാര്‍ക്ക് ലഭിച്ചിരുന്ന നിര്‍ദേശം.100 മാര്‍ക്കിന്റെ പരീക്ഷയില്‍ 80 മാര്‍ക്കാണ് എഴുത്തുപരീക്ഷക്ക്. 20 മാര്‍ക്ക് നിരന്തര മൂല്യനിര്‍ണയം വഴിയാണ്. ജയിക്കാന്‍ കുറഞ്ഞത് 30 മാര്‍ക്ക് വേണം. സെമിനാര്‍, പ്രോജക്ട് എന്നിവ വിലയിരുത്തിയാണ് അധ്യാപകര്‍ നിരന്തര മൂല്യനിര്‍ണയം നടത്തേണ്ടത്. എന്നാല്‍ നൂറുമേനി വിജയത്തിനായി സ്‌കൂളുകള്‍ 20 മാര്‍ക്കും നല്‍കുകയാണ് പതിവ്. ഇതുമൂലം എഴുത്ത് പരീക്ഷക്ക് 10 മാര്‍ക്ക് കിട്ടിയാല്‍ ജയിക്കാം. അധികാരത്തിലിരിക്കുന്ന സര്‍ക്കാറിന് മേനി നടിക്കാമെന്നതിലുപരി മാര്‍ക്ക് ദാനത്തിലെ ഉദാരത കൊണ്ട് വിദ്യാര്‍ഥികള്‍ക്കോ സംസ്ഥാനത്തിനോ എന്ത് നേട്ടമാണുള്ളത്? സ്‌കൂളുകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണത്തില്‍ മാത്രമാണ് സംസ്ഥാനം ഇപ്പോള്‍ മികവ് പുലര്‍ത്തുന്നത്. പഠനനിലവാരത്തില്‍ നേരത്തെ കേരളത്തിന്റെ പിന്നിലായിരുന്ന മറ്റു സംസ്ഥാനങ്ങള്‍ നമ്മേക്കാള്‍ മുന്നേറിക്കൊണ്ടിരിക്കയാണ്.

ചില സ്‌കൂളുകള്‍ നൂറുമേനി കാഴ്ച വെക്കുന്നതും അക്കാദമിക് നിലവാരത്തിന്റെ മികവ് കൊണ്ടല്ല . മികച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കിയും പഠനത്തില്‍ പിന്നാക്കമായ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്താതെ മാറ്റിനിര്‍ത്തിയും മറ്റും നൂറുമേനി ഒപ്പിച്ചെടുക്കുന്ന സ്‌കൂളുകളുണ്ട് സംസ്ഥാനത്ത്.

സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം ഹൈടെക് ആക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സമൂഹത്തിലെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസസൗകര്യങ്ങള്‍ ചെലവ് കുറച്ച് ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നതെന്ന് ഫേസ് ബുക്കിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. പദ്ധതിക്കായി 500 കോടി നീക്കിവെച്ചിട്ടുമുണ്ട്. വലിയ കെട്ടിടങ്ങളും സ്മാര്‍ട്ട് ക്ലാസ് മുറികളും ഒരുക്കുക, ടൈലുകള്‍ പാകി ആകര്‍ഷകമാക്കുക, വൃത്തിയുള്ള ശൗചാലയങ്ങള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടന്നു വരുന്നത്. വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളുടെ പരിപോഷണം ആവശ്യം തന്നെ. എന്നാല്‍, വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം ഇതിനേക്കാള്‍ മുഖ്യം അക്കാദമിക നിലവാരത്തിന്റെ പരിപോഷണമാണ്. സിലബസ്,പരീക്ഷ,അധ്യാപന രീതി തുടങ്ങിയവയില്‍ കാലോചിതവും കൂടുതല്‍ പ്രയോജനകരവുമായ പരിഷ്‌കരണങ്ങള്‍ വരുത്തി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്.

---- facebook comment plugin here -----

Latest