ആര്‍ സി സിയെ തകര്‍ക്കകരുതെന്ന് ഡയറക്ടറും ആരോഗ്യമന്ത്രിയും

Posted on: May 3, 2018 8:33 pm | Last updated: May 3, 2018 at 8:33 pm

തിരുവനന്തപുരം: രാജ്യത്തെ മികച്ച അര്‍ബുദ ചികിത്സാ കേന്ദ്രങ്ങലിലൊന്നായ തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന്് ആരോഗ്യമന്ത്രി കെ കെ ശൈലജയും ആര്‍ സി സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യനും ആവശ്യപ്പെട്ടു. സ്വകാര്യലോബിയെ സഹായിക്കാനായാണ് ചിലര്‍ ആര്‍ സി സിയെക്കതിരായ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്. കേരളത്തില്‍ അര്‍ബുദ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സ്ഥാപനത്തിനെതിരെ പ്രചാരണം നടത്തുന്നത ഖേദകരമാണ്. ആര്‍ സി സിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നിരിക്കെ ചെറിയ വിഷയങ്ങളെ പര്‍വതീകരിച്ച് ആര്‍ സി സിക്കെതിരെ മനഃപൂര്‍വമായ നീക്കമാണ് ചിലര്‍ നടത്തുന്നത്. അതേസമയം പാരമ്പര്യ വൈദ്യന്‍മാര്‍ ചികിത്സ നല്‍കുന്നത് തടയാനാവില്ലെന്നും എന്നാല്‍, അവരിലെ വ്യാജന്‍മാരെ കണ്ടെത്താന്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ആര്‍ സി സി യിലെ പിഴവുകള്‍ പരിഹരിക്കാന്‍ എന്ന വ്യാജേന ആര്‍ സി സി യെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള ചില മാധ്യമങ്ങളുടെ ശ്രമം ഖേദകരമാണെന്ന് ആര്‍ സി സി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍ വ്യക്തമാക്കി. ആര്‍ സി സി യില്‍ ചികിത്സയിലിരിക്കെ എച്ച് ഐ വി ബാധിച്ചുവെന്നു സംശയിക്കുന്ന രണ്ടു കുട്ടികള്‍ അര്‍ബുദ മൂര്‍ധന്യാവസ്ഥയില്‍ മരണപ്പെട്ടതിന്റെ മറവിലാണ് ഈ ക്യാമ്പയിന്‍ നടത്തുന്നത്.

ലോകാരോഗ്യ സംഘടനയു(ഡബ്ല്യൂ എച്ച് ഒ)ടെയും ദേശീയ ക്യാന്‍സര്‍ അക്രഡിറ്റഡ് സംഘടനയുടെ(നാകോ)യും നിര്‍ദേശ പ്രകാരമുള്ള സ്‌ക്രീനിംഗ് പരിശോധന ആയിരുന്നു ആര്‍ സി സി യില്‍ എച്ച് ഐ വി സ്ഥിരീകരിക്കുന്നതിന് വേണ്ടി നടത്തിയിരുന്നതെന്നും ആ പരിശോധനയില്‍ വിന്‍ഡോ പീരിയഡില്‍ ഉള്ള അണുബാധ കണ്ടു പിടിക്കാന്‍ കഴിയണമെ ന്നില്ലന്നുമുള്ള ശാസ്ത്ര സത്യം പല തവണ ആര്‍ സി സി യും ഇതേക്കുറിച്ചു അന്വേഷിച്ച ഏജന്‍സികളുമൊക്കെ വ്യക്തമാക്കിയതാണ്. കുറേക്കൂടി കൃത്യത ഉള്ള ചഅഠ പരിശോധനാ സൗകര്യം ആര്‍ സി സി പോലുള്ള ആശുപത്രികളില്‍ ഏര്‍പ്പെടുത്തണമെന്ന ശിപാര്‍ശ പരിഗണിച്ച് അത് ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ചഅഠ പരിശോധന ലഭ്യമാക്കിയാല്‍ പോലും വിന്‍ഡോ പീരിയഡ് ഇപ്പോഴുള്ള മൂന്നു മാസത്തില്‍ നിന്നു 15 ദിവസമായി കുറയുന്നതല്ലാതെ നൂറു ശതമാനം സുരക്ഷിതമാക്കാന്‍ കഴിയികയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആര്‍ സി സി യുടെ പിഴവല്ല, ശാസ്ത്രത്തിന്റെ പരിമിതിയാണ്. ഇത് ഒരു പരിധിവരെ പരിഹരിക്കാന്‍ രക്തദാതാക്കളെ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള ബോധന പരിപാടികള്‍ ശക്തിപ്പെടുത്തുകയേ മാര്‍ഗമുള്ളൂ.

വസ്തുതകള്‍ ഇതായിരിക്കെ, അവയെ വളച്ചൊടിച്ച് ആര്‍ സി സിയില്‍ വന്‍വീഴ്ചകള്‍ ഉണ്ടെന്ന് വരുത്തത്തീര്‍ക്കാന്‍ നിരന്തരം ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും, ലക്ഷക്കണക്കിന് രോഗികളുടെ അഭയവും, ആശ്വാസവുമായ ഈ സര്‍ക്കാര്‍ ആശുപത്രിയെക്കുറിച്ച് അസത്യങ്ങളും, അല്‍പസത്യങ്ങളും ചേര്‍ത്ത് അപവാദ പ്രചരണം നടത്തുമ്പോള്‍, രോഗികളുടെ ആത്മവിശ്വാസവും, സുരക്ഷിത ബോധവും തകരുമെന്നും ആര്‍ സി സി ഡയറക്ടര്‍ അറിയിച്ചു. പ്രതിദിനം 2000ത്തിലധികം രോഗികള്‍ക്ക് പരിമിതമായ സ്ഥലത്ത് സേവനം നല്‍കുമ്പോഴുണ്ടാകുന്ന നിസാരമായ പാളിച്ചകളെ ഉയര്‍ത്തിക്കാട്ടി സ്ഥാപനങ്ങളുടെ വന്‍വീഴ്ചയായി ചിത്രീകരിച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് അധാര്‍മികവും അനീതിയുമാണ്.