ബി ജെ പി മുക്ത ഭാരതം തന്റെ ലക്ഷ്യമല്ല: രാഹുല്‍ഗാന്ധി

Posted on: May 3, 2018 9:18 pm | Last updated: May 3, 2018 at 11:19 pm
SHARE

ബെംഗളുരു: ബി ജെ പി പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയത്തിന് ബദലായി ബി ജെ പി മുക്തഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്താന്‍ തനിക്ക് താത്പര്യമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി ജെ പി മുക്ത ഭാരതമല്ല താന്‍ ആവശ്യപ്പെടുന്നതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ബി ജെ പിയെ ഇല്ലാതാക്കുകയല്ല, അവര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തി പാര്‍ട്ടിയെ പരാജയപ്പെടുത്തുക എന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന പല നേതാക്കള്‍ക്കും ഇപ്പോള്‍ വീണ്ടുവിചാരം ഉണ്ടായിട്ടുണ്ട്. ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ജ്വലിക്കുന്നുണ്ടെന്നും അത് കര്‍ണാടകയിലും ദൃശ്യമാകുമെന്നും രാഹുല്‍ പറഞ്ഞു. ഛണ്ഡിഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം ഇതിന്റെ തുടര്‍ച്ചയുണ്ടാകും.

ഗുജറാത്തില്‍ പ്രതിഫലിച്ച ബി ജെ പി വിരുദ്ധ വികാരം കര്‍ണാടകയിലും ആവര്‍ത്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി എന്നേയും കോണ്‍ഗ്രസിലെ മറ്റു നേതാക്കളേയും വളരെ മോശമാക്കി സംസാരിക്കുന്നത് നിങ്ങള്‍ കേട്ടുകാണും. പ്രധാനമന്ത്രി എന്ന പദവിയെ ഞാനെന്നും ബഹുമാനിക്കുന്നുണ്ട്. അതേ ഭാഷയില്‍ ഞാനൊരിക്കലും അദ്ദേഹത്തോട് സംസാരിക്കില്ല. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് പോയവര്‍ പുനര്‍ വിചിന്തനം നടത്തി തിരികെ എത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here