Connect with us

Gulf

റമസാന്‍ വ്രത കാലയളവില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കും

Published

|

Last Updated

lദുബൈ: റമസാനില്‍ ദുബൈ വിദ്യാലയങ്ങളിലെ പ്രവര്‍ത്തി സമയം ക്രമീകരിക്കാന്‍ ഒരുങ്ങി കെ എച് ഡി എ (നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി). പ്രവര്‍ത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടരുതെന്നാണ് വിവിധ സ്‌കൂളുകള്‍ക്കയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുള്ളത്. വിശുദ്ധിയുടെ നാളുകളുള്‍ക്കൊള്ളുന്ന റമസാ ന്‍ വ്രത കാലയളവ് വളരെ പ്രധാനപെട്ടതാണ്. വ്രതമനുഷ്ഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദിന ചര്യകളോടൊപ്പം വിദ്യാഭ്യാസ പ്രക്രിയകള്‍ പിന്‍പറ്റുന്നതിന് പ്രയാസകരമാണെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു നടപടി. വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഉണ്ടാക്കാന്‍ സ്‌കൂളുകള്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമെന്നാണ് കരുതുന്നതെന്നും കെ എച് ഡി എ ചീഫ് ഓഫ് റെഗുലേഷന്‍സ് ആന്‍ഡ് പെര്‍മിറ്റ് കമ്മീഷന്‍ മുഹമ്മദ് ദര്‍വീശ് പറഞ്ഞു.

സ്‌കൂളുകള്‍ റമസാന്‍ കാലയളവില്‍ രാവിലെ എട്ടിനും 8.30നും ഇടയില്‍ ആരംഭിച്ചു ഉച്ചക്ക് ഒരു മണി മുതല്‍ 1.30 വരെയുള്ള സമയത്തിനുള്ളില്‍ പ്രവര്‍ത്തനം ക്രമീകരിക്കണം. കായിക പഠന കഌസുകളില്‍ നിന്ന് വ്രതമനുഷ്ഠിക്കുന്ന വിദ്യാര്‍ഥികളെ ഒഴിവാക്കണം. കായിക പ്രാധാന്യമുള്ള മറ്റ് പരിപാടികളില്‍ നിന്നും ഇത്തരത്തിലുള്ള വിദ്യാര്‍ഥികളെ ഒഴിവാക്കണം. നിര്‍ജലീകരണവും തളര്‍ച്ചയും ഉണ്ടാകുന്ന അവസ്ഥയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണമെന്നും കെ എച് ഡി എ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നുണ്ട്. വ്രതമനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് പ്രാമുഖ്യം നല്‍കണം. അന്ന പാനീയങ്ങള്‍ പൊതു ഇടങ്ങളില്‍ ഒഴിവാക്കി സ്‌കൂളുകളില്‍ പ്രത്യേകമായി തരം തിരിച്ചിട്ടുള്ള ഭാഗങ്ങളില്‍ മാത്രം ഭക്ഷണം കഴിക്കുവാന്‍ ഉപയോഗിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. റമസാന്‍ വൃതമാസ കാലത്തെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനു രക്ഷിതാക്കള്‍, കുട്ടികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക പരിപാടികളും ക്ലാസുകളും സംഘടിപ്പിക്കണമെന്ന് കെ എച് ഡി എ നിര്‍ദേശിച്ചു.