എസ്എസ്എല്‍സി വിജയികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Posted on: May 3, 2018 1:00 pm | Last updated: May 3, 2018 at 1:56 pm
പിണറായി വിജയന്‍ (ഫയല്‍ ചിത്രം)

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. നൂറ് ശതമാനം വിജയം നേടിയ 1565 സ്‌കൂളുകളില്‍ 517 എണ്ണവും സര്‍ക്കാര്‍ സ്‌കൂളുകള്‍ ആണെന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കിയ മാറ്റങ്ങള്‍ വിദ്യാഭ്യാസ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ് ഫലം. ജീവിതത്തില്‍ നേരിടുന്ന ആദ്യ കടമ്പ മാത്രമാണ് ഈ പരീക്ഷ. ഭാവിയില്‍ നേരിടാന്‍ പോകുന്ന വലിയ കടമ്പകളെ മറികടക്കാനുള്ള ഉള്‍ക്കരുത്ത് ആര്‍ജിക്കാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്…..

എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ എല്ലാകൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍. ഇക്കുറി 97.84 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. നൂറ് ശതമാനം വിജയം നേടിയ 1565 സ്‌കൂളുകളില്‍ 517 എണ്ണവും സര്‍ക്കാര്‍ സ്‌കൂളുകള്‍ ആണെന്നത് അഭിമാനകരമാണ്. പൊതു വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ നടപ്പാക്കിയ മാറ്റങ്ങള്‍ വിദ്യാഭ്യാസ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ് ഫലം.

പുഞ്ചിരിയോടെ എല്ലാവരും എസ് എസ് എല്‍ സി ഫലം സ്വീകരിക്കുമെന്ന് കരുതുന്നു. ജീവിതത്തില്‍ നേരിടുന്ന ആദ്യ കടമ്പ മാത്രമാണ് ഈ പരീക്ഷ. ഭാവിയില്‍ നേരിടാന്‍ പോകുന്ന വലിയ കടമ്പകളെ മറികടക്കാനുള്ള ഉള്‍ക്കരുത്ത് ആര്‍ജിക്കാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയട്ടെ. സ്‌കൂളുകളില്‍ നിന്നും സ്വായത്തമാക്കിയ നന്‍മയുടെ പാഠങ്ങള്‍ , സാഹോദര്യത്തിന്റെ, മാനവികതയുടെ, മനുഷ്യത്വത്തിന്റെ, പച്ചപ്പിന്റെ പാഠങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നിടത്താണ് വിജയം. മികച്ച ഒരു ഭാവി എല്ലാവര്‍ക്കും ആശംസിക്കുന്നു.