വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി; കുടുംബത്തിന് 10 ലക്ഷം

  • യോഗ്യതക്കനുസരിച്ച് ക്ലാസ്-മൂന്ന്ത സ്തികയിലായിരിക്കും ജോലി നല്‍കുക
  • മരണത്തിന് ഉത്തരവാദികളായവരില്‍ നിന്ന് പണം ഈടാക്കും
Posted on: May 3, 2018 6:04 am | Last updated: May 3, 2018 at 12:06 am

തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ശ്രീജിത്തിന്റെ ഭാര്യക്ക് അവരുടെ യോഗ്യതക്കനുസരിച്ച് ക്ലാസ്-മൂന്ന് തസ്തികയിലായിരിക്കും ജോലി നല്‍കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 10 ലക്ഷം ധനസഹായം നല്‍കുക. പിന്നീട് ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവരില്‍ തുക നിന്ന് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഒമ്പതിനാണ് വരാപ്പുഴ ദേവസ്വംപാടം ഷേണോയിപറമ്പില്‍ ശ്രീജിത്ത് (27) പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.
ശ്രീജിത്തിന്റെ കുടുംബത്തിന് സഹായം നല്‍കണമെന്ന് സി പി എം ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.

ഇതിനു പുറമെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റിലെ ജീവനക്കാര്‍ക്ക് 2014 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം അനുവദിക്കും. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ജീവനക്കാര്‍ക്ക് 2014 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം അനുവദിക്കും.

ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ദി ഹെറിറ്റേജ് ഓഫ് കോസ്റ്റല്‍ കേരള പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ പ്രൊഫ. കേശവന്‍ വെളുത്താട്ടിനെ പുനര്‍നിയമന വ്യവസ്ഥയില്‍ മുസിരിസ് പ്രോജക്ട് ലിമിറ്റഡില്‍ കണ്‍സള്‍ട്ടന്റായി നിയമിക്കും. തുടങ്ങിയ കാര്യങ്ങളിലും മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്.