Connect with us

Sports

ജപ്പാന്‍ പദ്ധതി പാളുമോ ?

Published

|

Last Updated

വാഹിദ് ഹാലിഹോസിച്ച്

ലോകകപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം മുന്നിലിരിക്കെ കോച്ചിനെ പുറത്താക്കിയാല്‍ എന്താകും സ്ഥിതി ! ജപ്പാന്റെ പുറത്താക്കപ്പെട്ട കോച്ച് വാഹിദ് ഹാലിഹോസിചിന്റെതാണ് ഈ സന്ദേഹം. കഴിഞ്ഞ മാസം ആദ്യ ആഴ്ചയിലാണ് ജപ്പാന്‍ പരിശീലക സ്ഥാനത്ത് ഇളക്കിപ്രതീഷ്ഠ നടത്തിയത്. വാഹിദ് ഹാലിഹോസിചിന് പകരം അകിര നിഷിനോയെ പരിശീലകനായി നിയമിച്ചു.

മൂന്ന് വര്‍ഷം ജപ്പാനെ പരിശീലിപ്പിച്ചത് വാഹിദ് ആയിരുന്നു. ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ഇത്തരമൊരു നടപടി ജാപനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ (ജെ എഫ് എ) സ്വീകരിച്ചതില്‍ വാഹിദ് നിരാശനും അസ്വസ്ഥനുമാണ്. ജപ്പാന്‍ ദേശീയ പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അറുപത്തഞ്ചുകാരന്‍ നിരാശ പ്രകടിപ്പിച്ചത്.

എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞു, ഇപ്പോഴിതാ തനിക്ക് പകരം പുതിയ ഒരാള്‍ വരുന്നു. ജപ്പാന്‍ ടീമിനെ ഇത് ബാധിക്കുമെന്ന് ഹാലിഹോസിച് തറപ്പിച്ച് പറയുന്നു.

കളിക്കാരുമായും ടീം സ്റ്റാഫുകളുമായും ആശയവിനിമയം നടത്തുന്നതില്‍ ഹാലിഹോസിച് തികഞ്ഞ പരാജയമാണെന്നാണ് വിലയിരുത്തല്‍. ആസ്‌ത്രേലിയ, സഊദി അറേബ്യ ഉള്‍പ്പെടുന്ന ഏഷ്യന്‍ ക്വാളിഫയിംഗ് ഗ്രൂപ്പില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ജപ്പാന്‍ ലോകകപ്പ് യോഗ്യത നേടിയത്. ഇതില്‍ ഹാലിഹോസിചിന്റെ പങ്ക് നിസ്തുലമായിരുന്നു.

എന്നാല്‍, അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളുടെ റിസള്‍ട്ട് മോശമായതാണ് ഹാലിഹോസിചിന് വിനയായതെന്ന് സൂചനയുണ്ട്. ലോകകപ്പ് യോഗ്യത നേടിയതിന് ശേഷം ജപ്പാന്‍ ഒരു മത്സരം മാത്രമാണ് ജയിച്ചത്. ലോകകപ്പിനുള്ള പരീക്ഷണ നിരയുമായി കളിച്ചതാണ് തിരിച്ചടിയായത്. ഇതിനിടെ ടീമിലെ പ്രധാന കളിക്കാരുമായുള്ള ബന്ധം വഷളാവുകയും ചെയ്തു.

എന്നാല്‍, കളിക്കാരുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ബോസ്‌നിയന്‍ കോച്ച് തിരുത്തും. ഒരു കളിക്കാരനെയും പൊതുമധ്യത്തില്‍ വെച്ച് വിമര്‍ശിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. ടീം തോറ്റാല്‍ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതാണ് തന്റെ രീതിയെന്ന് ഹാലിഹോസിച്.

എന്നാല്‍, മുറിക്കുള്ളില്‍ നടക്കുന്ന ടീം യോഗത്തില്‍ കളിക്കാരുമായി മുഖാമുഖം വരും. പറയാനുള്ളത് മുഖത്ത് നോക്കി പറയുമെന്നും ഹാലിഹോസിച്.

കൊളംബിയ,സെനഗല്‍, പോളണ്ട് ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ജപ്പാന്‍. ടീമിന് മുന്നേറാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു കൊണ്ടാണ് ഹാലിഹോസിച് ജപ്പാന്‍ നാഷനല്‍ പ്രസ് ക്ലബ്ബിന്റെ പടിയിറങ്ങിയത്.

Latest