വിഘടിതര്‍ക്ക് ആയുധം നല്‍കി സഹായം: ഇറാനുമായുള്ള നയതന്ത്ര ബന്ധം മൊറോക്കോ വിച്ഛേദിച്ചു

Posted on: May 3, 2018 6:12 am | Last updated: May 2, 2018 at 11:03 pm

റാബാത്: പടിഞ്ഞാറന്‍ സഹാറയിലെ വിഘടിത സംഘം പോളിസാരിയോയെ പിന്തുണക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് മൊറോക്കോ ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. പടിഞ്ഞാറന്‍ സഹാറയില്‍ മൊറോക്കോയുടെ ഇടപെടല്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന വിഭാഗമാണ് പോളിസാരിയോകള്‍. ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നതായി മൊറോക്കോ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തെഹ്‌റാനിലെ മൊറോക്കോ എംബസി അടച്ചുപൂട്ടിയതായും ഇറാന്‍ നയതന്ത്ര പ്രതിനിധിയെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതായും മൊറോക്കോ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനും ലബനാലിലെ ഹിസ്ബുല്ലയും പോളിസാരിയോ സംഘങ്ങള്‍ക്ക് ആയുധം കൈമാറുന്നുണ്ട്.

ഈ വിഷയത്തില്‍ ഇറാന്‍ സര്‍ക്കാറിനെതിരെയുള്ള തെളിവുകള്‍ മൊറോക്കോയുടെ കൈവശമുണ്ട്. ഈ തെളിവുകള്‍ ഇറാന്‍ നയതന്ത്ര പ്രതിനിധിക്ക് കഴിഞ്ഞ ദിവസം കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മൊറോക്കോയുടെ ആരോപണത്തെ കുറിച്ച് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ ഇറാന്‍ പോളിസാരിയോയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.