ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം: കൊളീജിയം യോഗത്തില്‍ തീരുമാനമായില്ല

Posted on: May 2, 2018 7:07 pm | Last updated: May 3, 2018 at 9:47 am

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാര്‍ശ തള്ളിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൊളീജിയം യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് കൊളീജീയം നീട്ടിവെച്ചു. ഈ വിഷയത്തില്‍ എന്ന് കൊളീജിയം യോഗം ചേരുമെന്നതിന് കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല. അടുത്ത ആഴ്ച വീണ്ടും യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വൈകീട്ട് 4.15ന് ചേര്‍ന്ന കൊളീജിയം 4.50 വരെ നീണ്ടുനിന്നു.

ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതിന് കൊളീജിയം നല്‍കിയ ശിപാര്‍ശ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 26, 30 തീയതികളില്‍ കേന്ദ്ര നിയമ മന്ത്രാലയം നല്‍കിയ കത്തുകള്‍ കൊളീജിയം ചര്‍ച്ച ചെയ്തു. ഇതിന് പുറമെ കൊല്‍ക്കത്ത, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, തെലങ്കാന ഹൈക്കോടതികളില്‍ നിന്നുള്ള ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തുന്നതുമാണ് കൊളീജിയം യോഗത്തിന്റെ അജന്‍ഡയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, കൊളീജിയം മിനുട്‌സില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് വേണ്ടി മാറ്റിവെച്ചുവെന്ന് മാത്രമാണ് രേഖപ്പെടുത്തിയത്.

ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് വീണ്ടും ശിപാര്‍ശ ചെയ്യണോ എന്ന കാര്യത്തില്‍ കൊളീജിയത്തില്‍ അഭിപ്രായവിത്യാസമുണ്ടായെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് തുടങ്ങിയ കൊളീജിയത്തിലെ അഞ്ച് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ജസ്റ്റിസ് ചെലമേശ്വര്‍ ഇന്നലെ അപ്രതീക്ഷിതമായി അവധിയെടുത്തിരുന്നുവെങ്കിലും കൊളീജിയം യോഗത്തിനായി എത്തി. നിയമ മന്ത്രാലയം നല്‍കിയ കത്തും ജസ്റ്റിസ് കെ എം ജോസഫിന്റെ ശിപാര്‍ശ പുനഃപരിശോധിക്കുന്നതിന് കേന്ദ്രം ഉന്നയിച്ച കാരണങ്ങളും കൊളീജിയം ചര്‍ച്ച ചെയ്തു. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം കൈക്കൊള്ളാമെന്ന് ധാരണയായതായാണ് വിവരം.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷകയായിരുന്ന ഇന്ദു മല്‍ഹോത്രയെയും സുപ്രീം കോടതി ജഡ്ജിമാരാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി പത്തിന് ചേര്‍ന്ന കൊളീജിയമാണ് കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്. ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും ജസ്റ്റിസ് കെ എം ജോസഫിന്റെ ശിപാര്‍ശ തിരിച്ചയക്കുകയായിരുന്നു. ജസ്റ്റിസ് കെ എം ജോസഫിന്റെ ശിപാര്‍ശ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചത്.

അഖിലേന്ത്യാ ജഡ്ജസ് സീനിയോറിറ്റി പട്ടികയില്‍ ജസ്റ്റിസ് കെ എം ജോസഫിന്റെ സ്ഥാനം 42 ആണെന്നും അദ്ദേഹത്തേക്കാള്‍ സീനിയറായ 11 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ നിലവിലുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ കേരളത്തില്‍ നിന്ന് ഒരു സുപ്രീം കോടതി ജഡ്ജിയും രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമുണ്ടെന്നും ഈ സാഹചര്യത്തില്‍ ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തിയാല്‍ പ്രദേശിക സമാവാക്യങ്ങള്‍ തെറ്റിക്കുമെന്നുമായിരുന്നു കേന്ദ്രം ശിപാര്‍ശ മടക്കാന്‍ കരണമായി ചൂണ്ടിക്കാണിച്ചത്. കെ എം ജോസഫിന്റെ ശിപാര്‍ശ തള്ളിയ കേന്ദ്ര നിലപാടിനെതിരെ മുന്‍ ജഡ്ജിമാരും ബാര്‍ കൗണ്‍സിലും നിലപാടെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയമനം നല്‍കിയ മുതിര്‍ന്ന അഭിഭാഷകയായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊളീജിയം യോഗം ചേര്‍ന്നത്. കൊളീജിയം അംഗങ്ങള്‍ ഏകകണ്ഠമായി അനുകൂല നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ശിപാര്‍ശ വീണ്ടും സര്‍ക്കാറിന്റെ പരിഗണനക്ക് വിടാനാകൂ.

സ്ഥിതി അതീവ ഗുരുതരം:
ജസ്റ്റിസ് ലോധ

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഇതിന് കാരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണെന്നും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ. ചീഫ് ജസ്റ്റിസ് തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോധ കുറ്റപ്പെടുത്തി.

വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കേണ്ട സ്ഥലമല്ല സുപ്രീം കോടതി. കൊളീജിയം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റീസ് കൊളീജിയത്തെ നയിക്കണമെന്നും ജസ്റ്റിസ് ലോധ അഭിപ്രായപ്പെട്ടു. കൊളീജിയം അംഗങ്ങളായ മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ അഭിപ്രായ രൂപവത്കരണത്തില്‍ ഇടഞ്ഞുനില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലോധ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ഡ്യൂട്ടി റോസ്റ്റര്‍ ഇടാന്‍ ചുമതലപ്പെട്ടയാള്‍ ചീഫ് ജസ്റ്റിസ് ആണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, അദ്ദേഹത്തിന് എന്തുമാകാമെന്നല്ല ഇതിന് അര്‍ഥം. സ്ഥാപനത്തിന്റെ താത്പര്യം സംരക്ഷിക്കണം അതോടൊപ്പം തന്നെ കേസുകള്‍ അനുവദിക്കല്‍ നീതിയുക്തവുമാകണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എല്ലാ ജഡ്ജിമാരെയും ഒരുമിച്ചു നിര്‍ത്തണമെന്നും ലോധ ആവശ്യപ്പെട്ടു.