അനധികൃത കൈയേറ്റം: ആനക്കാംപൊയില്‍ പത്തേക്കര്‍ ഭൂമിയും റിസോര്‍ട്ടും തിരിച്ചു പിടിച്ചു

സര്‍വേയില്‍ വനഭൂമി കൈയേറിയാണ് റിസോര്‍ട്ട്നി ര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈ ലൈഫ് റിസോര്‍ട്ട് ഒഴിപ്പിച്ചത്
Posted on: May 1, 2018 6:13 am | Last updated: May 1, 2018 at 12:18 am
വനം വകുപ്പ് തിരിച്ചു പിടിച്ച റിസോര്‍ട്ട്

താമരശ്ശേരി: ആനക്കാംപൊയില്‍ മറിപ്പുഴ വനാതിര്‍ത്തിയിലെ പത്തേക്കര്‍ ഭൂമിയും റിസോര്‍ട്ടും വനം വകുപ്പ് തിരിച്ചു പിടിച്ചു. വനം വകുപ്പ് നടത്തിയ സര്‍വേയില്‍ നിക്ഷിപ്ത വനഭൂമി കൈയേറിയാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മറിപ്പുഴയിലെ ഹൈ ലൈഫ് റിസോര്‍ട്ട് ഒഴിപ്പിച്ച് സീല്‍ ചെയ്തത്.

ഇന്നലെ രാവിലെ എട്ടോടെയാണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഇ ഇംറോസ് ഏലിയാസ് നവാസ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ പി അബ്ദുല്‍ ഗഫൂര്‍, കെ പി അഭിലാഷ്, കെ അബ്ദുല്‍ ഗഫൂര്‍, കെ കെ സജീവ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി ആനമ്പന്ദരാജ്, കെ ശിവകുമാര്‍, ബി കെ പ്രവീണ്‍ കുമാര്‍, പി വിജയന്‍, ഇ പ്രജീഷ്, എന്‍ ലുബൈബ, യു വി ദീപിക, ജിതേഷ് എന്നിവരടങ്ങിയ സംഘം റിസോര്‍ട്ടിലെത്തിയത്.

താമസക്കാരെ ഒഴിപ്പിച്ച ശേഷം റിസോര്‍ട്ടും സമീപത്തായി ജോലിക്കാര്‍ താമസിക്കുന്ന വീടും സീല്‍ ചെയ്യുകയും സര്‍ക്കാറിലേക്ക് ഏറ്റെടുത്തതായി നോട്ടീസ് പതിക്കുകയുമായിരുന്നു. സര്‍ക്കാര്‍ ഉത്തരവുപ്രകാരം 1990-91 കാലഘട്ടത്തില്‍ നടത്തിയ സര്‍വേയും മറിപ്പുഴ മേഖലയില്‍ 13.35 ഹെക്ടര്‍ വന ഭൂമി കൈയേറിയതായി കണ്ടെത്തിയിരുന്നു.

കൈയേറ്റം ഒഴിപ്പിച്ച് വനഭൂമി ജണ്ട കെട്ടി വേര്‍തിരിക്കുന്നതിനായി അടുത്തിടെ സര്‍വേ നടപടികള്‍ ആരംഭിച്ചെങ്കിലും എം എല്‍ എ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തി വെക്കുകയായിരുന്നു.

തുടര്‍ന്ന് സി പി ഐ മണ്ഡലം കമ്മറ്റി വനം മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ ഭാഗമായി സംയുക്ത പരിശോധന നടത്തണമെന്ന് മന്ത്രി ഡി എഫ് ഒ ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കൂരാച്ചുണ്ട്, കാന്തലാട് വില്ലേജുകളിലെ നികുതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 21 ന് റവന്യൂ-വനം മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ മറിപ്പുഴ ഭാഗത്ത് വീണ്ടും സംയുക്ത പരിശോധന നടത്തണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും സാധ്യമല്ലെന്നായിരുന്നു തീരുമാനം. ഇതേ തുടര്‍ന്നാണ് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ കെ കെ സുനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരം കൈയേറ്റം തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. മറിപ്പുഴ ഭാഗത്ത് 22 കൈയേറ്റങ്ങളുണ്ടെന്നാണ് വനം വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നത്.

ഇവ ഒഴിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് സര്‍വേ നടത്തിയിരുന്നു. ഇതില്‍ 12 പേര്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിക്കുകയും മറ്റുള്ളവരുടെ അപേക്ഷ കോടതിയുടെ പരിഗണനയിലുമാണ്. ഇതിനിടെയാണ് ഹൈ ലൈഫ് റിസോര്‍ട്ടും പത്തേക്കര്‍ ഭൂമിയും വനം വകുപ്പ് തിരിച്ചു പിടിച്ചത്.

ആറ് വര്‍ഷം മുമ്പ് റവന്യൂ വകുപ്പ് സര്‍വേ നടത്തിയ ശേഷമാണ് ഭൂമി വിലക്കു വാങ്ങിയതെന്നും കമുക് വെട്ടിമാറ്റി ഔഷധ തോട്ടവും താമസത്തിനായി വീടും നിര്‍മിക്കുകയുമായിരുന്നുവെന്നും റിസോര്‍ട്ട് ഉടമ കെ ടി അബ്ദുള്ള പറഞ്ഞു.

വനം വകുപ്പിന്റെ സര്‍വേ നടപടികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇതിന്റെ വിധി വരാനിരിക്കെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒഴിപ്പിക്കാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.