Connect with us

Kerala

സാമ്പത്തിക പ്രതിസന്ധി: മെഡിക്കല്‍ കോളജുകളുടെ ഫണ്ടുകള്‍ തിരിച്ചെടുത്തു

Published

|

Last Updated

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ആരോഗ്യമേഖലയില്‍ അനുവദിച്ച ഫണ്ട് തിരിച്ചെടുത്തതിലൂടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പ്രകടമാക്കുന്നത്. മേഖലയില്‍ സാമ്പത്തിക ബാധ്യത മറികടക്കുന്നതിന് വേണ്ടിയാണ് മെഡിക്കല്‍ കോളജുകള്‍ക്ക് അനുവദിച്ച ഫണ്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. ഇതോടൊപ്പം വിവിധ ചികിത്സാ പദ്ധതികള്‍ക്കായി അനുവദിച്ച ധനസഹായ വിതരണവും മരവിപ്പിച്ചിട്ടുണ്ട്. ഇതോടെ മെഡിക്കല്‍കോളജുകള്‍ ദൈനംദിന ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. സാധാരണ ഗതിയില്‍ സാമ്പത്തിക ഞെരുക്കമുണ്ടാകുമ്പോള്‍ പതിവ് രീതിയില്‍ നടപ്പാക്കുന്ന ധനനിയന്ത്രണം ഇതരവകുപ്പുകളെ പോലെ അവശ്യ വിഭാഗമായ ആരോഗ്യവകുപ്പിലും നടപ്പാക്കിയതാണ് ധനവിതരണം മുടങ്ങി മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് കാരുണ്യപദ്ധതിപ്രകാരം ആനുവദിച്ച 12 കോടി രൂപയാണ് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത്. ചിസ് പ്ലസ് ആരോഗ്യ ഇന്‍ഷ്വറന്‍സിന് അനുവദിച്ച 5.5 കോടി രൂപ അക്കൗണ്ടില്‍ നിന്ന് തിരിച്ചെടുത്തു. ഇതിന് പുറമെ കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്ന് വാങ്ങിയ മരുന്നുകള്‍ക്കും മറ്റ് ചികിത്സാ ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കും പണം നല്‍കുന്നതും മുടങ്ങിക്കിടക്കുകയാണ്. രണ്ട് ദിവസത്തിനകം പണം അനുവദിച്ചില്ലെങ്കില്‍ ഹൃദയ ശസ്ത്രക്രിയകള്‍ക്കുള്ള സ്റ്റെന്‍ഡുകള്‍ നല്‍കുന്നത് നിര്‍ത്തുമെന്ന് സ്റ്റെന്റ് വിതരണക്കാര്‍ മെഡിക്കല്‍കോളജ് അധികൃതരെ അറിയിച്ചിരിക്കുകയാണ്.

തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ കാരുണ്യ ഫണ്ടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കോട്ടയത്ത് സുകൃതം പദ്ധതി ഫണ്ടും മുടിങ്ങിയിട്ടുണ്ട്. മെഡിക്കല്‍ കോളജുകളുടെ ദൈനം ദിന ആവശ്യങ്ങള്‍ക്കുള്‍പ്പെടെയുള്ള ഫണ്ടിനായി അധികൃതര്‍ പലതവണ സര്‍ക്കാറിനെ സമീപിച്ചെങ്കിലും അനുകുലമായ നടപടി ഉണ്ടായിട്ടില്ല. ഇതോടൊപ്പം സൗജന്യ ക്യാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തില്‍ റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിനടക്കം ആരോഗ്യ വകുപ്പ് വന്‍തുക കുടിശ്ശിക വരുത്തിയിട്ടുണ്ട്. അതേസമയം സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും ചികിത്സാ പദ്ധതികള്‍ മുടങ്ങിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സഹായ പദ്ധതികള്‍ തുടര്‍ന്നും നടപ്പാക്കുന്നതിനായി നല്ല ശ്രമങ്ങള്‍ നടന്നുവരികയാണെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹായങ്ങള്‍ ആവശ്യമാണെന്നും പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം പോലും സ്തംഭിക്കുന്ന തരത്തില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴാന്‍ കാരണം സാമ്പത്തിക രംഗത്തെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . മുമ്പ് ഒരിക്കലും സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്രക്ക് പ്രതിസന്ധിയുണ്ടായിട്ടില്ല. സാമ്പത്തിക രംഗത്ത് ഒരു അച്ചടക്കവും പാലിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ധൂര്‍ത്തും പാഴ്‌ചെലവുകളും നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ധനകാര്യ മന്ത്രിയാകട്ടെ ഓരോ ദിവസവും പുതിയ പരീക്ഷണങ്ങള്‍ നടത്തി ഖജനാവിനെ കുട്ടിച്ചോറാക്കുകയാണ്.

കഴിഞ്ഞ മാസം വിവധ വകുപ്പുകള്‍ സൂക്ഷിച്ചിരുന്ന 5600 കോടി രൂപ തിരിച്ചെടുത്തു. അതില്‍ 300 കോടി മാത്രമേ മടക്കി നല്‍കിയുള്ളൂ. കാരുണ്യ പദ്ധതിയുടെ ഫണ്ടും മറ്റ് ചികിത്സാ ഫണ്ടുകളും തിരച്ചെടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സാധുക്കളായ നൂറുകണക്കിന് രോഗികളാണ് ബുദ്ധിമുട്ടിലാവുന്നത്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്കുകളും ഒരു കോടിക്ക് മുകളിലുള്ള ബില്ലുകളും ട്രഷറികളില്‍ മാറിക്കൊടുക്കാതായതോടെ വികസന പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാനം പൂര്‍ണ്ണമായ സാമ്പത്തിക ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest