Connect with us

International

പാര്‍ലിമെന്റിനെ കബളിപ്പിച്ചു; ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി പുറത്തേക്ക്

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി ആംബര്‍ റുഡ് രാജിവെച്ചു. നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ പാര്‍ലിമെന്റിനെ തെറ്റിദ്ധരിപ്പിച്ച വിഷയം വിവാദമായതോടെയാണ് ആംബര്‍ റുഡ് രാജിവെക്കാന്‍ നിര്‍ബന്ധിതയായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടനില്‍ തൊഴിലാളികളുടെ കുറവ് അനുഭവപ്പെട്ട സാഹചര്യത്തില്‍ കരീബിയന്‍ നാടുകളില്‍ നിന്ന് നിരവധി പേര്‍ ബ്രിട്ടനിലെത്തിയിരുന്നു. ഇവരുടെ പിന്‍ഗാമികളെ നിര്‍ബന്ധിച്ച് തിരിച്ചയക്കുന്ന വിഷയത്തിലാണ് വിവാദം പുകയുന്നത്.

രേഖകളില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചയക്കുക എന്ന ലക്ഷ്യം ഇല്ലെന്ന് ബുധനാഴ്ച അവര്‍ പാര്‍ലിമെന്റിന് മുമ്പാകെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു ദിവസത്തിന് ശേഷം ഈ നിലപാടില്‍ നിന്ന് മാറിയ അവര്‍, ഇവരെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ അതിനെ കുറിച്ച് ബോധവതിയായിരുന്നില്ലെന്നും മാറ്റിപ്പറഞ്ഞിരുന്നു.

2017-2018 വര്‍ഷത്തില്‍ 12,800 കുടിയേറ്റക്കാരെ നിര്‍ബന്ധിച്ച് രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പദ്ധതി ആഭ്യന്തര മന്ത്രി ആംബര്‍ റുഡും മറ്റു മുതിര്‍ന്ന മന്ത്രിമാരും ചേര്‍ന്ന് തയ്യാറാക്കിയിരുന്നു. ആറ് പേജ് വരുന്ന ഈ രേഖ കഴിഞ്ഞ ദിവസം ദ ഗാര്‍ഡിയന്‍ പുറത്തുവിട്ടതോടെയാണ് ആംബര്‍ റുഡിന്റെ നില കൂടുതല്‍ പരുങ്ങലിലായത്. ഇതിന് പുറമെ യു കെ പ്രധാനമന്ത്രി തെരേസ മെയ്ക്ക് ഇവര്‍ അയച്ച കത്തും ചോര്‍ന്നിരുന്നു. ജനുവരി 2017ന് എഴുതിയ കത്തില്‍, നിര്‍ബന്ധിച്ച് കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നത് പത്ത് ശതമാനം കൂട്ടണമെന്ന് ആംബര്‍ റുഡ് ആവശ്യപ്പെടുന്നുണ്ട്. ഈ കത്തും പത്രം പുറത്തുവിട്ടിരുന്നു.

രാജി അനിവാര്യമാണെന്ന് താന്‍ മനസ്സിലാക്കുന്നു. കാരണം പാര്‍ലിമെന്റിനെ താന്‍ തെറ്റിദ്ധരിപ്പിച്ചു. ഇതിനെ കുറിച്ച് താന്‍ ബോധവതിയാണെന്നും സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നതായും അവര്‍ തെരേസ് മെയ്ക്കയച്ച രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ആഭ്യന്തര മന്ത്രി ആംബര്‍ റുഡിന്റെ രാജി സ്വീകരിക്കേണ്ടിവന്നതില്‍ ക്ഷമചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി തെരേസ മെയ് പ്രതികരിച്ചു. ആംബര്‍ റുഡ് രാജിവെച്ച സ്ഥാനത്തേക്ക് സാജിദ് ജാവിദിനെ നിയോഗിച്ചു.