Connect with us

Articles

ശഅബാനിന്റെ മഹത്വം, ബറാഅത്തിന്റെയും

Published

|

Last Updated

ഉസാമത്ത് ബ്‌നു സെയ്ദ് തങ്ങള്‍ പറയുകയാണ്: ഞാന്‍ അശ്‌റഫുല്‍ ഖല്‍ഖി(സ)നോട് ചോദിച്ചു: അല്ലഹുവിന്റെ റസൂലേ, ശഅ്ബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും (റമാസാനൊഴിച്ച്) അങ്ങ് വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ. അവിടുന്ന് പറഞ്ഞു: റജബിനും റമസാനിനും ഇടയില്‍ ആളുകള്‍ അശ്രദ്ധരായി വിടുന്ന ഒരു മാസമാണിത്. എന്നാല്‍ ശഅ്ബാന്‍ അല്ലാഹുവിലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങളെ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ശഅ്ബാനിന്റെ പവിത്രത പറയുന്ന ഹദീസാണിത്. റജബിനെ നമ്മള്‍ ആവേശത്തേടെ വരവേല്‍ക്കും. എന്നാല്‍, റജബില്‍ കാണിക്കുന്ന ആരംഭശൂരത്വം പതിയെ കെട്ടടങ്ങുകയും റമസാനില്‍ വീണ്ടും അത് തളിര്‍ക്കുകയും ചെയ്യുന്ന രീതിയാണ് പൊതുവേ കണ്ടുവരുന്നത്. റജബിനും റമസാനിനും ഇടയിലുള്ള ശഅ്ബാനിനെ പലപ്പോഴും നമ്മള്‍ അശ്രദ്ധമായി മറന്നു കളയുന്നു.

ശഅ്ബാനിന്റെ മഹത്വം പറയുന്ന ഹദീസുകള്‍ ഒരുപാടുണ്ട്. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു: ഉമ്മുല്‍ മുഅ്മിനീന്‍ ആഇശാ(റ)വില്‍ നിന്നാണ് നിവേദനം: മഹതി പറഞ്ഞു: നബി(സ) തുടച്ചയായി നോമ്പു നോല്‍ക്കുമായിരുന്നു. എത്രത്തോളമെന്നുവെച്ചാല്‍ ഇനിയൊരിക്കലും അവിടുന്ന് നോമ്പ് ഉപേക്ഷിക്കുകയില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതേസമയം അവിടുന്ന് നോമ്പ് നോല്‍ക്കാതിരിക്കുന്ന സമയവും ഉണ്ടായിരുന്നു. എത്രത്തോളമെന്നുവെച്ചാല്‍ ഇനിയൊരിക്കലും അവിടുന്ന് നോമ്പ് എടുക്കില്ലാ എന്ന് ഞങ്ങള്‍ പറയുമാറ് അവിടുന്ന് അത് തുടരുമായിരുന്നു. റമസാനല്ലാത്ത മറ്റൊരുമാസവും അശ്‌റഫുല്‍ ഖല്‍ഖ് പരിപൂര്‍ണമായി നോമ്പെടുത്തതായി ഞാന്‍ കണ്ടിട്ടേയില്ല. അതുപോലെ (റമസാനിനു ശേഷം) ശഅ്ബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അവിടുന്ന് നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടേയില്ല.

അഥവ റമസാനിനു ശേഷം അശ്‌റഫുല്‍ ഖല്‍ഖ് ഏറ്റവും കൂടുതല്‍ പരിഗണിച്ച മാസമായിരുന്നു ശഅ്ബാന്‍. ആരാധനകള്‍കൊണ്ടും സത്കര്‍മങ്ങള്‍കൊണ്ടും ധന്യമാക്കേണ്ട മാസം. ശഅ്ബാന്‍ എന്റെ മാസമാണെന്ന് അവിടുന്ന് പറഞ്ഞതാണ്. അശ്‌റഫുല്‍ ഖല്‍ഖ് അല്ലാഹുവിന്റെ ഹബീബാണ്. ഹബീബീന്റെ ഇഷ്ടം മഹ്ബൂബിന്റെ ഇഷ്ടമാണ്.  നബി(സ) തങ്ങളുടെ ഇഷ്ടങ്ങളെയും അവിടുത്തെ തന്നെയും നമ്മള്‍ നെഞ്ചിലേറ്റിയാല്‍ ശഅ്ബാനിനെ നമുക്ക് അലസ ഹൃദയത്തോടെ സമീപിക്കാന്‍ സാധിക്കുകയില്ല.
അല്ലാഹു അടിമയുടെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളെ നിജപ്പെടുത്താന്‍ തിരഞ്ഞെടുത്ത മാസമാണിത്. ശഅ്ബാന്‍ 15ന്റെ രാവാണ് ബറാഅത്ത് രാവ്. ഈ രാവിന്റെ മാഹാത്മ്യം വിശ്വാസി ലോകത്തെ പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ല. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ബറാഅത്ത് രാവിന്റെ മഹത്വത്തെ കുറിച്ച് പണ്ഡിത ലോകം വിശ്വാസി സമൂഹത്തിന് ദിശാബോധം നല്‍കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ 44-ാം ആധ്യായമായ സൂറത്തു ദുഖാനിലെ ഒന്നു മുതല്‍ നാലു വരെയുള്ള സൂക്തങ്ങളുടെ അര്‍ഥം: സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം തന്നെയാണ് സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ (ലൈലതുന്‍ മുബാറക) തീര്‍ച്ചയായും നാമത് അവതരിപ്പിച്ചു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കികൊണ്ടിരിക്കുന്നു. പ്രബലമായ എല്ലാ കാര്യങ്ങളും അതില്‍(ആ രാത്രിയില്‍) വേര്‍തിരിച്ചെഴുതപ്പെടുന്നു. വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തത്തിലെ ലൈലതുന്‍ മുബാറക്ക കൊണ്ടുള്ള ഉദ്ദേശ്യം ബറാഅത്ത് രാവാണെന്ന് പ്രബലരായ പണ്ഡിതര്‍ ഉദ്ധരിച്ചതായി കാണാം. ലൈലത്തുന്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലതുല്‍ ബറാഅത്(മോചന രാത്രി), ലൈലത്തുര്‍റഹ്മ(കാരുണ്യം വര്‍ഷിക്കുന്ന രത്രി), കാര്യങ്ങളെ രേഖപ്പെടുത്തുന്ന രാത്രി തുടങ്ങി വ്യത്യസ്ത പേരുകളില്‍ ഈ രാത്രിയെ പണ്ഡിതര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. തഫ്‌സീറുല്‍ ജലാലൈനിയില്‍ സൂറത്തു ദുഖാനിലെ ലൈലത്തുന്‍ മുബാറക എന്ന പ്രയോഗത്തെ വിവക്ഷിച്ചു കൊണ്ട് പറയുന്നത്: അത്(ലൈലത്തുന്‍ മുബാറക) ലൈലത്തുല്‍ ഖദ്‌റ് ആണ്.അെല്ലങ്കില്‍ ശഅ്ബാന്‍ പതിനഞ്ചാം രാവാണ് എന്നാണ്. മറ്റനേകം തഫ്‌സീറുകളിലും ഇങ്ങനെ രണ്ടഭിപ്രായം രേഖപ്പെടുത്തിയതായി കാണാം. ഇവിടെ പലപ്പോഴും സംശയാലുക്കളാകുന്നവരുണ്ടാകും. റമസാനിലല്ലേ വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയത്? പിന്നെയെങ്ങനെ ഈ അഭിപ്രായം ശരിയാവും? ഈ സംശയത്തെ പണ്ഡിതര്‍ കൃത്യമായി ദൂരീകരിക്കുന്നുണ്ട്. റമസാനിലെ ലൈലത്തുല്‍ ഖദറില്‍ വിശുദ്ധ ഖുര്‍ആന്‍ ഇറക്കി എന്നു പറയുന്നതിന്റെ വിവക്ഷ ആ പുണ്യരാത്രിയില്‍ ഭൂമിയിലേക്ക് ഖുര്‍ആന്‍ അവതരണം ആരംഭിച്ചു എന്നും ബറാഅത്ത് രാവില്‍ അത് ഇറക്കി എന്നു പറയുന്നതിന്റെ അര്‍ഥം ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാം ആകാശത്തിലേക്ക് ഇറക്കി എന്നും വ്യാഖ്യാനിക്കാം. ബറക്കത്താക്കപ്പെട്ട രാവ് എന്നാണ് ഖുര്‍ആന്‍ ഈ രാവിനെ വിശേഷിപ്പിച്ചത്. അതുകൊണ്ടു തന്നെ ഈ രാവില്‍ ഒട്ടേറെ നന്മകള്‍ വര്‍ധിക്കപെടുമെന്നും അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുമെന്നും ഹദീസുകളില്‍ കാണാം. കാരണം ബറക്കത്ത് എന്ന പദത്തിന്റെ അര്‍ഥം തന്നെ അഭിവൃദ്ധി, വളര്‍ച്ച, അനുഗ്രഹം എന്നിവയാണ് എന്നത് കൂടി ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഈ രാവിന്റെ മറ്റൊരു പ്രത്യേകതയാണ് കാര്യങ്ങളുടെ തീരുമാനങ്ങള്‍ രേഖപ്പെടുത്തപ്പെടുകയെന്നത്. യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു തന്നെ സ്പഷ്ടമാക്കിയതാണ്. ഇവിടെയും സംശയങ്ങള്‍ക്ക് സാധ്യതയണ്ട്. കാരണം റമസാനിലെ ലൈലത്തുല്‍ ഖദറിലാണല്ലോ ഒരു വര്‍ഷത്തെ സ്ഥിതിവിവരക്കണക്കുകള്‍ തീര്‍ച്ചപ്പെടുത്തുന്നത്. ഈ സംശയത്തിനും  പണ്ഡിതര്‍ മറുപടി പറഞ്ഞു: ശഅ്ബാനില്‍ തീരുമാനിച്ച തീരുമാനങ്ങളുടെ നടത്തിപ്പ് ചുമതല അതത് മലക്കുകളെ ഏല്‍പ്പിക്കപ്പെടുന്ന ദിനമാണ് റമസാനിലെ ലൈലത്തുല്‍ ഖദര്‍.

ബറാഅത്ത് രാവില്‍ വ്യത്യസ്ത ആവശ്യങ്ങളെ മുന്‍നിറുത്തി മൂന്ന് യാസീനോതുന്നതും ദുആ ചെയ്യുന്നതും വിശ്വാസിലോകത്തിന്റെ പാരമ്പര്യമാണ്. ഇവയില്‍ ആദ്യത്തെ യാസീന്‍ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയും രണ്ടാമത്തെ യാസീന്‍ സമ്പത്ത്, സന്താനങ്ങള്‍, വീട്, കുടുംബം, ഭക്ഷണം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാവാന്‍ വേണ്ടിയും മൂന്നാമത്തേത് അവസാനം നന്നാവാനും വിശ്വാസത്തോടെ മരിക്കാനും വേണ്ടിയാണ്. ബറാഅത്ത് രാവിനെ കുറിച്ചുള്ള പരാമര്‍ശം വന്ന ഖുര്‍ആനിക അധ്യായം ദുഖാനായതുകൊണ്ടു തന്നെ ഈ രാവില്‍ സൂറത്തു ദുഖാന്‍ പാരായണം ചെയ്യലും പാരമ്പര്യമാണ്. ശഅ്ബാന്‍ 15ന്റെ പകലില്‍ നോമ്പനുഷ്ഠിക്കല്‍ പ്രത്യേകം സുന്നത്തുണ്ടെന്ന് ഇമാം റംലിയെ പോലുള്ള പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തോടു കൂടി ശഅ്ബാന്‍ പകുതി പിന്നിട്ടു. പതിന്മടങ്ങ് ഊര്‍ജവുമായി റമസാനിലേക്കെത്താന്‍ ഇനിയുള്ള ദിനരാത്രങ്ങളെ നാം ഉപയോഗിക്കണം.

Latest