ഹര്‍ത്താല്‍ പഠിപ്പിച്ച ഹൈടെക് പാഠങ്ങള്‍

എന്‍ക്രിപ്ഷന്‍ കോഡ് ഉപയോഗിക്കുന്നതിനാല്‍ വാട്‌സ് ആപ്പില്‍ എന്തും തട്ടിവിടാമെന്നുള്ള ധൈര്യത്തില്‍ ഹര്‍ത്താല്‍ പോസ്റ്റര്‍ ഫോര്‍വേര്‍ഡ് ചെയ്തവനൊക്കെയും കുടുങ്ങുന്ന കാഴ്ചയാണ് പോലീസ് അന്വേഷണത്തിലൂടെ കേരളം കണ്ടത്. ഹര്‍ത്താല്‍ ആഹ്വാനം പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് മനസ്സിലാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെങ്കിലും അതിനുശേഷമുള്ള അന്വേഷണം അതെല്ലാം കവച്ചുവെക്കുന്നതാണെന്ന് പറയാതിരിക്കാനാകില്ല.
Posted on: May 1, 2018 6:00 am | Last updated: April 30, 2018 at 10:25 pm

ഇത്രേയുള്ളൂ മലയാളിയുടെ പ്രബുദ്ധതയും സാക്ഷരതയുമൊക്കെ. ഒരു ചെറിയ പോസ്റ്റിന്റെ പിന്നാലെ പോയി ഹര്‍ത്താലും ബന്ദുമൊക്കെ നടത്താനുള്ള പ്രബുദ്ധത. 16 വയസ്സുകാരന്റെ നേതൃത്വത്തിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും വന്ന ഒരു മെസ്സേജിനെ തുടര്‍ന്ന് നാട്ടിലാകെ ഹര്‍ത്താല്‍ നടത്താന്‍ മാത്രമുള്ള വിവേകം. ഏതായാലും മലയാളി ഒരു കാര്യം പഠിച്ചിരിക്കുകയാണ്. വൈകാരികമായ പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. മൊബൈലിലേക്ക് തല കുമ്പിട്ടിരിക്കലല്ല, ഇടക്കെപ്പോഴെങ്കിലും തലയുയര്‍ത്തി ഒന്ന് ചിന്തിക്കണമെന്ന്. ഇല്ലെങ്കില്‍ ഇതുപോലുള്ള ഗുരുതരമായ സാഹചര്യങ്ങളെ സമൂഹം നേരിടേണ്ടിവരുമെന്ന്. സാമൂഹിക മാധ്യമങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം ബോധ്യപ്പെടുത്തുന്നത് കൂടിയായിരുന്നു കത്വയിലെ പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ച് കൊന്നതിനെതിരെ എന്നു പറഞ്ഞ് നടത്തിയ ഹര്‍ത്താലെന്ന വൈകാരിക വിപ്ലവം. അതിവൈകാരികത പലപ്പോഴും സാമൂഹികദ്രാഹികള്‍ മുതലെടുക്കുമെന്നും മലയാളി പഠിച്ചു.

ഒരു സംസ്ഥാനത്തെ മുഴുവനും കലാപഭൂമിയാക്കാനുള്ള ചില ഗൂഢശക്തികളുടെ പിന്നാമ്പുറ കഥ പോലീസ് പൊളിച്ചില്ലായിരുന്നെങ്കില്‍ മലയാളി നേരിടേണ്ടി വന്നിരുന്ന സാമുദായിക പ്രശ്‌നങ്ങള്‍ എന്തൊക്കെയാകുമായിരുന്നു? പോലീസ് ഹര്‍ത്താലിന് പിന്നിലെ കഥ പൊളിച്ചടക്കിയെങ്കിലും അന്വേഷണം വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനുകളില്‍ ഒതുങ്ങിപ്പോകുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനു പിന്നിലുള്ള വന്‍ശക്തികളെ കണ്ടെത്തുക തന്നെ ചെയ്യേണ്ടതുണ്ട്. ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ രൂപംകൊള്ളുകയും തീവ്രനിലപാടുകളുള്ള സംഘടനകള്‍ ഏറ്റെടുക്കുകയും ചെയ്ത ഹര്‍ത്താലിന് പിന്നിലെ കറുത്തകരങ്ങളെ കണ്ടെത്തുക തന്നെ വേണം. വൈകാരിക നിലപാടുകളല്ല, ബുദ്ധിപരമായ നിലപാടുകളാണ് ആവശ്യമെന്ന പാഠം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും ഈ സംഭവം പകര്‍ന്നു നല്‍കുന്നുണ്ട്.

പത്രമാധ്യമങ്ങള്‍ ഒഴിവുള്ള ദിവസം തന്നെ ഈ ഹര്‍ത്താലിന്റെ പ്രചരണത്തിനായി തിരഞ്ഞെടുത്തത് മുതല്‍ ഗൂഢാലോചന നടക്കുന്നുണ്ട്. പക്ഷേ, ഏപ്രില്‍ 14 മുതല്‍ തുടങ്ങിയ ഈ പ്രചരണം സംസ്ഥാന ഇന്റലിജന്‍സ് അത്ര ഗൗനിച്ചില്ലെന്നത് സത്യമാണ്. ആദ്യം ഒരു ചെറിയ പോസ്റ്റിലൂടെ ജനകീയ ഹര്‍ത്താല്‍ എന്ന് തുടങ്ങിയ പ്രചാരണം 15-ാം തീയതിയായപ്പോഴേക്കും ഒരു നീളന്‍ ടെക്സ്റ്റ് മാറ്ററിലേക്കെത്തിയിരുന്നു. അതില്‍ പ്രധാനമായും ഉന്നയിച്ചത് സാമൂഹിക മാധ്യമങ്ങളുടെ ശക്തി തെളിയിക്കണമെന്നും നാളത്തെ ഹര്‍ത്താല്‍ വന്‍ വിജയമാക്കണമെന്നുമായിരുന്നു. യുവജനങ്ങളുടെ മുന്നിലേക്ക് മാധ്യമങ്ങള്‍ എന്ന ശത്രുവിനെ വെച്ചുകൊടുത്തു കൊണ്ടുള്ള ഒരു ഐഡിയോളജിക്കല്‍ മൂവ്‌മെന്റായിരുന്നു അത്. പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ഹര്‍ത്താലും ബന്ദുമൊക്കെ വിജയിപ്പിക്കാന്‍ കഴിയുമെന്നുള്ള ഒരു വലിയ വെല്ലുവിളി യുവസമൂഹത്തിന് മുന്നിലേക്ക് ഇട്ടുകൊടുത്തു കൊണ്ടുള്ള വളരെ തന്ത്രപരമായ മൂവ്‌മെന്റ്. കത്വയിലെ പീഡനകൊലയില്‍ മനസ്സ് നൊന്ത ഒരു സമൂഹത്തിന്റെ വൈകാരികത മുതലെടുക്കാനുള്ള തന്ത്രം വിജയിച്ചു എന്ന് തന്നെയാണ് പിറ്റേന്നത്തെ ഹര്‍ത്താല്‍ നല്‍കുന്ന പാഠം.

മുഖ്യധാരാ മാധ്യമങ്ങളെ പോലും ചില വിഷയങ്ങളില്‍ തിരുത്തിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് ആയിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ വിശ്വസനീയ വാര്‍ത്താ സ്രോതസ്സ് എന്ന നിലയില്‍ സാമൂഹികമാധ്യമങ്ങളെ കാണാന്‍ കഴിയില്ല. ഇത്തരം മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതില്‍ പകുതിയിലേറെയും അര്‍ധസത്യങ്ങളോ അസത്യങ്ങളോ മാത്രമാണ്. അതിനനുസരിച്ചുള്ള പരിഗണന മാത്രമേ ഇത്തരം മാധ്യമങ്ങള്‍ക്ക് നല്‍കാവൂ എന്ന തത്വം മറന്നതാണ് ഹര്‍ത്താലിന്റെ അന്ന് കേരളമനുഭവിച്ചത്. കേരളത്തിലേതടക്കമുള്ള ചില മാധ്യമങ്ങള്‍ മുസ്‌ലിം-ന്യൂനപക്ഷ വിഷയങ്ങളില്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന പൊതുബോധവും ഈ ഹര്‍ത്താല്‍ വിജയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചെന്നതില്‍ തര്‍ക്കമില്ല. വേട്ടക്കാര്‍ക്കൊപ്പമുള്ളവരുടെ പിന്തുണയില്ലാതെ ഹര്‍ത്താല്‍ വിജയിപ്പിച്ചെടുക്കുകയെന്ന സന്ദേശമാണ് ഹര്‍ത്താലിന്റെ തലേന്ന് വ്യാപകമായി പ്രചരിച്ചത്. പക്ഷേ, ഇതിനൊക്കെ പിറകില്‍ പ്രവര്‍ത്തിച്ചത് സംഘ്പരിവാറാണെന്ന് മാത്രം മനസ്സിലാക്കുന്നതില്‍ യുവത പരാജയെപ്പട്ടു.

എന്‍ക്രിപ്ഷന്‍ കോഡ് ഉപയോഗിക്കുന്നതിനാല്‍ വാട്‌സ് ആപ്പില്‍ എന്തും തട്ടിവിടാമെന്നുള്ള ധൈര്യത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തവനൊക്കെയും കുടുങ്ങുന്ന കാഴ്ചയാണ് പോലീസ് അന്വേഷണത്തിലൂടെ കേരളം കണ്ടത്. മെസ്സേജ് ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ടവരുടേതടക്കം രണ്ടു ലക്ഷത്തിലേറെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കയറിയുമാണ് പോലീസ് ഗൂഢസംഘത്തിലേക്ക് എത്തുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മൊബൈല്‍ ഫോണുകളില്‍നിന്ന് ഇത്തരം ഗ്രൂപ്പുകളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് മനസ്സിലാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെങ്കിലും അതിനുശേഷമുള്ള അന്വേഷണം അതെല്ലാം കവച്ചുവെക്കുന്നതാണെന്ന് പറയാതിരിക്കാനാകില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ സംഘടനയുടെയോ പിന്‍ബലമില്ലാതിരുന്നിട്ടും ഹര്‍ത്താല്‍ നടക്കുക മാത്രമല്ല, ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകരെല്ലാം സജീവമായി ഹര്‍ത്താലിനായി രംഗത്തിറങ്ങിയെന്നതും കാണേണ്ട വസ്തുതയാണ്. അതുകൊണ്ടാണല്ലോ പോലീസ് നിരപരാധികളെ വേട്ടയാടുന്നു എന്ന് പറഞ്ഞ് ഒരുവിധ രാഷ്ട്രീയ പാര്‍ട്ടിയെല്ലാം പ്രസ്താവനയുമായി രംഗത്തുള്ളത്.

വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഓഫ് സിസ്റ്റേഴ്‌സ് എന്നീ വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണ് ഹര്‍ത്താല്‍ ആസൂത്രണം ചെയ്തവര്‍ സൃഷ്ടിച്ചതെങ്കിലും ഈ പേരുകളോട് സമാനത പുലര്‍ത്തുന്ന നിരവധി ഗ്രൂപ്പുകള്‍ പ്രാദേശികമായി പലയിടങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. ഹര്‍ത്താലിനുശേഷം വാട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട മറ്റൊരു മെസ്സേജാണ് ‘ചലോ കോഴിക്കോട്’ എന്ന ടൈറ്റിലില്‍ കത്വ സംഭവത്തില്‍ പ്രതിഷേധിക്കാനായി കോഴിക്കോട്ട് ഒത്തുചേരാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളത്. എന്നാല്‍ അപ്പോഴേക്കും പോലീസ് ഉണര്‍ന്നിരുന്നതിനാല്‍, കോഴിക്കോട്ട് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും കൂടുതല്‍ അനിഷ്ട സംഭവങ്ങളില്ലാതെ കേരളം രക്ഷപ്പെട്ടെന്നും പറയാം.

സാങ്കേതിക വിദ്യയുടെയും സാമൂഹികമാധ്യമങ്ങളുടെയും വ്യാപനമാണ് ഇത്തരത്തിലൊരു ഹര്‍ത്താലിന് കളമൊരുക്കിയതെങ്കിലും അതേ സ്രോതസ്സ് തന്നെയാണ് പോലീസ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഉപയോഗിച്ചതെന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ പ്രതിഷേധങ്ങളുടെ ഫലമായുള്ള ഹര്‍ത്താലിന്റെ ഫോട്ടോയും വീഡിയോയുമൊക്കെ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമൊക്കെ ഷെയര്‍ ചെയ്തത് പോലീസ് അന്വേഷണത്തിന് വലിയൊരു പരിധിവരെ സഹായകമായി. ഗ്രൂപ്പുകളില്‍നിന്നും ഗ്രൂപ്പുകളിലേക്കു പടര്‍ന്ന ഹര്‍ത്താല്‍ ആഹ്വാനം അതേ ഗ്രൂപ്പുകളിലൂടെയുള്ള അന്വേഷണത്തിലൂടെ പോലീസിന് എളുപ്പത്തില്‍ കണ്ടെത്താനായി. ഒരേസമയം നായകനും വില്ലനുമായത് സോഷ്യല്‍ മീഡിയയും സാങ്കേതികവിദ്യയും.