Ongoing News
വീണ്ടും മെസി മാജിക്ക്: ലാലിഗ കിരീടം ബാഴ്‌സലോണക്ക്

മാഡ്രിഡ്: സ്പാനിഷ് ലാലിഗ കിരീടം ബാഴ്‌സലോണ സ്വന്തമാക്കി. ഡിപ്പോര്‍ട്ടിവോ ലാ കൊരുണയെ കീഴടക്കിയാണ് ബാഴ്‌സ കിരീടമുറപ്പിച്ചത്. സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഹാട്രിക്കിന്റെ കരുത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു കറ്റാലന്‍മാരുടെ ജയം. ബാഴ്‌സലോണയുടെ 25ാം ലാലിഗ കിരീടമാണിത്. നാല് മത്സരങ്ങള്‍ ശേഷിക്കെയാണ് ബാഴ്‌സ കിരീടമുറപ്പിച്ചത്. കഴിഞ്ഞ ആഴ്ച സെവിയ്യയെ കീഴടക്കി സ്പാനിഷ് കിംഗ്‌സ് കപ്പും ബാഴ്‌സലോണ സ്വന്തമാക്കിയിരുന്നു.
കളി തുടങ്ങി ഏഴാം മിനുട്ടില്‍ കുട്ടിഞ്ഞോയുടെ ഗോളില്‍ ബാഴ്‌സ മുന്നിലെത്തി. 38ാം മിനുട്ടില്‍ മെസി ലീഡുയര്‍ത്തി. 40ാം മിനുട്ടില്‍ പെരസും 64ാം മിനുട്ടില്‍ കോലാക്കും നേടിയ ഗോളില്‍ ഡിപ്പോര്‍ട്ടിവോ 2-2ന് സമനില പിടിച്ചു. എന്നാല്‍, അവസാന പത്ത് മിനുട്ടില്‍ തുടരെ രണ്ട് ഗോളുകള്‍ നേടിയ മെസി ബാഴ്‌സയുടെ വിജയവും കിരീടവും ഉറപ്പിച്ചു. ലാലിഗയുടെ ചരിത്രത്തില്‍ ഏഴ് വ്യത്യസ്ത സീസണുകളില്‍ 30 ലധികം ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി.
ലീഗില്‍ 34 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സലോണക്ക് 86 പോയിന്റായി. രണ്ടാമതുള്ള അത്‌ലറ്റിക്കോക്ക് 75 പോയിന്റാണുള്ളത്. ശേഷിക്കുന്ന എല്ലാ മത്സരങ്ങള്‍ ജയിച്ചാലും അത്‌ലറ്റിക്കോക്ക് ബാഴ്‌സക്കൊപ്പമെത്താന്‍ കഴിയില്ല. 71 പോയിന്റുമായി റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്. 67 പോയിന്റുള്ള വലന്‍ഷ്യയാണ് നാലാമത്.