Connect with us

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ശിപാര്‍ശ ചെയ്യും: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

Published

|

Last Updated

കാസര്‍കോട് കേന്ദ്ര സര്‍വകലാശാല പുതിയ ക്യാമ്പസ് രാജ്യത്തിന് സമര്‍പ്പിച്ച് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു സംസാരിക്കുന്നു

കാസര്‍കോട്: പെരിയയിലുള്ള കേന്ദ്ര സര്‍വകലാശാല ക്യാമ്പസില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യംകൂടി ഏര്‍പ്പെടുത്തണമെന്ന് ഉപ രാഷ്ട്രപതി എം വെങ്കയ്യ നായിഡു പറഞ്ഞു. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നും കര്‍ണാടകയിലെ മണിപ്പാല്‍, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി പോകുന്ന സാഹചര്യവും അദ്ദേഹം എടുത്തുപറഞ്ഞു. പെരിയ കേന്ദ്ര സര്‍വകലാശാലയുടെ പുതിയ കാമ്പസ് രാഷ്ട്രത്തിന് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ലോകമെമ്പാടുമായി 800 സര്‍വകലാശാലകള്‍ ഉണ്ടായിട്ടും ഇന്ത്യയില്‍ നിന്നും ഒരെണ്ണംപോലും ആഗോളതലത്തില്‍ ഒന്നാമതെത്തിയിട്ടില്ല. ഇതിന്റെ കാരണത്തെ കുറിച്ച് അക്കാദമിക സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതാണ്. അതിനായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ഉതകും വിധം ഇന്ത്യന്‍ വിദ്യാഭ്യാസം ഉടച്ചുവാര്‍ക്കേണ്ടതുണ്ട്.

ഉന്നത വിദ്യഭ്യാസ രംഗത്ത് ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണെങ്കിലും ഇന്ത്യയുടെ എന്റോള്‍മെന്റ് നിരക്ക് 25 ശതമാനമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 65 ശതമാനം പേര്‍ 35 വയസ്സിന് താഴെയാണ്. കൂടുതല്‍ പേര്‍ ഇനിയും വിദ്യാഭ്യാസം നേടേണ്ടതുണ്ട്.

ജോലി തേടി വിദേശ രാജ്യങ്ങളില്‍ പോയാലും തിരികെയെത്തി ജന്മനാടിന് വേണ്ടി പ്രയത്‌നിക്കണം. നമ്മുടെ സമൂഹത്തിന് നന്മയാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ഏത് ഭാഷ പഠിച്ചാലും മാതൃഭാഷ മറക്കരുത്. ഭാവിയില്‍ കേരളത്തിലെ ഉന്നതവിഭ്യാഭ്യാസം മലയാളത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.