കക്കാനറിയാം; നില്‍ക്കാനും

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാറില്‍ കല്‍ക്കരി - ഊര്‍ജ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പാണ് പിയുഷ് ഗോയലിന്റെ കമ്പനി വില്‍പ്പന. ഊര്‍ജ - കല്‍ക്കരി വകുപ്പുകളില്‍ നിന്ന് ലഭിക്കാനിടയുള്ള വലിയ 'സേവന'ങ്ങള്‍ മുന്നില്‍ക്കണ്ടാകണം വലിയ വില നല്‍കി പീയുഷിന്റെ കമ്പനി വാങ്ങാന്‍ അജയ് പിരമല്‍ സന്‍മനസ്സ് കാട്ടിയത് എന്ന് കരുതണം. കമ്പനികളുടെ സാമ്പത്തികാരോഗ്യം പരിഗണിച്ചാല്‍ അതല്ലാതെ മറ്റൊരു കാരണവും ഈ വാങ്ങലിനില്ല തന്നെ. അഴിമതി കുറേക്കൂടി സമര്‍ഥവും സംഘടിതവുമായി നടപ്പാക്കപ്പെടുകയാണ്. അധികാര സ്ഥാനത്തിരിക്കുന്നവരോ അധികാരത്തില്‍ സ്വാധീനമുള്ളവരോ മുന്‍കൂറായി കൈക്കൂലി വാങ്ങുന്ന, അതു തന്നെ കമ്പനി വില്‍പ്പനയുടെ പേരിലോ കമ്പനിയിലേക്ക് നല്‍കപ്പെടുന്ന വായ്പയുടെ പേരിലോ നിയമസാധുത നേടുന്ന സ്ഥിതി.
Posted on: April 30, 2018 6:00 am | Last updated: April 29, 2018 at 9:53 pm

കൊടികുത്തി വാഴുന്ന അഴിമതിയെ സമൂലം ഇല്ലാതാക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. അതിലേക്ക് അസാമാന്യ വേഗത്തില്‍ മുന്നേറുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് പിന്‍വലിച്ച് ജനത്തിന്റെ വയറ്റത്തടിച്ചതായിരുന്നു (സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് ശാസ്ത്രീയനാമം) അഴിമതി ഇല്ലാതാക്കാനുള്ള പ്രയോഗങ്ങളിലൊന്ന്. അതേക്കുറിച്ച് ശൗരി വാചാലനായിരുന്നു, കണ്ണീരണിഞ്ഞും അല്ലാതെയും. പിന്നെ ഏറ്റമധികം വാചാലനായത് പാചക വാതക സിലിന്‍ഡറുകളുടെ സബ്‌സിഡിയെക്കുറിച്ചായിരുന്നു. ‘ജാം’ (ജന്‍ധന്‍ അക്കൗണ്ട് + ആധാര്‍ + മൊബൈല്‍) എന്ന വജ്രായുധം പ്രയോഗിച്ച് സഹസ്ര കോടികളുടെ അഴിമതി ഇല്ലാതാക്കിയതിന്റെ കഥ. അതദ്ദേഹം വിവരിച്ചത് ഇവ്വിധം – ‘വര്‍ഷത്തില്‍ പതിനെട്ട്, പത്തൊമ്പത് കോടി പാചക വാതക സിലിന്‍ഡറുകള്‍ ഒരു വര്‍ഷം വില്‍ക്കുന്നു. സിലിന്‍ഡറൊന്നിന് 250 – 300 രൂപ സബ്‌സിഡിയായി നല്‍കുന്നു. ഇങ്ങനെ വിതരണം ചെയ്യുന്നതില്‍ സിലിന്‍ഡറുകളില്‍ നാലോ അഞ്ചോ കോടി എണ്ണം വാങ്ങിയിരുന്നത് ഇതുവരെ ജനിച്ചിട്ടില്ലാത്തവരായിരുന്നു. ആ സിലിന്‍ഡറുകളുടെ സബ്‌സിഡിപ്പണം പലരുടെയും പോക്കറ്റുകളില്‍ പോയി. പാചക വാതക കണക്ഷനുള്ളവരുടെ ബേങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ച് സബ്‌സിഡി നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കിയതോടെ സബ്‌സിഡി തട്ടിപ്പ് നിലച്ചു. പ്രതിവര്‍ഷം 14,000 മുതല്‍ 15,000 വരെ കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായിക്കൊണ്ടിരുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ അഴിമതി ‘ജാം’ വന്നതോടെ അവസാനിച്ചു.

ആധാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതും അതിനെ ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചതും സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുന്ന സമ്പ്രദായം കൊണ്ടുവന്നതും ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാറായിരുന്നു. ശിഷ്ടം ജന്‍ധന്‍ അക്കൗണ്ട് മാത്രം. വികാരഭരിതമായ ശബ്ദത്തില്‍ നാല് കൊല്ലത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഏതാണ്ടെല്ലാ പദ്ധതികളും വര്‍ഷങ്ങളായി നടപ്പാക്കിക്കൊണ്ടിരുന്നവയാണ്. പേരുകള്‍ മാറ്റിയെന് മാത്രം. സകലനേട്ടത്തിന്റെയും ഉത്തരവാദി താനെന്ന് അവകാശപ്പെടുന്നതിലെ അല്‍പ്പത്തം തത്കാലം മറക്കുക. അഴിമതി ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തെയും അതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വാചാലതയെയും കേന്ദ്രീകരിക്കാം.

യു പി എ സര്‍ക്കാറിന്റെ കാലത്ത് ഉയര്‍ന്ന സഹസ്ര കോടികളുടെ അഴിമതി ആരോപണങ്ങള്‍ നാല് വര്‍ഷത്തിനിടെ ഉയര്‍ന്നിട്ടില്ല എന്നത് ശരിയാണ്. ഉന്നതങ്ങളിലെ അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ സാധിച്ചതുകൊണ്ടാണ് ആരോപണങ്ങളൊന്നുമുണ്ടാകാത്തത് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. അവിടെ തുടങ്ങി പാചക വാതക വിതരണത്തിലെ ചെറിയ തട്ടിപ്പ് വരെയുള്ളവ ഒഴിവാക്കിയെന്നാകുമ്പോള്‍ രാജ്യമൊന്നാകെ മാവേലി നാടാകാന്‍ അധികം സമയം വേണ്ടതില്ല എന്ന് തോന്നിപ്പോകും. ഇവ്വിധം അഴിമതിയെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കയാല്‍, വൈകാതെ രാജ്യം അഴിമതി മുക്തമാകുമെന്ന് ഉത്തമ വിശ്വാസത്തോടെ പറയാന്‍ തനിക്ക് സാധിക്കുമെന്നാണ് വിദേശത്തെ വേദികളില്‍ ഇന്ത്യന്‍ വംശജരോട് പ്രസംഗിക്കുമ്പോള്‍ നരേന്ദ്ര മോദി അവകാശപ്പെടുന്നത്. ഈ വാക്കുകള്‍ (വികാരതീവ്രമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ) കേള്‍ക്കുമ്പോള്‍ നമ്മുടെ രാജ്യമെത്രമാറിയെന്ന അത്ഭുതത്തോടെയുള്ള സന്തോഷം വിടരുന്ന പ്രവാസി ഇന്ത്യക്കാരുടെ മുഖം ഏതാണ്ടെല്ലാ വേദികളിലുമുണ്ട്.

ഈ അവകാശവാദത്തിനൊപ്പിച്ചല്ല, കാര്യങ്ങളെന്നതാണ് യാഥാര്‍ഥ്യം. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇപ്പോള്‍ റെയില്‍വേ – കല്‍ക്കരി മന്ത്രിയായിരിക്കുന്ന, മുമ്പ് ഊര്‍ജ – കല്‍ക്കരി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന പീയുഷ് ഗോയലിനെക്കുറിച്ചുയര്‍ന്ന ആരോപണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പീയുഷ് ഗോയലും ഭാര്യയും ഡയറക്ടര്‍മാരായ കമ്പനി, ബേങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന ആരോപണം നേരത്തെയുണ്ട്. അതിന് പിറകെയാണ് രണ്ടായിരത്തില്‍ രൂപവത്കരിച്ച ഫഌഷ്‌നെറ്റ് ഇന്‍ഫൊ സോല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി, വന്‍ വ്യവസായി അജയ് പിരമലിന്റെ ഉടസ്ഥതയിലുള്ള കമ്പനിക്ക് വിറ്റത്. കമ്പനി വില്‍ക്കുന്നതില്‍ നിയമവിരുദ്ധമായൊന്നുമില്ല. രണ്ടായിരത്തില്‍ രൂപവത്കരിച്ച കമ്പനി 2014ലാണ് വിറ്റത്. വില്‍ക്കുമ്പോള്‍ ഓഹരിയുടമകള്‍ക്ക് ഓഹരിയൊന്നിന് രണ്ട് രൂപ ഇരുപത് പൈസ ലാഭവിഹിതം നല്‍കാനുള്ള ത്രാണിയേ ഫഌഷ്‌നെറ്റിനുണ്ടായിരുന്നുള്ളൂ. മോഹവില നല്‍കി വാങ്ങാന്‍ പാകത്തിലുള്ള ലാഭമൊന്നും പീയുഷിന്റെ കമ്പനിയുണ്ടാക്കിയിരുന്നില്ലെന്ന് അര്‍ഥം. എന്നിട്ടും ഓഹരിയൊന്നിന് ആയിരം മടങ്ങ് നല്‍കി, അജയ് പിരമലിന്റെ കമ്പനി, ഫഌഷ്‌നെറ്റ് വാങ്ങി! ഫഌഷ്‌നെറ്റിന്റെ ഓഹരിയുടെ മുഖവില പത്ത് രൂപയായിരുന്നു. ഒന്നിന് പതിനായിരം രൂപ കൈപ്പറ്റിയായിരുന്നു വില്‍പ്പന. ഇവ്വിധം അമ്പതിനായിരത്തി എഴുപത് ഓഹരികളാണ് അജയ് പിരമലിന്റെ കമ്പനി വാങ്ങിയത്. ആകെ ചെലവ് 50 കോടി എഴുപതിനായിരം രൂപ. ഈ ഇടപാട് നടക്കുമ്പോള്‍ ഫഌഷ്‌നെറ്റിനെ വാങ്ങിയ പിരമല്‍ എസ്റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 119 കോടിയോളം രൂപ നഷ്ടത്തിലുമായിരുന്നു! വാങ്ങിയെടുത്ത ഫഌഷ്‌നെറ്റിന്റെ പേര് ആസാന്‍ ഇന്‍ഫൊ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി പ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ 2017ല്‍ രേഖപ്പെടുത്തിയ നഷ്ടം 14.78 കോടി.

നിലവില്‍ തന്നെ നഷ്ടത്തിലോടിയിരുന്ന പിരമല്‍ എസ്റ്റേറ്റ്‌സിനെക്കൊണ്ട് പിന്നീട് നഷ്ടമുണ്ടാക്കിയ കമ്പനി, വന്‍തുക മുടക്കി വാങ്ങിപ്പിക്കാന്‍ അജയ് പിരമല്‍ നിശ്ചയിച്ചത് വെറുതെയാകുമോ? ഊര്‍ജം, കല്‍ക്കരി, റെയില്‍വേ എന്നീ മേഖലകളിലൊക്കെ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളുണ്ട് അജയ് പിരമലിന്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാറില്‍ കല്‍ക്കരി – ഊര്‍ജ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പാണ് പിയുഷ് ഗോയലിന്റെ കമ്പനി വില്‍പ്പന. ഊര്‍ജ – കല്‍ക്കരി വകുപ്പുകളില്‍ നിന്ന് ലഭിക്കാനിടയുള്ള വലിയ ‘സേവന’ങ്ങള്‍ മുന്നില്‍ക്കണ്ടാകണം വലിയ വില നല്‍കി പീയുഷിന്റെ കമ്പനി വാങ്ങാന്‍ അജയ് പിരമല്‍ സന്‍മനസ്സ് കാട്ടിയത് എന്ന് കരുതണം. കമ്പനികളുടെ സാമ്പത്തികാരോഗ്യം പരിഗണിച്ചാല്‍ അതല്ലാതെ മറ്റൊരുകാരണവും ഈ വാങ്ങലിനില്ല തന്നെ. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി എന്ന നിലയ്ക്ക് ‘മികച്ച’ പ്രകടനം കാഴ്ചവെച്ച പീയുഷിന്, നരേന്ദ്ര മോദി കാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം നല്‍കി, കല്‍ക്കരി വകുപ്പില്‍ തുടരുന്നു, റെയില്‍വേ അധികമായി കിട്ടി. ഈ രണ്ട് വകുപ്പുകളില്‍ നിന്ന് അജയ് പിരമലിന്റെ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച സേവനങ്ങളെന്തൊക്കെ എന്നത് പരിശോധിച്ചാലേ, കമ്പനി കൈമാറ്റം വെറും വില്‍പ്പനയായിരുന്നോ അതോ മുന്‍കൂറായി നല്‍കിയ കൈക്കൂലിയായിരുന്നോ എന്ന് മനസ്സിലാകൂ. ആരോപണം നേരിടുന്ന ആരെയും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവിന് കരണീയമായത്, മന്ത്രിയെ നീക്കിനിര്‍ത്തി അന്വേഷണം നടത്തുക എന്നതാണ്. സ്വന്തം ചേരിയിലെ ഏത് ഏഴാം കൂലി പ്രതിസ്ഥാനത്തു നില്‍ക്കുന്ന അന്വേഷണവും ഏത് വിധേനയും അട്ടിമറിക്കാന്‍ മടികാണിച്ചിട്ടില്ല, ഇക്കാലത്തിനിടെ എന്നതിനാല്‍ മന്ത്രിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമെന്നത് സാധ്യതയായിപ്പോലുമില്ല.

ഏതാണ്ട് ഇതേ സ്ഥിതിയായിരുന്നു അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ കാര്യത്തിലും. നഷ്ടത്തിലോടിയിരുന്ന കമ്പനിയെ വായ്പ നല്‍കി സഹായിക്കാന്‍ പൊടുന്നനെ സ്ഥാപനങ്ങളുണ്ടാകുന്നു, അതും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം. വായ്പ സ്വീകരിച്ച കമ്പനി പൊടുന്നനെ വലിയ ലാഭമുണ്ടാക്കുന്നു. പിന്നെ പൂട്ടുന്നു. വായ്പ നല്‍കിയത്, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉന്നത സ്ഥാനത്തുണ്ടായിരുന്ന വ്യക്തി രൂപവത്കരിച്ച കമ്പനിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മൊബൈല്‍ സേവന രംഗത്തേക്ക് ഇറങ്ങുകയും നരേന്ദ്ര മോദി തന്നെ അതിന്റെ പരസ്യ മോഡലാകുകയും ചെയ്തത് ഓര്‍മയുള്ളവര്‍ക്ക് ജയ് ഷായുടെ കമ്പനിയിലേക്ക് എത്തിയ വായ്പയുടെ ഉറവിടത്തെക്കുറിച്ച് സംശയമുണ്ടായാല്‍ കുറ്റം പറയാനാകില്ല.

ഇതുപോലുള്ള പല കമ്പനികളുള്ള നേതാക്കള്‍ കുറവല്ല. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് ഓഹരി പങ്കാളിത്തമുള്ള പത്തിലധികം കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ദേശീയ ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. വിദേശത്തു നിന്ന് പണം ഇറക്കുന്നതിന് രൂപവത്കരിച്ച ‘ഷെല്‍’ കമ്പനികളാണിവയെന്ന് ആക്ഷേപവുമുണ്ടായിരുന്നു. ആ കമ്പനികളൊക്കെ ഇവ്വിധം വിറ്റഴിക്കപ്പെട്ടിട്ടുണ്ടോ ആവോ?

യു പി എ സര്‍ക്കാറിന്റെ കാലത്ത് കോളിളക്കമുണ്ടാക്കിയ, ടു ജി, കല്‍ക്കരി ഇടപാടുകളില്‍ ലക്ഷം കോടിയിലേറെ രൂപ വീതം ഖജനാവിന് നഷ്ടമുണ്ടായെന്നായിരുന്നു ആരോപണം. സ്‌പെക്ട്രവും കല്‍ക്കരിപ്പാടങ്ങളും ലേലം ചെയ്തു നല്‍കിയിരുന്നുവെങ്കില്‍ കിട്ടുമായിരുന്ന തുക കണക്കാക്കിയാണ് ഖജനാവിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തിയത്. അത്തരം രീതികള്‍ മാറിയിരിക്കുന്നുവെന്ന് ഉറപ്പിച്ച് പറയാം. അഴിമതി കുറേക്കൂടി സമര്‍ഥവും സംഘടിതവുമായി നടപ്പാക്കപ്പെടുകയാണ്. അധികാര സ്ഥാനത്തിരിക്കുന്നവരോ അധികാരത്തില്‍ സ്വാധീനമുള്ളവരോ മുന്‍കൂറായി കൈക്കൂലി വാങ്ങുന്ന, അതു തന്നെ കമ്പനി വില്‍പ്പനയുടെ പേരിലോ കമ്പനിയിലേക്ക് നല്‍കപ്പെടുന്ന വായ്പയുടെ പേരിലോ നിയമസാധുത നേടുന്ന സ്ഥിതി. വര്‍ഗീയാതിക്രമങ്ങള്‍ വര്‍ധിക്കുകയും വെറുപ്പ് വളര്‍ത്താന്‍ പാകത്തിലുള്ള പ്രവൃത്തികളുടെ കാര്യത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ മത്സരിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ വരുതിയില്‍ നിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ പൊതുശ്രദ്ധ അവിടങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു, കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍. അധികാരം ഉപയോഗിച്ച് അഴിമതി നടത്തുന്നതിനെക്കുറിച്ച് വേവലാതിപ്പെടാനുള്ള സമയം ഇന്ത്യക്കാരന് ലഭിച്ചതേയില്ല. ഇക്കാലത്തിനിടെ വലിയ ആരോപണങ്ങള്‍ ഉണ്ടാകാതിരുന്നതിന് അതും ഒരു കാരണമാണ്. അല്ലെങ്കിലും കണക്കെടുപ്പുകളൊക്കെ കഴിഞ്ഞ്, ആരോപണങ്ങളുയരാന്‍ സമയം ആകുന്നതേയുള്ളൂ. ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്തെ കണക്കെടുപ്പ് (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയത്) കഴിഞ്ഞ് നഷ്ടക്കണക്കും അഴിമതി ആരോപണങ്ങളുമുയര്‍ന്നത് രണ്ടാം യു പി എയുടെ കാലത്താണല്ലോ.

സിലിന്‍ഡറൊന്നിന് 250 – 300 രൂപ തട്ടിയെടുത്തുകൊണ്ടിരുന്ന (ഇപ്പോഴത്രയൊമൊന്നുമില്ല, സബ്‌സിഡി നരേന്ദ്ര മോദി സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്) വലിയ മാഫിയയെ ഇല്ലാതാക്കിയ, 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് അഴിമതിയുടെ വേരറുക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രിയുടെ കണ്‍മുന്നിലാണ് കൈയടക്കത്തോടെയുള്ള വാങ്ങലുകള്‍ നടക്കുന്നത്. അത്രയും സമര്‍ഥന്മാരുള്ളപ്പോള്‍ വ്യവസായ ആവശ്യത്തിന് ഏറ്റെടുത്ത സര്‍ക്കാര്‍ ഭൂമി, ഡി നോട്ടിഫൈ ചെയ്ത് തത്പരക്ഷികള്‍ക്ക് കൈമാറ്റം ചെയ്തതില്‍ അഞ്ചോ ആറോ കോടി കോഴ വാങ്ങിയെന്ന് ആരോപണം നേരിടുന്ന ബി എസ് യെദ്യൂരപ്പയെ തന്നെയാണ് കര്‍ണാടകത്തില്‍ ബി ജെ പിയ്ക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നത്. അഴിമതി തുടച്ചുനിക്കാന്‍ പ്രതിജ്ഞാബദ്ധനായ പരമാധികാരിക്ക് ലജ്ജ കൂടാതെ യെദ്യൂരപ്പക്ക് വേണ്ടി പ്രചാരണം നടത്തുകയുമാകാം. മൗറീഷ്യസിലും മറ്റും കമ്പനികള്‍ രൂപവത്കരിച്ച് കള്ളപ്പണം നാട്ടിലേക്ക് ഒഴുക്കിയ, ഇരുമ്പയിര് ഖനനത്തിലെ അഴിമതിയുടെ പേരില്‍ നിയമനടപടി നേരിടുന്ന ബെല്ലാരിയിലെ റെഡ്ഢി സഹോദരന്‍മാരുടെ (ജനാര്‍ദന – കരുണാകര – സോമശേഖര) ബിനാമികള്‍ക്ക് സീറ്റ് നല്‍കുകയും റെഡ്ഢി സഹോദരന്‍മാര്‍ തന്നെ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഒറ്റ നിര്‍ബന്ധം മാത്രം. അഴിമതിയോടും കള്ളപ്പണത്തോടും വികാരതീവ്രമായ ശബ്ദം കൊണ്ട് പൊരുതിക്കൊണ്ടേയിരിക്കണം.