Connect with us

National

ഇന്ത്യയും പാക്കിസ്ഥാനും ചരിത്രത്തിലാദ്യമായി സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഇതാദ്യമായി ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച് സൈനിക അഭ്യാസത്തില്‍ പങ്കെടുക്കും. സെപ്തംബറില്‍ റഷ്യയില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനിക അഭ്യാസത്തിലായിരിക്കും ഇന്ത്യയും പാക്കിസ്ഥാനും അണി ചേരുക. ചൈനയടക്കം നിരവധി രാജ്യങ്ങളും ഈ അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്. നാറ്റോക്ക് ബദലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷാംഗ്ഹായി സഹകരണ സംഘടന (എസ് സി ഒ)യുടെ ആഭിമുഖ്യത്തിലാണ് സൈനിക അഭ്യാസം. ചൈനയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സഹകരണ സംവിധാനമായ ഷാംഗ്ഹായിയില്‍ ഇന്ത്യ പങ്കാളിയാണ്.

റഷ്യയിലെ ഉറാല്‍ പര്‍വത മേഖലയിലാകും അഭ്യാസം നടക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എസ് സി ഒയിലെ മിക്ക അംഗരാജ്യങ്ങളും അഭ്യാസത്തില്‍ പങ്കെടുക്കും. എട്ട് അംഗരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാന ദൗത്യങ്ങള്‍ക്കായുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യം. തീവ്രവാദ വിരുദ്ധ ദൗത്യങ്ങളില്‍ പങ്കു വഹിക്കലും ലക്ഷ്യമാണ്. ഇന്ത്യയുടെ പങ്കാളിത്തം പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ബീജിംഗില്‍ നടന്ന എസ് സി ഒ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ അവര്‍ പങ്കെടുത്തിരുന്നു.

യു എന്‍ സമാധാന ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ, പാക് സൈന്യങ്ങള്‍ സംയുക്തമായി അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. 2001ല്‍ ചൈനയിലെ ഷാംഗ്ഹായിയില്‍ നടന്ന ഉച്ചകോടിയിലാണ് എസ് സി ഒ നിലവില്‍ വന്നത്. റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാഖിസ്ഥാന്‍, തജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവയുടെ പ്രസിഡന്റുമാരാണ് അന്ന് ഉച്ചകോടിയില്‍ പങ്കെടുത്തത്. 2005ല്‍ ഇന്ത്യക്കും പാക്കിസ്ഥാനും സംഘടനയില്‍ നിരീക്ഷക രാഷ്ട്ര പദവി ലഭിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇരു രാജ്യങ്ങള്‍ക്കും പൂര്‍ണ അംഗത്വം ലഭിച്ചത്.

ഇന്ത്യയുടെ അംഗത്വത്തിനായി ശക്തമായി വാദിച്ചത് റഷ്യയാണെങ്കില്‍ ചൈനയുടെ പിന്തുണയാണ് പാക്കിസ്ഥാനെ സംഘടനയില്‍ എത്തിച്ചത്. സംഘടന പല ഘട്ടങ്ങളിലായി വിപുലീകരിച്ച് ഇപ്പോള്‍ ലോകത്തെ 40 ശതമാനം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന നിലയിലെത്തിയിരിക്കുന്നു. ആഗോള ജി ഡി പിയുടെ 20 ശതമാനം വരുന്നത് എസ് സി ഒ അംഗരാജ്യങ്ങളില്‍ നിന്നാണ്.

Latest