ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം: കേന്ദ്രം പോസ്‌കൊ നിയമ ഭേദഗതിക്കൊരുങ്ങുന്നു

Posted on: April 28, 2018 1:52 pm | Last updated: April 28, 2018 at 3:20 pm

ന്യൂഡല്‍ഹി: ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളില്‍ നീതി ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പോസ്‌കൊ നിയമത്തില്‍ ഭേദഗതിക്കൊരുങ്ങുന്നതായി സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മന്ത്രാലയം വ്യക്തമാക്കി. 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ഓര്‍ഡിന്‍സ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുറപ്പെടുവിച്ചതിന് പിറകെയാണ് ആണ്‍കുട്ടികള്‍ക്കും തുല്യനീതിക്കായി കേന്ദ്രം പദ്ധതിയിടുന്നത്.

തുല്യ ലിംഗ നീതിക്കായാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും ലൈംഗിക പീഡനത്തിനിരയാകുന്ന ആണ്‍കുട്ടികള്‍ക്ക് നീതിയുറപ്പാക്കാന്‍ പോസ്‌കൊ നിയമത്തില്‍ ഭേഗദതി കൊണ്ടുവരുമെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ആണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാകുന്നത് അവഗണിക്കപ്പെടുന്ന യാഥാര്‍ഥ്യമാണെന്ന കാര്യം സ്ത്രീകളുടേയും കുട്ടികളുടേയും മന്ത്രി മനേക ഗാന്ധിയും അടുത്തിടെ സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്‌കൊ നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നത്.