വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കാനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍
Posted on: April 28, 2018 6:06 am | Last updated: April 27, 2018 at 11:48 pm

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കാനാകില്ലെന്നും ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യം അവസാനിപ്പിക്കുമെന്നും സ്വകാര്യ ബസ് ഉടമകളുടെ സംഘടന അറിയിച്ചു. ഇന്ധന വില വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റി അറിയിച്ചു. സൗജന്യ നിരക്കില്‍ വിദ്യാര്‍ഥികളെ കൊണ്ടു പോകണമെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കണമെന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ സമീപനമില്ലെങ്കില്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്നും അസോസിയേഷന്‍ അറിയിച്ചു.

ഡീസല്‍ വില വര്‍ധന മൂലം വ്യവസായം നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യം ഉന്നയിക്കുന്നില്ല. ബസില്‍ 60 ശതമാനം യാത്രക്കാരും വിദ്യാര്‍ഥികളാണ്. സര്‍ക്കാര്‍ ആനുകൂല്യമൊന്നും നല്‍കാത്ത സ്ഥിതിയില്‍ ജൂണ്‍ ഒന്ന് മുതല്‍ എല്ലാ യാത്രക്കാരില്‍ നിന്നും മുഴുവന്‍ തുകയും ഈടാക്കാനാണ് തീരുമാനമെന്നും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റി വ്യക്തമാക്കി.

എന്നാല്‍, ബസില്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിച്ചില്ലെങ്കില്‍ ബസുകള്‍ റോഡില്‍ തടയുമെന്ന് എസ് എഫ് ഐ മുന്നറിയിപ്പ് നല്‍കി. ജൂണ്‍ ഒന്ന് മുതല്‍ കണ്‍സഷന്‍ യാത്ര നിര്‍ത്തലാക്കി വിദ്യാര്‍ഥികളില്‍ നിന്ന് മുഴുവന്‍ ചാര്‍ജും ഈടാക്കുമെന്നുള്ള ബസുടമകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് എസ് എഫ് ഐ അറിയിച്ചു.

വിദ്യാര്‍ഥികളുടെ ന്യായമായ കണ്‍സഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്ത് ഒരു സ്വകാര്യ ബസിനെയും നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ യാത്രാ കൂലിയില്‍ ഇളവ് അനുവദിക്കണമെന്ന് 1966ലെ ഹൈക്കോടതി ഉത്തരവുണ്ട്. ഈ വിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയും സര്‍ക്കാറിനെ കണ്‍സഷന്‍ വിഷയത്തില്‍ അനുസരിക്കില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്യുന്ന സ്വകാര്യ ബസ് ഉടമകള്‍ കേരളത്തിലെ വിദ്യാര്‍ഥികളെയും പൊതു സമൂഹത്തെയും വെല്ലുവിളിക്കുകയാണെന്നും എ ഐ എസ് എഫ് കുറ്റപ്പെടുത്തി.