വിപ്പ് ലംഘിച്ചതിന് അയോഗ്യത കല്‍പ്പിക്കണമെന്ന് ആവശ്യം പനീര്‍ശെല്‍വത്തിന് ഹൈക്കോടതിയില്‍ ആശ്വാസം

Posted on: April 28, 2018 6:05 am | Last updated: April 27, 2018 at 11:41 pm

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെയും കൂട്ടാളികളെയും അയോഗ്യരാക്കണമെന്ന റിട്ട് ഹരജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നേതൃത്വം നല്‍കുന്ന സര്‍ക്കാറിനെതിരെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നിയമസഭയില്‍ നടന്ന അവിശ്വാസവോട്ടെടുപ്പില്‍ പനീര്‍ശെല്‍വവും കൂട്ടാളികളായ എം എല്‍ എമാരും എതിരായി വോട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവരെ അയോഗ്യരാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഡി എം കെ വിപ്പ് ആര്‍ സക്കരപാണിയും പി വെട്രിവേല്‍ അടക്കമുള്ള അയോഗ്യരായ എ ഐ എ ഡി എം കെയിലെ പതിനെട്ട് എം എല്‍ എമാരില്‍ ചിലരുമാണ് ഹരജി സമര്‍പ്പിച്ചത്.

അയോഗ്യത കല്‍പ്പിക്കണമെന്ന് സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കുന്നത് നീതിന്യായ കടന്നുകയറ്റമായും നിയമസഭയുടെ അധികാരത്തിന്മേലുള്ള കൈയേറ്റമായും വിലയിരുത്തപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദൂസും നിരീക്ഷിച്ചു. പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയത് പോലെ സ്പീക്കര്‍ കര്‍ത്തവ്യം നിറവേറ്റാത്ത സാഹചര്യത്തിലും ഇങ്ങനെ നിര്‍ദേശം നല്‍കാന്‍ കോടതിക്കാകില്ല.

പനീര്‍ശെല്‍വത്തിനും കൂട്ടാളികളായ എം എല്‍ എമാര്‍ക്കുമെതിരായി സ്പീക്കര്‍ പി ധനപാല്‍ നടപടിയെടുക്കാത്തതിലെ വിശ്വസ്യത ചോദ്യം ചെയ്യുന്ന ഹരജി പരാമര്‍ശിച്ച്, അത്തരം ആരോപണങ്ങളുടെ ആഴത്തിലേക്ക് പോകാന്‍ ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചു.

അതേസമയം വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഡി എം കെ വിപ്പിനെ പ്രതിനിധാനം ചെയ്ത് ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ഷണ്‍മുഖ സുന്ദരം സമര്‍പ്പിച്ച ഹരജി സ്വീകരിച്ച് ഹൈക്കോടതി അറിയിച്ചു.

ഭരണഘടനാ വ്യവസ്ഥകളുടെ വ്യാഖ്യാനം ഉള്‍പ്പെടുന്നതിനാല്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇരു പക്ഷത്തിന്റെയും വിശദമായ വാദം കേള്‍ക്കലിന് ശേഷം കേസില്‍ വിധി പറയുന്നത് കഴിഞ്ഞ മാസമാണ് കോടതി മാറ്റിവെച്ചത്. പാര്‍ട്ടി വിപ്പ് ലംഘിച്ചുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാല്‍ വിപ്പ് ലഭിച്ചില്ലെന്നാണ് പനീര്‍ശെല്‍വത്തിന്റെ വാദം.