Connect with us

Sports

ഗുഡ്‌ബൈ ബാഴ്‌സ! ഇനിയില്ല ഇനിയേസ്റ്റ

Published

|

Last Updated

ബാഴ്‌സലോണ: ഇതിഹാസ താരം ആന്‍ഡ്രസ് ഇനിയേസ്റ്റ സ്പാനിഷ് ക്ലബായ ബാഴ്‌സലോണ വിടുന്നു. ഇന്നലെ അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഈ സീസണ്‍ അവസാനിക്കുന്നതോടെ ക്ലബ് വിടുകയാണെന്ന് ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സ്‌പെയിനിന്റെ മിഡ് ഫീല്‍ഡറായ ഇനിയേസ്റ്റ ബാഴ്‌സലോണക്ക് വേണ്ടി 16 സീസണുകളിലായി 669 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ബാഴ്‌സക്ക് വേണ്ടി ഏറ്റവും അധികം മത്സരങ്ങളില്‍ കളിച്ച താരമെന്ന ബഹുമതിയും ഈ 33കാരനാണ്. സ്‌പെയിനിന് വേണ്ടി പ്രധാനപ്പെട്ട മൂന്ന് ടൂര്‍ണമെന്റുകളും ബാഴ്‌സക്ക് വേണ്ടി 31 ട്രോഫികളും നേടുന്നതില്‍ ഈ കളിക്കാരന്റെ പങ്കുമുണ്ട്. 2010 ലോകകപ്പ്, 2008, 2012 യൂറോ കപ്പ് എന്നിവയാണ് സ്‌പെയിനിന് വേണ്ടിയുള്ള നേട്ടങ്ങള്‍. ബാഴ്‌സന്‍ വിജയത്തില്‍ നാല് ചാമ്പ്യന്‍സ് ലീഗും എട്ട് ലാലിഗയും ഉള്‍പ്പെടും. നാളെ ഡെപോര്‍ട്ടീവോക്കെതിരായ മത്സരത്തില്‍ ഒരു പോയിന്റ് നേടുകയാണെങ്കില്‍ ഒരു പൊന്‍തൂവല്‍ കൂടി ബാഴ്‌സക്കും ഇനിയേസ്റ്റക്കും സ്വന്തമാക്കും. തുടര്‍ച്ചയായ നാല് വര്‍ഷത്തിനുള്ളില്‍ മൂന്നാം ലാലിഗയാകും ഇതോടെ ബാഴ്‌സക്കൊപ്പം പോകുക. 2015 മുതല്‍ ബാഴ്‌സലോണയുടെ ക്യാപ്റ്റനും ഇനിയേസ്റ്റയാണ്.1996ല്‍ 12ാം വയസ്സില്‍ ബാഴ്‌സലോണയില്‍ എത്തിയ ഇനിയേസ്റ്റ ക്ലബിന് വേണ്ടി 55 ഗോളുകള്‍ അദ്ദേഹം നേടി.

കഴിഞ്ഞ ഒക്‌ടോബറില്‍ ബാഴ്‌സയുമായി ആജീവാനന്ത കരാര്‍ ഒപ്പിട്ട് ക്ലബില്‍ തന്നെ വിരമിക്കുമെന്ന് സൂചന നല്‍കിയ ഇനിയേസ്റ്റയാണ് ഇപ്പോള്‍ ക്ലബ് വിടുമെന്ന് പ്രഖ്യാപിച്ചത്. ഇനി എന്താണ് തന്റെ അടുത്ത നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമില്ല. ഏറെക്കാലം ആലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ഇനിയേസ്റ്റ മാധ്യമങ്ങളോട് പറഞ്ഞു. ബാഴ്‌സ ലോകത്തെ ഏറ്റവും മികച്ച ക്ലബാണെന്നും തനിക്ക് വേണ്ടി എല്ലാം ക്ലബ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.