ഗോ മൂത്രം വിറ്റാല്‍ കര്‍ശന നടപടി: ദുബൈ നഗരസഭ

Posted on: April 27, 2018 8:51 pm | Last updated: April 27, 2018 at 8:51 pm

ദുബൈ: ഗോമൂത്രം വില്‍ക്കുന്നത് അനുവദനീയമല്ലെന്നു ദുബൈ നഗരസഭാ ഭക്ഷ്യ സുരക്ഷാ വിഭാഗം മേധാവി ഈമാന്‍ അല്‍ ബസ്തക്കി വ്യക്തമാക്കി. ദുബൈയിലെ ഒന്നോ രണ്ടോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഗോ മൂത്രം വില്‍ക്കുന്നുവെന്ന വാട്ട്‌സ് ആപ് പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു ബസ്തക്കി.

ഏതെങ്കിലും കമ്പനി ഇവ വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത ആയിരിക്കാം. ദേര, ബര്‍ ദുബൈ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തിയപ്പോള്‍ ഗോമൂത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല. നഗരസഭയ്ക്കും വാട്ട്‌സ് ആപ് സന്ദേശം ലഭിച്ചിരുന്നു. 50 മില്ലി ബോട്ടിലിനു രണ്ടു ദിര്‍ഹം എന്ന് രേഖപ്പെടുത്തിയ ചിത്രവും സന്ദേശത്തോടൊപ്പം ഉണ്ടായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ഷെല്‍ഫില്‍ ഇവ നിരത്തി വെച്ച ചിത്രവും പ്രചരിച്ചിരുന്നു. ഗോ മൂത്രം വിറ്റിട്ടില്ലെന്നു സൂപ്പര്‍മാര്‍ക്കറ്റ് വൃത്തങ്ങളും വ്യക്തമാക്കി. ഗോമൂത്രം ഔഷധ ഗുണമുള്ളതാണെന്നു തെറ്റിദ്ധരിപ്പിച്ചു ഉത്തരേന്ത്യയില്‍ വ്യാപകമായി ഗോ മൂത്രം വില്പന നടത്തുന്നു. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

പശുവിന്റെ പാലിനേക്കാള്‍ ഔഷധ ഗുണമുള്ളതു എന്ന പ്രചാരണവും ചിലര്‍ നടത്തുന്നു. 100 കോടി ഡോളര്‍ വാണിജ്യത്തിനു സാധ്യതയുണ്ടെന്ന് ഒരു ഇന്ത്യന്‍ പത്രം വാര്‍ത്ത പടച്ചു വിടുകയും ചെയ്തു. ദുബൈയില്‍ ഗോ മൂത്രം വിറ്റാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുബൈ നഗരസഭ വ്യക്തമാക്കി.