ഇന്ത്യക്കാരിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍

Posted on: April 27, 2018 8:44 pm | Last updated: April 27, 2018 at 8:44 pm
ഷാര്‍ജയില്‍ കൊലപാതകം നടന്ന വില്ല

ഷാര്‍ജ: ഇന്ത്യക്കാരിയുടെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ മൈസലോണ്‍ മേഖലയിലാണു സംഭവം. 36 വയസുണ്ട്. കുടുംബവഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് ഭാര്യയെ കൊന്നു വീടിനുള്ളില്‍ തന്നെ കുഴിച്ചിട്ടതാണെന്ന് പോലീസ് പറഞ്ഞു. കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ട ശേഷം വീടിനു മുന്‍പില്‍ ‘വാടകയ്ക്ക്’ എന്ന ബോര്‍ഡ് തൂക്കി ഇയാള്‍ മക്കള്‍ക്കൊപ്പം ഇന്ത്യയിലേക്കു കടന്നു.

വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

ഫോറന്‍സിക് വിദഗ്ധരും പോലീസും ഉടന്‍ തന്നെ സ്ഥലത്തെത്തി ദുര്‍ഗന്ധം വമിക്കുന്ന സ്ഥലം പോലീസ് നായയുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. യുവതിയുടെ അഴുകിയ ശരീരം പുറത്തെടുത്തു. അപ്പോള്‍ മാത്രമാണ് ഇത്തരം ഒരു ക്രൂരകൃത്യം നടന്നത് സമീപവാസികള്‍ പോലും അറിയുന്നത്.

കൊലപാതകം നടന്നിട്ട് ഒരു മാസം പിന്നിട്ടെന്നും കൃത്യമായി കുഴിച്ചിടാതിരുന്നതിനാലാണ് ദുര്‍ഗന്ധം പുറത്തേക്കു വന്നതെന്നും ഫോറന്‍സിക് വിദഗ്ധര്‍ അറിയിച്ചു. കൂടുതല്‍ പരിശോധനക്കായി മൃതദേഹം ലാബിലേക്കു മാറ്റിയിരിക്കുകയാണ്.