കൊന്ന് തരൂ; പ്രധാനമന്ത്രിക്ക് ഗുജറാത്ത് കര്‍ഷകരുടെ കത്ത്

Posted on: April 27, 2018 6:16 am | Last updated: April 27, 2018 at 12:18 am

അഹമ്മദാബാദ്: മരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ഗുജറാത്തിലെ അയ്യായിരത്തിലേറെ കര്‍ഷകര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കും കത്തയച്ചു. തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ മരണക്കത്തയച്ചത്. 12 ഗ്രാമങ്ങളിലെ കര്‍ഷകരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 5259 പേരാണ് കത്തയച്ചത്. സൈന്യത്തെ ഇറക്കി വെടിവെച്ച് കൊന്നു തരൂ എന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ജയ് ജവാന്‍, ജയ് കിസാന്‍ എന്ന വാക്യത്തോടെയാണ് കത്ത് അവസാനിക്കുന്നത്.

സംസ്ഥാന സര്‍ക്കാറും ജി പി സി എല്ലും (ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന്‍) പോലീസ് സേനയെ ഉപയോഗിച്ചാണ് തങ്ങളുടെ ഭൂമിയില്‍ നിന്ന് ഇറക്കിവിട്ടതെന്നും തീവ്രവാദകളെപ്പോലെയാണ് തങ്ങളോട് അധികൃതര്‍ പെരുമാറിയതെന്നും കര്‍ഷകര്‍ കത്തില്‍ പറയുന്നു. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ഒരു കമ്പനിക്ക് അഞ്ച് വര്‍ഷം മുമ്പ് ഏറ്റെടുത്ത ഭൂമി കൈവശപ്പെടുത്താന്‍ അധികാരമില്ല. വൈദ്യുതി വിഭാഗം ഏറ്റെടുത്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജി പി സി എല്‍ ഭൂമിയില്‍ അവകാശവാദവുമായി എത്തിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി ജീവിച്ച സ്ഥലം അധികാരികള്‍ പിടിച്ചെടുത്തതോടെ ജീവിക്കാന്‍ ഇടമില്ലാതായെന്നും മരണമല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും കര്‍ഷകര്‍ പറയുന്നു. ലാത്തി ചാര്‍ജ് നടത്തിയും കണ്ണീര്‍ വാതകം പ്രയോഗിച്ചും സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കുന്ന സര്‍ക്കാര്‍ നടപടി യഥാര്‍ഥ തീവ്രവാദമാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

കഴിഞ്ഞ മാസമാണ് ഒടുവില്‍ കര്‍ഷകരും സര്‍ക്കാറും നേര്‍ക്ക്‌നേര്‍ നിന്നത്. സമാധാനപരമായി സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ പോലീസ് മൂന്ന് റൗണ്ട് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. പ്രാദേശിക കര്‍ഷക സംഘടനയായ ഗുജറാത്ത് ഖേദത് സമാജ് ആണ് സമരം നയിക്കുന്നത്.