Connect with us

National

ബൂട്ടിയയുടെ പുതിയ പാര്‍ട്ടി ഹംരോ സിക്കിം

Published

|

Last Updated

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് രണ്ട് മാസം പിന്നിടുമ്പോള്‍ മുന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈച്ചൂംഗ് ബൂട്ടിയ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. “ഹംരോ സിക്കിം” എന്നാണ് പാര്‍ട്ടിയുടെ പേര്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപനം. 20 വര്‍ഷത്തെ ഫുട്‌ബോള്‍ വഴി താന്‍ നേടിയെടുത്ത പ്രതിച്ഛായ രാഷ്ട്രീയം വഴി നശിപ്പിക്കില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്ന് ബൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുവജനങ്ങള്‍ക്കാണ് പാര്‍ട്ടി കൂടുതല്‍ പ്രധാന്യം നല്‍കുകയെന്നും അവര്‍ക്ക് ആവശ്യമായ നയങ്ങള്‍ നടപ്പിലാക്കാന്‍ പാര്‍ട്ടി എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ എല്ലാവരെയും ഉള്‍പ്പെടുത്താന്‍ തനിക്ക് കഴിയുമെന്നും ബൂട്ടിയ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബൂട്ടിയ ഡാര്‍ജിലിംഗില്‍ നിന്ന് തൃണമൂല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നുവെങ്കിലും തോല്‍ക്കുകയായിരുന്നു. 2016ല്‍ സിലിഗുരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും തോല്‍വിയായിരുന്നു ഫലം. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് രണ്ട് വര്‍ഷത്തിന് ശേഷം 2013ലാണ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. സിക്കിമില്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാനാണ് തൃണമൂല്‍ ബന്ധം അവസാനിപ്പിച്ചതെന്ന് അന്ന് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.