Connect with us

Kerala

കാഴ്ച പരിമിതരായ കുട്ടികള്‍ക്കുള്ള സ്‌കൂള്‍: പ്രവേശനം ആരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം: തലസ്ഥാനത്ത് വഴുതയ്ക്കാട്ട് കാഴ്ചപരിമിതര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ പ്രവേശനം ആരംഭിച്ചു. ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസ്സിനും 10 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കും രണ്ട് മുതലുള്ള ക്ലാസുകളിലേക്ക് ടി സിയുടെ അടിസ്ഥാനത്തിലുമാണ് പ്രവേശനം. വിദ്യാഭ്യാസം, ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. സാധാരണ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ക്ക് പുറമെ ആധുനിക വിവരസാങ്കേതികവിദ്യ, സംഗീതം, ഉപകരണസംഗീതം, വിവിധ തൊഴിലുകളിലുള്ള പരിശീലനം, കായിക വിദ്യാഭ്യാസം തുടങ്ങിയവ ഒന്നാം ക്ലാസ് മുതല്‍ പഠിപ്പിക്കും.

പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം, സൗജന്യ വൈദ്യപരിശോധനകള്‍, മരുന്ന്, സൗജന്യ പഠനവിനോദയാത്രകള്‍, സ്വന്തം കഴിവിനെ വികസിപ്പിക്കുന്നതിനുള്ള മത്സരങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്.

40 ശതമാനമോ അതില്‍ കൂടുതലോ കാഴ്ചക്കുറവുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം വിദ്യാലയത്തില്‍ നേരിട്ടെത്തണം. ജൂണ്‍ രണ്ടിനകം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും.
വിശദവിവരങ്ങള്‍ക്ക് ഹെഡ്മാസ്റ്റര്‍, കാഴ്ചപരിമിതര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ വിദ്യാലയം, വഴുതയ്ക്കാട്, തിരുവനന്തപുരം 14, ഫോണ്‍: 0471 2328184, മൊബൈല്‍ 8547326805. ഇ-മെയില്‍ gbs.tvpm@gmail.com, web: www.gsvt.in.