Connect with us

Editorial

ആസാറാം ബാപ്പുമാര്‍

Published

|

Last Updated

നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തുന്നതാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയ ജോധ്പൂര്‍ എസ് സി, എസ് ടി കോടതി വിധി. ബലാത്സംഗക്കേസില്‍ ആളുകള്‍ ശിക്ഷിക്കപ്പെടുന്നത് രാജ്യത്ത് സാധാരണമാണെങ്കിലും ആസാറാം ബാപ്പുവിന്റെ സ്വാധീനം, രാഷ്ട്രീയ പ്രമുഖരുമായുള്ള ബന്ധം, സാക്ഷികളെ കൊല്ലുന്നത് ഉള്‍പ്പെടെ കേസ് തേച്ചുമായ്ച്ചു കളയുന്നതിന് നിരന്തരം നടത്തിയ ശ്രമങ്ങള്‍ തുടങ്ങിയവ പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കേസിന് പതിവില്‍ കവിഞ്ഞ പ്രാധാന്യമുണ്ട്.

2013 ആഗസ്റ്റിലാണ് ആസാറാമിന്റെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പതിനാറുകാരിയെ അയാള്‍ ബലാത്സംഗം ചെയ്തത്. ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി അടുത്ത ദിവസം സ്‌കൂളില്‍ ബോധം കെട്ടുവീണതിനെ തുടര്‍ന്നാണ് പീഡന വിവരം പുറംലോകമറിയുന്നത്. പഠനത്തില്‍ മോശമാണെന്നും അത് പരിഹരിക്കാനായി ഭൂതബാധ ഒഴിപ്പിക്കാനെന്നും പറഞ്ഞാണ് ജോധ്പൂരിലെ തന്റെ ആശ്രമത്തിലേക്ക് പെണ്‍കുട്ടിയെ ആസാറാം വിളിച്ച് വരുത്തിയത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലെ പട്ടികവിഭാഗ കുടുംബത്തിലെ അംഗമാണ് ബാലിക. 2013 ആഗസ്റ്റ് 15നു രാത്രിയുണ്ടായ സംഭവത്തില്‍ സെപ്തംബര്‍ ഒന്നിന് അറസ്റ്റിലായ അസാറാം ബാപ്പു അന്നുമുതല്‍ ജയിലിലാണ്. ഐ പിഎസ് ഉദ്യോഗസ്ഥന്‍ അജയ് പാല്‍ ലാംബ നടത്തിയ സത്യസന്ധമായ അന്വേഷണമാണ് സംഭവങ്ങളുടെ ചുരുളഴിച്ചതും നീതിപീഠം വ്യാജസന്യാസിക്ക് ശിക്ഷവിധിക്കാന്‍ ഇടയാക്കിയതും.

ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമായി നൂറുകണക്കിന് ആശ്രമങ്ങളും പതിനായിരം കോടിയിലേറെ രൂപയുടെ ആസ്തിയുമുള്ള, ബി ജെ പിയിലെയും കോണ്‍ഗ്രസിലെയും ഉന്നത രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ആസാറാം ബാപ്പുവിനെതിരെയുളള കേസ് ലക്ഷ്യത്തിലെത്തിക്കുകയെന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു. 2013 ആഗസ്റ്റ് 20ന് കേസ് ഏറ്റെടുത്തപ്പോള്‍ ജോധ്പൂരില്‍ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന അജയ് പാല്‍ലാംബയെ തേടിയെത്തിയത് അന്വേഷണത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടുള്ള രണ്ടായിരത്തോളം ഭീഷണിക്കത്തുകളും നൂറോളം വധഭീഷണി ഫോണ്‍ സന്ദേശങ്ങളുമായിരുന്നു. ഇതുമൂലം ഭാര്യക്കു വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും മകള്‍ക്കു സ്‌കൂളില്‍ പോകാനും പറ്റാതായി. ഉദയ്പുരിലേക്ക് താമസം മാറിയതോടെയാണ് കുടുംബം പുറംവായു ശ്വസിച്ചു തുടങ്ങിയതെന്ന് ലാംബ തന്നെ പിന്നീട് വെളിപ്പെടുത്തി. കേസിലെ സാക്ഷികള്‍ക്ക് ഭീഷണി നേരിടേണ്ടിവന്നുവെന്നു മാത്രമല്ല, ജീവന്‍ തന്നെ ബലികൊടുക്കേണ്ടി വന്നു. കേസില്‍ സാക്ഷിപറഞ്ഞ പത്ത് പേരില്‍ മൂന്നു പേരാണു ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു പിടിയിലായവരില്‍ ഒരാള്‍, തങ്ങളുടെ ആചാര്യനാണ് കൊലയുടെ പിന്നിലെന്ന് സമ്മതിക്കുകയും ചെയ്തു. ആസാറാം ബാപ്പുവിന്റെ അനുയായികള്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഡല്‍ഹിയിലെ കമലാ മാര്‍ക്കറ്റ് പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും നേരെ നിരന്തരം വധഭീഷണി മുഴക്കുകയും ചെയ്തു.

ബി ജെ പിക്കും നരേന്ദ്രമോദിക്കും കനത്ത തിരിച്ചടിയാണ് കോടതി വിധി. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം തൊട്ടേ ഈ സന്യാസിയുമായി അടുത്ത ബന്ധത്തിലായിരുന്ന നരേന്ദ്രമോദി രാഷ്ട്രീയ ഗുരുവെന്നാണ് അയാളെ വിശേഷിപ്പിച്ചിരുന്നത്. അസാറാമിന്റെ അനുഗ്രഹമാണ് തന്റെ രാഷ്ട്രീയ വളര്‍ച്ചയുടെ പിന്നിലെന്ന് മോദി പറയാറുണ്ടായിരുന്നു. സൂറത്തെിലെയും മറ്റും ആശ്രമങ്ങളുടെ പ്രവര്‍ത്തനത്തിന് അദ്ദേഹത്തിന് അകമഴിഞ്ഞ പിന്തുണയും മോദി സര്‍ക്കാര്‍ നല്‍കി. അഹമ്മദാബാദിലെ സബര്‍മതി നദീതീരത്ത് 1970കളില്‍ ആശ്രമം പണിതു തുടങ്ങിയ ആസാറാമിന്റെ ആത്മീയ തട്ടിപ്പ് ഇന്ത്യയിലും വിദേശത്തുമായി നൂറുക്കണക്കിന് ആശ്രമങ്ങള്‍ സ്ഥാപിച്ചു പടര്‍ന്നുപന്തലിക്കാന്‍ സഹായകമായത് മോദിയുള്‍പ്പെടെ ബി ജെ പിയിലെയും കോണ്‍ഗ്രസിലെയും ചില നേതാക്കളുടെ സഹകരണമാണ്. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ മൂന്നാം ക്ലാസ് പാഠപുസ്തകത്തില്‍ ശ്രീബുദ്ധന്‍, സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ, രാമകൃഷ്ണ പരമഹംസന്‍, ശ്രീ ശങ്കരാചാര്യന്‍ എന്നിവര്‍ക്കൊപ്പമാണ് ആസാറാമിനെ ഉള്‍പ്പെടുത്തിയത്. മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ സംസ്ഥാനത്തെ റോഡുകള്‍ക്കും ബസ്സ്റ്റാന്‍ഡുകള്‍ക്കും ആസാറാം ബാപ്പുവിന്റെ നാമം നല്‍കിയിട്ടുണ്ട്. ആദരസൂചകമായി നല്‍കിയ ഈ പേരുകള്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരുത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ്് ചൗഹാന്‍ വ്യക്തമാക്കി.

കേസിന്റെ തുടക്കത്തില്‍ ആസാറാം ബാപ്പു പരമ ശുദ്ധനാണെന്നും അന്നത്തെ യു പി എ സര്‍ക്കാര്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് കേസെന്നും പറഞ്ഞു പല ബി ജെ പി നേതാക്കളും രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിനെ ആക്രമിക്കാനും അസാറാമിന്റെ അനുയായികളുടെ പിന്തുണ ഉറപ്പിക്കാനുമുള്ള അവസരമായാണ് ബി ജെ പി അദ്ദേഹത്തിന്റെ അറസ്റ്റിനെ കണ്ടിരുന്നത്. ആസാറാമിന് വേണ്ടി കോടതിയില്‍ഹാജരാകുമെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രഖ്യാപിക്കുകയുമുണ്ടായി. പന്തിയല്ലെന്ന് കണ്ട് അദ്ദേഹം പിന്നീട് പിന്മാറുകയായിരുന്നു. കേവലം കപടനും തട്ടിപ്പുകാരനുമായിരുന്നുവെന്ന് വ്യക്തമായ സ്ഥിതിക്ക് ആസാറാമിനെയും രാംദേവിനെയും പോലെയുള്ളവര്‍ക്ക് ഭരണതലത്തില്‍ സഹായങ്ങള്‍ നല്‍കിയതില്‍ ബി ജെ പി നേതൃത്വം ഇന്ത്യന്‍ ജനതയോട് മാപ്പ് പറയേണ്ടതുണ്ട്.