Connect with us

Kerala

പോലീസിന് മനുഷ്യമുഖം പ്രധാനം; തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല- മുഖ്യമന്ത്രി

Published

|

Last Updated

തൃശൂര്‍: പോലീസിന്റെ മനുഷ്യമുഖമാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട തെറ്റുകളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാറോ പോലീസ് മേധാവികളോ സ്വീകരിക്കില്ലെന്നും അഥവാ സ്വീകരിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ കാര്യാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അ ദ്ദേഹം.

മൂന്നാംമുറ പാടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പലതരം മാനസികാവസ്ഥയുള്ളവര്‍ പോലീസിലുണ്ടാകും. അതിനാല്‍ ഒറ്റപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനു പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. രാജ്യത്തിന് തന്നെ മാതൃകയാണ് കേരള പോലീസിന്റെ പ്രവര്‍ത്തനം. ജനാധിപത്യ ഭരണ സംവിധാനത്തിന് കീഴില്‍ ആരംഭിച്ചതല്ല ഇവിടുത്തെ പോലീസ് സംവിധാനം. ബ്രിട്ടീഷ് സാമ്രാജ്യത്വം നാട്ടുകാരെയും നാടിനെയും അടക്കിഭരിക്കാനുള്ള ഉപാധിയായാണ് പോലീസിനെ കണ്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും അത് തുടര്‍ന്നു. 1957ലെ ഇ എം എസ് സര്‍ക്കാറാണ് പ്രഖ്യാപിത പോലീസ് നയത്തിലൂടെ പോലീസിന്റെ മുഖച്ഛായ മാറ്റിമറിച്ചത്. തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടേണ്ടതില്ല എന്ന തീരുമാനം അതിന്റെ ഭാഗമായുണ്ടായതാണ്. ഇത് വലിയ മാറ്റങ്ങളാണ് നാട്ടിലും പോലീസ് സംവിധാനത്തിലും ഉണ്ടാക്കിയത്. പലതരത്തിലുള്ള ഇടപെടലും കാലോചിതമായി ഉണ്ടായി. പുതിയ മുഖം പോലീസിന് കൈവന്നുവെങ്കിലും പഴയ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ തലപ്പത്തിരുന്ന പലര്‍ക്കും പോലീസിന്റെ ഇന്നത്തെ ജനകീയ മുഖത്തില്‍ താത്പര്യമില്ല. പഴയ പരമ്പരാഗത രീതിയാണ് അവര്‍ ഇഷ്ടപ്പെടുന്നത്. നാടിനും ലോകത്തിനും പോലീസിനും വന്ന മാറ്റങ്ങള്‍ കാണാതെയാണ് അത്തരക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഇന്ന് പോലീസ് സേനയിലുള്ളവരിലേറെയും. ഇത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. നാടിന്റെ മുഖച്ഛായ മാറ്റാന്‍ കെല്‍പ്പുള്ളവരാണവര്‍. കേസന്വേഷണത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തുന്നവരെ അതേ നാണയത്തില്‍ പിടികൂടാന്‍ പോലീസിന് കഴിയുന്നുണ്ട്. സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റ് പദ്ധതി രാജ്യം ഏറ്റെടുത്തുകഴിഞ്ഞു. പിങ്ക് പോലീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പിങ്ക് പോലീസിന് വാഹനങ്ങള്‍ അനുവദിക്കും. കേരളത്തില്‍ നിരീക്ഷണ ക്യാമറാ സംവിധാനം ശക്തിപ്പെടുത്തും. പുതിയ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങും. നിലവിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ നവീകരിച്ച് ശക്തമാക്കും. ഒറ്റക്ക് കഴിയേണ്ടിവരുന്നവരുടെ സംരക്ഷണ ചുമതലകൂടി കേരള പോലീസ് ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി ജി പി എന്‍. ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യ പ്രഭാഷണവും ഉപഹാര സമര്‍പ്പണവും നടത്തി. തൃശൂര്‍ നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ പോലീസ് രണ്ടുകോടി രൂപ നല്‍കാമെന്നും പത്തുകോടി രൂപ ചെലവു വരുന്ന പദ്ധതിയില്‍ തൃശൂര്‍ കോര്‍പറേഷനും മറ്റു ജനപ്രതിനിധികളും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

വ്യവസായ മന്ത്രി എ സി മൊയ്തീന്‍, സി എന്‍ ജയദേവന്‍ എം പി വിശിഷ്ടാതിഥികളായി. കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍, എം എല്‍ എമാരായ കെ വി അബ്ദുല്‍ ഖാദര്‍, മുരളി പെരുനെല്ലി, അഡ്വ. കെ രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ബി സന്ധ്യ, മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, തൃശൂര്‍ റേഞ്ച് ഐ ജി. എം ആര്‍ അജിത് കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്‍ നായര്‍ സംബന്ധിച്ചു. മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

 

Latest