ജുഡീഷ്യറി കാവി പുതക്കുമ്പോള്‍

കഴിഞ്ഞ മൂന്ന് ദശകക്കാലത്തിനിടയില്‍ ഇന്ത്യന്‍ കോടതികള്‍ കോര്‍പറേറ്റ് അനുകൂലവും ഹിന്ദുത്വാനുകൂലവുമായ നിരവധി വിധി പ്രസ്താവങ്ങളാണ് നടത്തിയിട്ടുള്ളത്. യൂനിയന്‍ കാര്‍ബൈഡ് നഷ്ടപരിഹാരക്കേസില്‍ അമേരിക്കന്‍ കുത്തകകള്‍ക്കനുകൂലമായാണ് കോടതി നിലകൊണ്ടത്. ബാബ്‌രി മസ്ജിദ് കേസില്‍ അത് തകര്‍ക്കുന്നതിലേക്കെത്തിച്ചത് കര്‍സേവക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കോടതി ഇടപെടലുകളായിരുന്നു. പ്ലാച്ചിമട, സ്വാശ്രയ കോളജ് ഉള്‍പ്പെടെയുള്ള കേസുകളില്‍ മൂലധനശക്തികളുടെ ഭാഗത്തായിരുന്നു കോടതി. കോടതികള്‍ക്ക് സംഭവിക്കുന്ന അസഹനീയമായ അപചയത്തെ മുന്‍നിര്‍ത്തിയാണ് മുമ്പ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ 'കഴ്‌സണ്‍റോഡിലെ ആ ചെങ്കല്‍ സൗധം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ ഇടിച്ചുനിരത്തപ്പെടുന്ന കാലം അത്രയൊന്നും വിദൂരമല്ലെ'ന്ന് പ്രഖ്യാപിച്ചത്.
Posted on: April 26, 2018 6:00 am | Last updated: April 25, 2018 at 10:49 pm

supremസമീപകാല കോടതിവിധികളും ജുഡീഷ്യല്‍ ഇടപെടലുകളും നീതിയെയും നിയമത്തെയും നീതിന്യായ സംവിധാനത്തെയും സംബന്ധിച്ച അഗാധമായ ഉത്കണ്ഠകളാണ് ഉയര്‍ത്തുന്നത്. നമ്മുടെ നീതിന്യായ സംവിധാനവും ന്യായാധിപന്മാരും സ്വയം കാവിപുതക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സവര്‍ണഹിന്ദുത്വ താത്പര്യങ്ങളും ഭരണകക്ഷിയായ ബി ജെ പിയുടെ രാഷ്ട്രീയ ഇംഗിതങ്ങളും സംരക്ഷിക്കുകയാണോ കോടതികളെന്ന സംശയമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ അധികാര കേന്ദ്രങ്ങളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് അനുമതി ആവശ്യപ്പെട്ടുകൊണ്ട് 60 എം പിമാരാണ് രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്.

പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തെ ദുര്‍ബലമാക്കുന്ന മാര്‍ഗരേഖ നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി, മക്കാ മസ്ജിദ് സ്‌ഫോടനക്കേസുകളിലെ പ്രതികളെ കുറ്റമുക്തരാക്കിക്കൊണ്ടുള്ള വിധി, ഏറ്റവുമൊടുവില്‍ ജസ്റ്റിസ് ലോയയുടെ മരണം അനേ്വഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ വിധി എന്നിവയെല്ലാം നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. പരമോന്നത കോടതിയില്‍ നിന്നുണ്ടാകുന്ന ഇത്തരം വിധിന്യായങ്ങള്‍ നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ അപചയത്തെയാണ് കാണിക്കുന്നത്. നീതിയെയും നിയമത്തെയും പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തെയും അവഗണിക്കുന്ന ഇത്തരം കോടതി വിധികള്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തെ തന്നെ അപകടപ്പെടുത്തുന്നതാണ്.

കോടതികള്‍ക്ക് സംഭവിക്കുന്ന അസഹനീയമായ അപചയത്തെ മുന്‍നിര്‍ത്തിയാണ് മുമ്പ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ‘കഴ്‌സണ്‍റോഡിലെ ആ ചെങ്കല്‍ സൗധം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ ഇടിച്ചുനിരത്തപ്പെടുന്ന കാലം അത്രയൊന്നും വിദൂരമല്ലെ’ന്ന് പ്രഖ്യാപിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരമൊരു പ്രസ്താവനക്ക് വിശ്വവിശ്രുതനായ കൃഷ്ണയ്യരെപോലുള്ള ഒരു നിയമജ്ഞനെ നിര്‍ബന്ധിച്ചത് കോടതികളുടെ തുടര്‍ച്ചയായ സാമൂഹിക നീതിയെ നിരാകരിക്കുന്ന വിധി പ്രസ്താവനകളായിരുന്നു. സ്വകാര്യമൂലധനത്തിന്റെയും ലാഭക്കൊതിയന്മാരായ കോര്‍പറേറ്റുകളുടെയും താത്പര്യ സംരക്ഷണത്തിനായി ഭരണഘടനാ വ്യവസ്ഥകളെയും നിലവിലുള്ള നിയമത്തിന്റെ ചട്ടങ്ങളെയും വലിച്ചുനീട്ടുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്ന കോടതി നടപടികളാണ് കൃഷ്ണയ്യരെ പ്രകോപിപ്പിച്ചത്.

ആഗോളവത്കരണ നയങ്ങള്‍ക്ക് അനുസൃതമായി കോടതികള്‍ സാമൂഹിക നീതിയെ നിരാകരിക്കുകയും അവസരസമത്വത്തിന്റേതായ ഭരണഘടനാതത്വങ്ങളെ അവഗണിക്കുകയുമാണെന്ന തിരിച്ചറിവില്‍ നിന്നാണ് കൃഷ്ണയ്യര്‍ ഞാന്‍ ന്യായാധിപന്മാര്‍ക്കിടയിലെ നക്‌സലൈറ്റ് ആണെന്ന് രോഷപൂര്‍വം പറഞ്ഞത്. സാമൂഹിക നീതിക്കും സ്ഥിതിസമത്വാശയങ്ങള്‍ക്കും മരണം വിധിച്ച നവലിബറല്‍ പരിഷ്‌കാരങ്ങളുടെ കാലത്ത് ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരാവുന്ന ജനരോഷത്തെ മറികടക്കാനുള്ള ഉപാധിയായി ജുഡീഷ്യറിയെ മൂലധനശക്തികളും ഭരണാധികാരികളും മാറ്റിയെടുക്കുകയാണ്.

കോര്‍പറേറ്റ് മൂലധനവും ഹിന്ദുത്വവര്‍ഗീയതയും ചേര്‍ന്ന് അധികാരത്തിലെത്തിച്ച മോദി സര്‍ക്കാര്‍ ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും നിരാലംബമാക്കുന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അനേ്വഷണം ആവശ്യപ്പെട്ട പൊതുതാത്പര്യ ഹരജി ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് തള്ളിക്കളയുകയാണ് ചെയ്തത്. ബി ജെ പിയുടെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രതിസ്ഥാനത്തുവരുന്ന സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ നടത്തിയിരുന്ന സി ബി ഐ കോടതിയില്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹ സാഹചര്യത്തിലെ മരണം രാജ്യം വിവാദപരമായി ചര്‍ച്ചചെയ്തതാണ്. സൊഹ്‌റാബുദീന്‍ കേസ് പരിഗണിക്കുന്നതിനിടയിലാണ് ജസ്റ്റിസ് ലോയ മരണപ്പെട്ടത്. അതുകൊണ്ടു തന്നെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന അമിത്ഷാ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് നേരെ സംശയം ഉയരുന്നത് സ്വാഭാവികം.

ഇപ്പോള്‍ സംസാരിക്കുന്ന തെളിവുകള്‍ അവഗണിച്ചാണ് ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത് വിചിത്രമായൊരു നടപടിയാണെന്നാണ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്. സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരുടെ പരസ്യപ്രതികരണത്തിന് വഴിമരുന്നിട്ട ഹരജികളാണ് ജുഡീഷ്യറിയെയും ജഡ്ജിമാരെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് മുദ്രകുത്തി ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബഞ്ച് ഹരജി തള്ളിക്കളഞ്ഞിരിക്കുന്നത്. താരതമ്യേന ജൂനിയറായ ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബഞ്ചിന് കേസ് കൈമാറിയ ചീഫ് ജസ്റ്റിസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ജനുവരിയില്‍ വാര്‍ത്താസമ്മേളനം വരെ നടത്തിയത്. ഈ സംഭവങ്ങള്‍ക്കൊടുവിലാണ് ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബഞ്ച് കേസ് ഏറ്റെടുക്കുന്നത്.

‘ദി കാരവാന്‍’ മാസിക പുറത്തുകൊണ്ടുവന്ന ജഡ്ജിയുടെ ദുരൂഹമരണം സംബന്ധിച്ച കോളിളക്കം സൃഷ്ടിച്ച റിപ്പോര്‍ട്ടുകളാണ് കേസിന്റെ അടിസ്ഥാനം. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ സൊഹ്‌റാബുദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ലോയയുടെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അച്ഛനും സഹോദരിയും മറ്റു കുടുംബാംഗങ്ങളും ഉന്നയിച്ച സംശയങ്ങള്‍ രാജ്യം ഏറ്റെടുക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകനായ ബി എസ് ലോണ്‍, ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവര്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബോംബേ ലോയേഴ്‌സ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത്ദവേയും കേസില്‍ കക്ഷിചേര്‍ന്ന സെന്റര്‍ ഫോര്‍പബ്ലിക് ഇന്ററസ്റ്റ്‌ലിറ്റിഗേഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണും കേസിലെ ഗുരുതരമായ രാഷ്ട്രീയ ഇടപെടലുകള്‍ പുറത്തുകൊണ്ടുവന്നു. മഹാരാഷ്ട്ര സര്‍ക്കാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും മുന്‍ അറ്റോര്‍ണിജനറല്‍ മുകുള്‍റോഹ്തഗിയും അമിത്ഷായെ രക്ഷിക്കാന്‍ വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് ദുഷ്യന്ത്ദവേ ചൂണ്ടിക്കാട്ടി. ‘എല്ലാവരും ഒരൊറ്റ മനുഷ്യനെ സംരക്ഷിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നു!’ എന്ന ദുഷ്യന്ത്ദവേയുടെ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചു.

രാഷ്ട്രീയമായ നേട്ടങ്ങള്‍ക്കു വേണ്ടി കോടതിയെയും പൊതുതാത്പര്യ ഹര്‍ജിയെയും ഉപയോഗിക്കരുതെന്ന സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ നിയമവൃത്തത്തിനുള്ളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ബി ജെ പി ഭരിക്കുന്ന അവസരത്തില്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനെതിരെ സംശയമുന നീളുന്ന കേസില്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും രാഷ്ട്രീയ ഇടപെടല്‍ നടക്കില്ലെന്ന നിഗമനം യാഥാര്‍ഥ്യവുമായി ഒത്തുപോകുന്നതല്ലെന്നാണ് ആക്ഷേപം. ‘കാരവാന്‍’ റിപ്പോര്‍ട്ടു പ്രകാരം മഹാരാഷ്ട്രയിലെ ധനമന്ത്രിയായ സുധീര്‍മുന്‍ഗന്‍തിവാറിന്റെ ഭാര്യാസഹോദരനായ ഡോ. മകരന്ദ്‌വ്യവഹാരെയാണ് ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം നിര്‍വഹിച്ചത്. രേഖകളില്‍ ഡോ. എന്‍ കെ തുംറാമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുള്ള തെങ്കിലും ഡോ. മകരന്ദ്‌വ്യവഹാരെയുടെ നിഗമനങ്ങളാണ് റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചതെന്നാണ് വെളിപ്പെടുത്തല്‍. ഈ രീതിയില്‍ തയ്യാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലോയയുടേത് സ്വാഭാവികമരണമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

ലോയയുടെ സഹപ്രവര്‍ത്തകരായ ജില്ലാജഡ്ജിമാരുടെ മൊഴികള്‍ അക്ഷരംപ്രതി വിശ്വസിക്കുകയാണെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു. ‘ജഡ്ജിമാരുടെ മൊഴി കോടതി വിശ്വസിച്ചില്ലെങ്കില്‍ പിന്നെ മറ്റാരുടെ മൊഴിയാണ് വിശ്വസിക്കുക?’ എന്ന സമീപനമാണ് വിധിന്യായത്തില്‍ ഉടനീളം പ്രതിഫലിക്കുന്നത്. എന്നാല്‍, ജില്ലാ ജഡ്ജിമാരുടെ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്ന ആക്ഷേപം കോടതി പരിഗണിച്ചതേയില്ല.

2018 മാര്‍ച്ച് 20-ന്റെ സുപ്രീം കോടതി വിധി ദളിത് ജനസമൂഹങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന ഏറ്റവും ശക്തമായ പരിരക്ഷാ നിയമത്തിന്റെ അട്ടിമറിയായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിലെ വ്യവസ്ഥകളെ ദുര്‍ബലമാക്കുന്ന മാര്‍ഗരേഖയാണ് വിധി പ്രസ്താവനയിലൂടെ കോടതി മുന്നോട്ടുവെച്ചത്. ഈ കേസിന്റെ വിധിയില്‍ പൊതുതാത്പര്യമെന്ന വ്യാജേന സവര്‍ണജാതി താത്പര്യങ്ങളെ സംരക്ഷിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. വ്യക്തിഗത അന്യായങ്ങളില്‍ പൊതുതാത്പര്യത്തിനുള്ള നിര്‍ദേശങ്ങളും മാര്‍ഗരേഖകളും ഇറക്കാന്‍ കോടതിക്കധികാരമുണ്ടാകാം. പക്ഷേ വ്യക്തിഗത പ്രശ്‌നങ്ങളെ സാമൂഹിക പ്രശ്‌നങ്ങളായി കോടതി സമീപിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കേണ്ടത് പ്രാഥമികമായൊരു നടപടിയാണ്. അതായത് ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കാന്‍ കോടതി ബാധ്യസ്ഥമാണ്. ഏകപക്ഷീയമായ മാര്‍ഗരേഖകളിറക്കി ഭരണഘടനയുടെ പട്ടികജാതി പട്ടികവര്‍ഗ പരിരക്ഷാവ്യവസ്ഥകളെ ഇല്ലാതാക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്.

രാജ്യത്തെ ഞെട്ടിച്ച മക്കാ മസ്ജിദ് സ്‌ഫോടനകേസില്‍ അസീമാനന്ദ അടക്കമുള്ള മുഴുവന്‍ പ്രതികളെയും ഹൈദരാബാദിലെ എന്‍ ഐ എ കോടതി ജഡ്ജി രവീന്ദ്രറെഡ്ഢി വെറുതെ വിടുകയായിരുന്നു. വിധിപ്രസ്താവം കഴിഞ്ഞ് ഏഴ് മണിക്കൂറിനകം അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് രാജിക്കത്ത് നല്‍കുകയും ചെയ്തു. രാജ്യത്തെ ഞെട്ടിച്ച സംഘ്പരിവാര്‍ ഗൂഢാലോചനയുടെ ഫലമായി ഉണ്ടായ സ്‌ഫോടനപരമ്പരയില്‍ പെട്ടതാണ് മക്കാ മസ്ജിദ് സംഭവം. അഭിനവഭാരത് എന്ന സംഘ്പരിവാര്‍ സംഘം സ്‌ഫോടനം നടത്തി കുറ്റം മുസ്‌ലിംകളുടെ പേരില്‍ ആരോപിക്കുകയായിരുന്നു. മലേഗാവ് ഉള്‍പ്പെടെയുള്ള സ്‌ഫോടനപരമ്പരകളുടെ ആസൂത്രകര്‍ തന്നെയാണ് മക്കാ മസ്ജിദിന് പിറകിലും പ്രവര്‍ത്തിച്ചത്. എന്‍ ഐ എ അനേ്വഷണത്തിലൂടെയാണ് സംഘ്പരിവാറാണ് ഈ സ്‌ഫോടനങ്ങള്‍ക്ക് പിറകിലെന്ന് വെളിവായത്. ഇപ്പോഴിതാ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് ഹൈക്കോടതി മായാകൊദ്‌നാനിയെ കുറ്റവിമുക്തയാക്കി വിധി പ്രസ്താവിച്ചിരിക്കുന്നു.

അമിത് ഷായുടെ സാക്ഷിമൊഴികളെ അടിസ്ഥാനമാക്കിയാണ് ഈ ബി ജെ പി നേതാവിനെ ഹൈക്കോടതി വെറുതെവിട്ടിരിക്കുന്നത്. ഇന്ത്യന്‍ കോടതികളുടെ കോര്‍പറേറ്റ് അനുകൂലവും സവര്‍ണ ഹിന്ദുത്വ പക്ഷപാതപരവുമായ വിധിന്യായങ്ങള്‍ നിരവധിയാണ്. കഴിഞ്ഞ മൂന്ന് ദശകക്കാലത്തിനിടയില്‍ ഇന്ത്യന്‍ കോടതികള്‍ കോര്‍പറേറ്റ് അനുകൂലവും ഹിന്ദുത്വാനുകൂലവുമായ നിരവധി വിധി പ്രസ്താവങ്ങളാണ് നടത്തിയിട്ടുള്ളത്. യൂനിയന്‍ കാര്‍ബൈഡ് നഷ്ടപരിഹാരക്കേസില്‍ അമേരിക്കന്‍ കുത്തകകള്‍ക്കനുകൂലമായാണ് കോടതി നിലകൊണ്ടത്. ബാബ്‌രി മസ്ജിദ് കേസില്‍ അത് തകര്‍ക്കുന്നതിലേക്കെത്തിച്ചത് കര്‍സേവക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കോടതി ഇടപെടലുകളായിരുന്നു. പ്ലാച്ചിമട, സ്വാശ്രയ കോളജ് ഉള്‍പ്പെടെയുള്ള കേസുകളില്‍ മൂലധനശക്തികളുടെ ഭാഗത്തായിരുന്നു കോടതി. ജുഡീഷ്യറിയുടെ മൂലധനസേവയും കാവിവത്കരണവും അപായകരമായ സൂചനകളാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനെ പ്രതിരോധിക്കേണ്ടതുണ്ട്.