മൂന്നു മാസത്തിനുള്ളില്‍ മയക്കുമരുന്ന് സംഘത്തിലെ 20 പേരെ അറസ്റ്റ് ചെയ്തു

Posted on: April 25, 2018 10:36 pm | Last updated: April 25, 2018 at 10:36 pm

അബുദാബി: കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഏഷ്യന്‍ വംശജരായ മയക്ക് മരുന്ന് സംഘത്തിലെ 20 പേരെ പിടികൂടിയതായി അബുദാബി ആഭ്യന്തര മന്ത്രാലയത്തിലെ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വഡ് അറിയിച്ചു.

രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കിയത്. ഇവരില്‍ നിന്നും 20 കിലോഗ്രാം നിരോധിക്കപ്പെട്ട ക്രിസ്റ്റല്‍ മെത്ത്, ഹെറോയിന്‍ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. അനധികൃത കച്ചവട വ്യാപാരത്തില്‍ ഉള്‍പെട്ടിരുന്ന സംഘത്തിലെ കണ്ണികള്‍ പരസ്പരം അറിയാതെ നടത്തിയ അന്വേഷണത്തില്‍ വിവിധ ബാച്ചുകളിലായാണ് പ്രതികള്‍ അറസ്റ്റിലായത്. രാജ്യത്തിന്റെ അകത്തും പുറത്തും താമസിക്കുന്നവരുടെ പങ്കാളിത്തത്തെ സംബന്ധിച്ച് പഠിക്കുന്നതിന് പോലിസ് ആന്റി നാര്‍ക്കോട്ടിക്‌സ് വില്‍പനക്കാരനായും മയക്കുമരുന്നിന്റെ പ്രധാന വിതരണക്കാരനായും വേഷം ധരിച്ചതായി പോലീസ് അറിയിച്ചു.

മയക്ക് മരുന്ന് സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിന്റെ 999 അല്ലെങ്കില്‍ 8002626 എന്ന നമ്പറില്‍ വിളിച്ചു വിവരം കൈമാറണമെന്ന് പോലീസ് അറിയിച്ചു.