Connect with us

Kerala

മകളെ രക്ഷിക്കുന്നതിനിടെ പിതാവും മക്കളും കബനിയില്‍ മുങ്ങിമരിച്ചു

Published

|

Last Updated

പുല്‍പ്പള്ളി: മകളെ രക്ഷിക്കുന്നതിനിടെ പിതാവും രണ്ട് മക്കളും മുങ്ങിമരിച്ചു. ബന്ധുക്കളോടൊപ്പം കബനി നദിയിലെ മരക്കടവിന് സമീപത്തെ മഞ്ചാടിക്കടവത്ത് പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം. വിമുക്ത ഭടന്‍ കൂടിയായ കബനിഗിരി ചക്കാലക്കല്‍ ബേബി എന്ന സ്‌കറിയ (54), മക്കളായ അജിത് സ്‌കറിയ (24), ആനി സ്‌കറിയ (18) എന്നിവരാണ് മരിച്ചത്.

ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നുപാലം പുളിമൂട്ടില്‍ മത്തായിയുടെ മക്കളായ സെവിന്‍, മിഥുല, ബന്ധുവായ ചുണ്ടേല്‍ കൊടിയില്‍ ജോണ്‍സന്റെ മകള്‍ അലീന എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയോടെ ബേബിയും മക്കളും ബന്ധുക്കളായ കുട്ടികളുമായി മഞ്ചാടിക്കടവിലെ വെള്ളം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെ ആനി കാല്‍വഴുതി കയത്തില്‍ പെടുകയായിരുന്നു. മറ്റു കുട്ടികള്‍ നിലവിളിച്ചതോടെ ഇത് കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ കരക്കെത്തിച്ചത്. ആദ്യ തിരച്ചിലില്‍ അജിത്തിന്റെയും തുടര്‍ന്ന് സ്‌കറിയയുടെയും അല്‍പ്പസമയത്തിനകം ആനിയുടെയും മൃതദേഹം കണ്ടെത്തു.

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും പുല്‍പ്പള്ളി പോലീസുമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ലിസിയാണ് സ്‌കറിയയുടെ ഭാര്യ. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് കബനിഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.