തൂക്കിക്കൊല്ലലിനെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍

വധശിക്ഷക്ക് വിഷം കുത്തി വെക്കലും വെടിവെക്കലും വേണ്ട
Posted on: April 25, 2018 6:10 am | Last updated: April 25, 2018 at 12:15 am

ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കുന്നതിന് സുരക്ഷിതവും പെട്ടെന്ന് ചെയ്യാവുന്നതുമായ മാര്‍ഗം തൂക്കികൊല്ലലാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വധശിക്ഷ നടപ്പാക്കുന്നതിന് വിഷം കുത്തിവെച്ച് കൊല്ലുന്നതിനേക്കാളും വെടിവെക്കുന്നതിനേക്കാളും അപകടരഹിതവും വളരെ വേഗത്തില്‍ ചെയ്യാവുന്നതുമായ സമ്പ്രദായം തൂക്കികൊല്ലുന്നതാണ്. മറ്റുള്ളവ അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ക്രൂരകൃത്യങ്ങള്‍ക്കാണ് വധശിക്ഷ നല്‍കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ തൂക്കികൊല്ലുന്നത് അന്തസ്സായി മരിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷക റിഷി മല്‍ഹോത്ര നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സി ആര്‍ പി സി സെക്ഷന്‍ 354(5) ഭരണഘടനയെ മറികടക്കുന്നുവെന്ന് ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്നും റിഷി മല്‍ഹോത്ര ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. അന്തസ്സോടെ മരിക്കുകയെന്നത് ഭരണഘടന നല്‍കുന്ന മൗലികാവകാശമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

അതേസമയം, ഇത് നയവുമായി ബന്ധപ്പെട്ട പ്രത്യേക വിഷയമാണെന്നും പൊതുതാത്പര്യ ഹരജി വഴി കൈകാര്യം ചെയ്യനാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഒരു വ്യക്തി വധശിക്ഷക്ക് വിധിക്കപ്പെടുമ്പോള്‍ നടപ്പാക്കേണ്ട മാര്‍ഗത്തെക്കുറിച്ച് സി ആര്‍ പി സി സെക്ഷന്‍ 354 (5) വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.