മനുഷ്യാവകാശ കമ്മീഷന് രാഷ്ട്രീയം വേണ്ട; രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി

Posted on: April 25, 2018 6:12 am | Last updated: April 24, 2018 at 11:18 pm

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്‍ കമ്മീഷന്റെ പണി എടുത്താല്‍ മതിയെന്നും രാഷ്ട്രീയ നിലപാട് വെച്ചല്ല കമ്മീഷന്‍ അഭിപ്രായപ്രകടനം നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗ വിശദീകരണത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കമ്മീഷന്‍ ചെയര്‍മാന്റെ ചുമതലയുള്ളയാള്‍ രാഷ്ട്രീയ നിലപാടുവെച്ച് അഭിപ്രായം പറയരുത്. തീരുമാനം എടുക്കുമ്പോള്‍ ഉത്തരവാദപ്പെട്ട പദവിയിലാണ് ഇരിക്കുന്നതെന്ന് ചിന്തിക്കണം. കമ്മീഷന്റേത് ശരിയായ നിലപാടാണെന്ന് തോന്നുന്നില്ല. അപക്വമായാണ് കമ്മീഷന്‍ കാര്യങ്ങള്‍ പറയുന്നത്. ശ്രീജിത്തിന്റെ കൊലപാതകത്തില്‍ ആരോപണവിധേയരായ നാല് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നിരിക്കെ അന്വേഷണം ഊര്‍ജിതമല്ലെന്ന മനുഷ്യാവകാശ കമ്മീഷന്റെ നിലപാട് തെറ്റാണ്. ഈ നാല് പോലീസ് ഉദ്യോഗസ്ഥരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ശ്രീജിത്തിന്റെ സംഭവത്തില്‍ നടപടി എടുക്കുന്നതിന് ഒട്ടും കാലതാമസം ഉണ്ടായിട്ടില്ല. തുടര്‍ന്നും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

മൂന്നാംമുറക്കെതിരെ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷം പോലീസുകാരും മാന്യമായാണ് പെരുമാറുന്നത്. എന്നാല്‍, ഏതാനും പേര്‍ക്ക് അവരുടെ സ്വഭാവം മാറ്റാനാകുന്നില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്.

വിദേശ വനിത നമ്മുടെ രാജ്യത്ത് വെച്ച് മരണപ്പെട്ടുവെന്നത് നിര്‍ഭാഗ്യകരമാണ്. അവരുടെ സഹോദരി കാണാന്‍ വന്നിരുന്നു. എന്നാല്‍, ആ സമയം താന്‍ ഇവിടെ ഉണ്ടായിരുന്നില്ല. ഓഫീസുമായി ബന്ധപ്പെട്ട് കാണാന്‍ അവര്‍ ശ്രമിച്ചുവെന്നതില്‍ ഒരു വസ്തുതയുമില്ല. അവര്‍ക്ക് പോലീസ് ക്ലബില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. സര്‍ക്കാര്‍ അതിനെ കര്‍ക്കശമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.