സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ചെങ്കൊടി ഉയരും

പ്രതിനിധി സമ്മേളനം നാളെ സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും
Posted on: April 25, 2018 6:03 am | Last updated: April 24, 2018 at 11:19 pm

കൊല്ലം: സി പി ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊല്ലത്ത് ഇന്ന് ചെങ്കൊടി ഉയരും. നാളെ രാവിലെ 11ന് പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ദേബബ്രത ബിശ്വാസ്, ആര്‍ എസ് പി നേതാവ് ക്ഷിതി ഗോസ്വാമി, എസ് യു സി ഐ നേതാവ് പ്രൊവാഷ് ഘോഷ്, സി പി ഐ – എം എല്‍ നേതാവ് ദിപാങ്കര്‍ ഭട്ടാചാര്യ തുടങ്ങിയ ഇടതുപക്ഷ ദേശീയ നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കാനം രാജേന്ദ്രന്‍ സ്വാഗതവും ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ നന്ദിയും പറയും.

കയ്യൂരില്‍ നിന്ന് സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന പതാകയും ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം കെ ആര്‍ ചന്ദ്രമോഹനന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന കൊടിമരവും വയലാറില്‍ നിന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം പി പ്രസാദിന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന ദീപശിഖയും ഇന്ന് വൈകീട്ട് അഞ്ചിന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് അങ്കണത്തിലെ സി കെ ചന്ദ്രപ്പന്‍ നഗറിലെത്തിച്ചേരും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന പോണ്ടിച്ചേരിയില്‍ നിന്നുള്ള രക്തപതാക ദേശീയ കൗണ്‍സില്‍ അംഗം വിശ്വനാഥന്റെ നേതൃത്വത്തില്‍ എത്തിക്കും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി പതാക ഉയര്‍ത്തും.

നാളെ രാവിലെ പത്തിന് എ ബി ബര്‍ദന്‍ നഗറില്‍ (ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്റര്‍) മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമായ സി എ കുര്യന്‍ പതാക ഉയര്‍ത്തും. ഉദ്ഘാടന സെഷന് ശേഷം വൈകീട്ട് മൂന്നിന് പ്രതിനിധി സമ്മേളനത്തില്‍ കരട് രാഷ്ട്രീയ പ്രമേയവും കരട് രാഷ്ട്രീയ റിവ്യൂ റിപ്പോര്‍ട്ടും കരട് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും. 27, 28 തീയതികളില്‍ റിപ്പോര്‍ട്ടുകളിന്മേല്‍ പൊതുചര്‍ച്ചയും കമ്മീഷന്‍ ചര്‍ച്ചയും നടക്കും. 28ന് ഉച്ചക്ക് ശേഷം ജനറല്‍ സെക്രട്ടറിയുടെ മറുപടിയെ തുടര്‍ന്ന് റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കും. 29ന് രാവിലെ പുതിയ ദേശീയ കൗണ്‍സിലിനെയും കണ്‍ട്രോള്‍ കമ്മീഷനെയും തിരഞ്ഞെടുക്കും. വൈകീട്ട് മൂന്നിന് ഒരു ലക്ഷം ചുവപ്പ് വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ച് നടക്കും.