Connect with us

Articles

ചാനലുകളില്‍ വേണം ബ്ലോക്കിംഗ് ന്യൂസ്

Published

|

Last Updated

സ്വകാര്യമായി ചോദിക്കുകയാ, ഏത് ബ്ലോക്കിലാണ്?
ഇന്ന് വളാഞ്ചേരിയാണ്. ഇന്നലെ കൊയിലാണ്ടി ബ്ലോക്കായിരുന്നു.
ഇതെന്താ, ദിവസവും ബ്ലോക്ക് മാറുകയാണോ?
രാവിലെ യാത്ര തുടങ്ങിയാല്‍ എത്ര ബ്ലോക്കാണ് മുമ്പില്‍ പെടുന്നത്. റോഡ് ചെറുത്, വാഹനങ്ങള്‍ വലുത്. ബ്ലോക്കാവാതെ എങ്ങനെ, പിന്നെങ്ങനെ? വീട്ടില്‍ നിന്ന് ഇറങ്ങുന്നത് കാലത്ത്, എത്തുന്നത് വൈകിട്ട്. ബ്ലോക്കാണ്. എല്ലാ കണക്കുകളും തെറ്റിപ്പോകുന്നു.

പണ്ട് സ്‌കൂളില്‍ പഠിച്ചിരുന്നപ്പോള്‍ ഇതേ പ്രശ്‌നമായിരുന്നു. മാഷ് തരുന്ന കണക്കുകളെല്ലാം തെറ്റും. അതിന് ശേഷം റോഡില്‍ വാഹനവുമായി ഇറങ്ങിത്തുടങ്ങിയപ്പോഴാണ് കണക്കുതെറ്റല്‍. വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതാണ്. ഇനി അരമണിക്കൂറിനകം എത്തിയില്ലെങ്കില്‍ മുഹൂര്‍ത്തം തെറ്റും. ഇങ്ങനെ പോയാല്‍ സദ്യ കഴിയുമ്പോഴേ എത്താന്‍ പറ്റൂ. ഭക്ഷണം കൃത്യസമയത്ത് കിട്ടിയില്ലെങ്കില്‍ വയര്‍ ബ്ലോക്കാവും. അകത്ത് ഗ്യാസ്ട്രബിള്‍, പുറത്ത് റോഡ് ട്രബിള്‍.

കേരളം കൊച്ചാണെങ്കിലും ബ്ലോക്ക് വലുതാണ്. വാഹനപ്പെരുപ്പം, അനധികൃത പാര്‍ക്കിംഗ്, റോഡ് കൈയേറ്റം. പാവം യാത്രക്കാര്‍, തിരക്കുപിടിച്ച ഇക്കാലത്ത് ഒന്നൊര മണിക്കൂര്‍ ബ്ലോക്കില്‍ കുടുങ്ങി…തിരക്കൊന്നുമില്ലെങ്കില്‍ ബ്ലോക്ക് നല്ലതാണെന്ന് തോന്നും. ബ്ലോക്ക് തുടങ്ങിയാല്‍ വണ്ടിയിലിരുന്ന് തുറക്കാം, വാട്‌സ് ആപ്, ഫെയ്‌സ് ബുക്ക്… ലൈക്കടിച്ച്, ലൈക്കടിച്ച്…

നമ്മുടെ റോഡിലൂടെ ഓടുന്ന ബസ്സുകളുടെ ബോര്‍ഡ് കണ്ടാല്‍ ചിരി വരും. ലിമിറ്റഡ് സ്‌റ്റോപ്പ്, സൂപ്പര്‍ ഫാസ്റ്റ്, മിന്നല്‍… വേഗം ലക്ഷ്യസ്ഥാനത്തെത്തണമെന്ന പ്രതീക്ഷയില്‍ കേറുന്നവര്‍ കുടുങ്ങിയത് തന്നെ. ഈ ബ്ലോക്കിലും കുണ്ടും കുഴിയും നിറഞ്ഞ റോഡിലും കുടുങ്ങിക്കുടുങ്ങി, കുലുങ്ങിക്കുലുങ്ങി…

ഇനി വീട്ടില്‍ നിന്നിറങ്ങുന്നതിന് മുമ്പ് കൂട്ടുകാരോട് വിളിച്ചു ചോദിക്കാം. പരിചയക്കാരായ ബസ് ജീവനക്കാരോട് ചോദിക്കാം, ബ്ലോക്ക് ഉണ്ടോ? ബ്ലോക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടോ? ചാനലുകാര്‍ക്ക് ബ്രേക്കിംഗ് ന്യൂസിനൊപ്പം ബ്ലോക്കിംഗ് ന്യൂസും കൊടുക്കാം. കാലാവസ്ഥ പോലെ, വൈദ്യുതി മുടക്കം പോലെ. ബ്ലോക്കിംഗ് ന്യൂസും!

റേഷന്‍ കടയിലേക്ക് പോകുകയാ. നടന്നാണ് യാത്ര. ബ്ലോക്കില്‍ കുടുങ്ങേണ്ട എന്നുകരുതിയാണ്. കടയില്‍ തിരക്കാണ്. ഇ പോസ് മെഷീന്‍ വന്നപ്പോള്‍ റേഷന്‍കട ന്യൂജെന്‍ ആയി. നെറ്റ് വഴിയാണ് സാധനക്കൈമാറ്റം. തട്ടിപ്പും വെട്ടിപ്പും ഇല്ലാതാക്കാന്‍ ഇ പോസ്.

എല്ലാവരും കാത്തിരിപ്പാണ്. വിരല്‍ അമര്‍ത്തിയിട്ട് ശരിയാകുന്നില്ല. നെറ്റ് ഇല്ലെന്നാ തോന്നുന്നത്. ആകെ ബ്ലോക്കാണ്. രണ്ടു ദിവസമായി ഇതാണ് സ്ഥിതിയെന്ന് കടക്കാരന്‍. ചാനലുകാരേ, ഇതാ ബ്ലോക്കിങ് ന്യൂസ്, റേഷന്‍ കട ബ്ലോക്ക്..!

Latest