Connect with us

Kerala

കെ എസ് ആര്‍ ടി സിയെ ചങ്കാക്കിയ പെണ്‍കുട്ടിയെ കണ്ടെത്തി; ബസിനിപ്പോള്‍ പേരും 'ചങ്ക്'

Published

|

Last Updated

ആര്‍എസ്‌സി 140 വേണാട് ബസില്‍ ചങ്ക് എന്നുകൂടി എഴുതിച്ചേര്‍ക്കുന്നു

തിരുവനന്തപുരം: “”അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്ന സാറെ, അത് പോയതില്‍ ഞങ്ങള്‍ക്ക് ഭയങ്കര സങ്കടമുണ്ട്. ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റില്ല. അത്രക്ക് ദാരിദ്ര്യമാണോ സാര്‍ ആലുവ ഡിപ്പോയില്‍”” ആലുവ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ സി ടി ജോണി ഒരു ദിവസം ഓഫീസിലേക്ക് വന്ന ഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ കേട്ടതിതൊക്കെയാണ്. കെ എസ് ആര്‍ ടി സി കട്ട ഫാനാണെന്ന് പറഞ്ഞു വിളിച്ച പെണ്‍കുട്ടിയുടെ ഫോണ്‍കാള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഫോണ്‍കോളില്‍ പേരു വെളിപ്പെടുത്താതിരുന്ന പെണ്‍കുട്ടി കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ തച്ചങ്കരിയെ സന്ദര്‍ശിച്ചപ്പോഴാണ് കെ എസ് ആര്‍ ടി സിയുടെ കട്ട ഫാന്‍ കോട്ടയത്തെ വിദ്യാര്‍ഥിയായ റോസ്‌മേരിയാണെന്ന് മനസ്സിലായത്.

റോസ്‌മേരിയും കൂട്ടുകാരിയും കെ എസ് ആര്‍ ടി സി എംഡി ടോമിന്‍ തച്ചങ്കരിയെ സന്ദര്‍ശിച്ചപ്പോള്‍

ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാന്‍ വേണ്ടിയാണ് ഫോണ്‍ വിളിച്ചത്. ഈരാറ്റുപേട്ട-കൈപ്പള്ളി-കോട്ടയം-കട്ടപ്പന ലിമിറ്റഡ് സ്‌റ്റോപ്പായി സര്‍വീസ് നടത്തിയിരുന്ന ബസാണ് ആര്‍എസ്‌സി 140 വേണാട്. ഫോണ്‍വിളി സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പെണ്‍കുട്ടി താരമായത്. ഏതായാലും ബസ് ഈരാറ്റുപേട്ടയിലേക്ക് തിരികെയെത്തി. പിന്നാലെ ബസിന് ചങ്ക് എന്ന് പേരു നല്‍കാനും കെ എസ് ആര്‍ ടി സി. എം ഡി ടോമിന്‍ തച്ചങ്കരി നിര്‍ദ്ദേശവും നല്‍കി. റോസ്‌മേരി ചൊവ്വാഴ്ച്ചയാണ് കെ എസ് ആര്‍ ടി സി എംഡിയെ സന്ദര്‍ശിച്ചത്. കൂടെ ഫോണ്‍വിളിയില്‍ സഹായിച്ച കൂട്ടുകാരിയുമുണ്ടായിരുന്നു.

കെ എസ് ആര്‍ ടി സിയുടെ വലി ഫാനായ താന്‍ സ്ഥിരം യാത്ര ചെയ്യുന്ന വണ്ടിയാണ് ആര്‍ എസ് സി 140 വേണാട്. ഒരുപാട് നല്ല ഓര്‍മകളുള്ളതിനാല്‍ അത് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. ആ ഭയത്താലാണ് ഡിപ്പോയിലേക്ക് വിളിച്ച് പരാതിപ്പെട്ടത്. സംഭാഷണം വൈറലാകുമെന്ന് വിചാരിച്ചതേയില്ലെന്നും റോസ്‌മേരി മാധ്യമങ്ങളോട് പറഞ്ഞു.

ഒരാഴ്ച മുമ്പാണ് ഡിപ്പോയിലേക്ക് റോസ്‌മേരിയുടെ ഫോണ്‍കാള്‍ വന്നത്. ആരോടാണ് പരാതി പറയേണ്ടത് അറിയില്ലെന്നു പറഞ്ഞ റോസ്‌മേരിക്ക് ഫോണ്‍ അറ്റന്‍ഡ് ചെയ്ത ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ സി ടി ജോണി ആശ്വസകരമായ മറുപടിയും പെണ്‍കുട്ടിക്ക് നല്‍കിയിരുന്നു. മാതൃകാപരമായ ജോണിയുടെ മറുപടിക്ക് കെ എസ് ആര്‍ ടി സിയുടെ അഭിനന്ദനക്കത്തും എം ഡി ഔദ്യോഗികമായി അയച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest