Kerala
വരാപ്പുഴ സംഭവം ദൗര്‍ഭാഗ്യകരം; കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം ദൗര്‍ഭാഗ്യകരാമണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കുറ്റക്കാരായ പോലീസുകാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റവാളികളെ ഒരു നിലക്കും സംരക്ഷിക്കില്ല. പോലീസില്‍ മൂന്നാം മുറ പാടില്ലെന്ന് നേരത്തെ തന്നെ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വരാപ്പുഴ സംഭവം ഉണ്ടായ ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസിന് ഉത്തരവാദിത്വമുണ്ടെന്ന് മനസ്സിലായതോടെ സിഐ അടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്തു. ശ്രീജിത്തിനെ മര്‍ദിച്ച നാല് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തുടര്‍ അന്വേഷണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെന്ന് വ്യക്തമായാല്‍ അവര്‍ക്ക് എതിരെയും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര വേഗം നടപടി ഉണ്ടാകുന്നത് ഇപ്പോഴാണെന്നും മുഖ്യമന്ത്രി പറഞ്ഞു.