മുല്ലപ്പള്ളിക്കെതിരെ മുറുമുറുപ്പുമായി നേതാക്കള്‍

  • കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിനായി ചരടുവലി ശക്തം
  • ഇരു ഗ്രൂപ്പിലെയും പ്രമുഖ നേതാക്കളില്‍ ഭൂരിഭാഗത്തിനും മുല്ലപ്പള്ളി പ്രസിഡന്റാകുന്നതിനോട് യോജിപ്പില്ല
  • അവസാന പരിഗണനയില്‍ വിഷ്ണുനാഥും മുല്ലപ്പള്ളിയും
Posted on: April 24, 2018 6:06 am | Last updated: April 24, 2018 at 12:15 am

കണ്ണൂര്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പിയെ കെ പി സി സി പ്രസിഡന്റാക്കാനുള്ള രാഷ്ട്രീയ ചരടുവലികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ അമര്‍ഷം പുകയുന്നു. കേരളത്തിലെ ഇരു ഗ്രൂപ്പിലെയും പ്രമുഖ നേതാക്കളില്‍ ഭൂരിഭാഗത്തിനും മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ പി സി സി പ്രസിഡന്റാകുന്നതിനോട് യോജിപ്പില്ലെന്നാണ് അറിയുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ബി ജെ പി സ്വാധീനം വര്‍ധിച്ച് വരുന്ന സഹാചര്യത്തില്‍ പാര്‍ട്ടിയെ കെട്ടുറപ്പോടെ നയിക്കാന്‍ പ്രാപ്തനായ ഒരാളെ കെ പി സി സി പ്രസിഡന്റാക്കണമെന്നാണ് ഗ്രൂപ്പിനതീതമായ പ്രവര്‍ത്തകരുടെ പൊതുവികാരം.

കോണ്‍ഗ്രസ് ഐ ടി സെല്ലില്‍ കെ പി സി സി പ്രസിഡന്റ് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ വി ഡി സതീശന്‍, പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍, കെ സുധാകരന്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. പി സി വിഷ്ണുനാഥ്, വി ഡി സതീശന്‍ തുടങ്ങിയ യുവനിരക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നാണ് ഇതില്‍ പൊതു അഭിപ്രായമുണ്ടായത്. പാര്‍ട്ടിയെ ചലനാത്മകമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ട ഫണ്ട് കണ്ടെത്താന്‍ മുല്ലപ്പള്ളിയെ പോലെ ഒരാള്‍ക്ക് കഴിയില്ലെന്ന് ഒരു പ്രമുഖ നേതാവ് സിറാജിനോട് പ്രതികരിച്ചു. ഫണ്ട് റേസിംഗിലുള്ള പരാജയമാണ് മുന്‍ പ്രസിഡന്റ് വി എം സുധീരന് വിനയായത്. സുധീരന്‍ പ്രസിഡന്റായിരുന്ന കാലത്ത് കെ പി സി സി പ്രവര്‍ത്തനം ഏറെ പ്രയാസപ്പെട്ടു. ഇതിനെ തുടര്‍ന്നുള്ള എതിര്‍പ്പും മറ്റ് വിഷയങ്ങള്‍ക്കൊപ്പം അദ്ദേഹത്തെ മാറ്റുന്നതിന് ഒരു ഘടകമായിരുന്നു. വി എം സുധീരന്‍ നടത്തിയ കേരളാ യാത്ര സാമ്പത്തിക വിഷയത്തില്‍ ഒരു പരാജയം തന്നെയായിരുന്നു. അത്തരത്തിലൊരാള്‍ വീണ്ടും വരുന്നത് പാര്‍ട്ടിക്കുണ്ടാകുന്ന പ്രതിസന്ധി വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സക്രിയമായ പ്രവര്‍ത്തനത്തിലൂടെ പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തി ബി ജെ പിയുടെ വര്‍ധിച്ച് വരുന്ന സ്വാധീനം പ്രതിരോധിക്കാനും പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ട ഫണ്ട് കണ്ടെത്തുന്നതിനും കെ മുരളീധരന്‍, കെ സുധാകരന്‍ തുടങ്ങിയ നേതാക്കളാണ് കൂടുതല്‍ യോജിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റാകുന്നതിനോട് വി എം സുധീരന്‍, കെ സുധാകരന്‍ എന്നിവര്‍ക്കല്ലാം വിയോജിപ്പാണുള്ളതെന്നാണ് അറിയുന്നത്. വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായിരിക്കെ നടത്തിയ കേരള യാത്രയോട് മുല്ലപ്പള്ളി സ്വീകരിച്ച സമീപനമാണ് ഇരുവരെയും തമ്മില്‍ അകറ്റിയത്. അദ്ദേഹത്തിന്റെ മണ്ഡലമായ വടകരയില്‍ പോലും കേരളാ യാത്രയോട് സഹകരിക്കാന്‍ മുല്ലപ്പള്ളി തയ്യാറായിരുന്നില്ല. മുമ്പ് മുല്ലപ്പള്ളി കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ മത്സരിച്ച് തോറ്റത് മുതല്‍ സുധാകരനുമായി അകല്‍ച്ച നിലനില്‍ക്കുന്നുണ്ട്.സുധാകരനാണ് തോല്‍വിക്ക് പിന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

പി സി വിഷ്ണുനാഥിന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന പരിഗണനയിലുള്ളത്. ഇതില്‍ പി സി വിഷ്ഷുനാഥിനെയാണ് എ ഐ സി സി പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും സംസ്ഥാനത്തെ എ ഗ്രൂപ്പിനും താത്പര്യം. എന്നാല്‍ എ ഗ്രൂപ്പിന്റെ നേതാവായ ഉമ്മന്‍ചാണ്ടി ഈ വിഷയത്തില്‍ മൗനം തുടരുകയാണ്. പി സി വിഷ്ണുനാഥ് എ ഗ്രൂപ്പിന്റെ സജീവ പോരാളിയായതിനാല്‍ അദ്ദേഹം പ്രസിഡന്റായാല്‍ നിയമസഭാ കക്ഷി നേതൃ സ്ഥാനം ഐ ഗ്രൂപ്പിന് നല്‍കേണ്ടി വരും. ഇതാണ് വീണ്ടുമൊരിക്കല്‍ കൂടി മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന ഉമ്മന്‍ചാണ്ടിയുടെ തന്ത്രപരമായ മൗനത്തിന്റെ കാരണമെന്നറിയുന്നു. ആന്റണിക്ക് താത്പര്യമുള്ള മുല്ലപ്പള്ളിക്ക് ഐ ഗ്രൂപ്പുമായി വലിയ അടുപ്പമില്ലാത്തതും തനിക്ക് ഭീഷണി സൃഷ്ടിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി കണക്ക് കൂട്ടുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മുല്ലപ്പള്ളി പ്രസിഡന്റാകുന്നതിനോട് യോജിപ്പില്ലെന്നാണ് അറിയുന്നത്. തന്റെ ഐ ഗ്രൂപ്പിലെ കരുത്തനായ കെ സുധാകരനോടും നേരത്തെ ഗ്രൂപ്പിന് ചുക്കാന്‍ പിടിച്ചിരുന്ന മുരളീധരനോടും അദ്ദേഹത്തിന് താത്പര്യമില്ല. ഐ ഗ്രൂപ്പ് നേതൃത്വത്തില്‍ നിന്ന് ഒരു മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കരുക്കല്‍ നീക്കുന്ന അദ്ദേഹത്തിന് എ ഗ്രൂപ്പിലെ ആരെങ്കിലും കെ പി സി സി പ്രസിഡന്റാകുന്നതിനോടാണ് താത്പര്യം. പി സി വിഷ്ണുനാഥിനെ പ്രസിഡന്റാക്കാന്‍ ദേശീയ നേതൃത്വം തീരുമാനമെടുത്താല്‍ ഒരു എതിര്‍പ്പുമില്ലാതെ രമേശ് അംഗീകരിച്ചേക്കും. എന്നാല്‍ എ, ഐ ഗ്രൂപ്പിലെ മറ്റ് നേതാക്കളായ കെ വി തോമസ്, ബെന്നി ബെഹന്നാന്‍, എം എം ഹസന്‍, എം ഐ ഷാനവാസ്, കെ സി വേണുഗോപാല്‍ എന്നിവരെല്ലാം കെ പി സി സി പ്രസിഡന്റ് സ്ഥാനം സ്വന്തം ഗ്രൂപ്പിന് കിട്ടണമെന്ന പക്ഷക്കാരാണ്.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് എ, ഐ ഗ്രൂപ്പുകളുടെ പ്രമുഖ നേതാക്കള്‍ തുടരുന്ന മൗനവും എ കെ ആന്റണിയുടെ പിന്തുണയും മുല്ലപ്പള്ളിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. ഈ ഒരു സാഹചര്യത്തില്‍ നേതൃത്വം എടുക്കുന്ന തീരുമാനത്തിനായി കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍.