Connect with us

Kerala

ഭവന നിര്‍മാണ പദ്ധതികളില്‍ ജനശ്രദ്ധ നേടി ദാറുല്‍ഖൈര്‍

Published

|

Last Updated

പള്ളിക്കല്‍ ബസാര്‍ യൂനിറ്റ് നിര്‍മിച്ചു നല്‍കുന്ന മൂന്ന് ദാറുല്‍ഖൈറുകളുടെ സമര്‍പ്പണം സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മുഹമ്മദ് പറവൂര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു

കോഴിക്കോട്: സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതികളില്‍ “ദാറുല്‍ഖൈര്‍” ജനശ്രദ്ധ പിടിച്ചുപറ്റി കൂടുതല്‍ ജനകീയമാകുന്നു. സുന്നി പ്രസ്ഥാനത്തിന്റെ സാന്ത്വന ജീവകാരുണ്യ പദ്ധതികളിലൊന്നാണ് എസ് വൈ എസ് നേതൃത്വത്തിലുള്ള ദാറുല്‍ഖൈര്‍ ഭവന നിര്‍മാണ പദ്ധതി. പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകും മുമ്പ് തന്നെ സംസ്ഥാനത്ത് ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ദാറുല്‍ഖൈര്‍ അഭയം നല്‍കിട്ടുണ്ട്. 2016 ഓക്‌ടോബറില്‍ പ്രഖ്യാപിച്ച പുതിയ 1000 വീടുകളുടെ സമര്‍പ്പണം പൂര്‍ത്തിയായിവരികയാണ്.

പൊതുജന പങ്കാളിത്തത്തോടെ പ്രാദേശിക യൂനിറ്റ് ഘടകങ്ങളുടെ നേതൃത്വത്തിലാണ് കൂടുതലായും വീട് നിര്‍മാണം നടക്കുന്നത്. ഐ സി എഫ് പങ്കാളിത്തത്തോടെ സംസ്ഥാന കമ്മിറ്റിയുടെയും ജില്ല, സോണ്‍, സര്‍ക്കിള്‍ ഘടകങ്ങളുടെ നേതൃത്വത്തിലും വീട് നിര്‍മിക്കുന്നുണ്ട്. കുറ്റിയാടി സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിയുടെ ഭാഗമായി 25 കുടുംബങ്ങള്‍ക്കുള്ള വീടുകളും “ദാറുല്‍ഖൈര്‍” പദ്ധതിയുലുള്‍പ്പെടുത്തിയാണ് നല്‍കിയത്. തെന്നല വെസ്റ്റ് ബസാര്‍(മലപ്പുറം) യൂനിറ്റില്‍ ഇതിനകം ഒമ്പത് വീടുകള്‍ നിര്‍മിച്ചുനല്‍കി മാതൃകയായി. ഒരേ കാലയളവില്‍ മൂന്ന് വീടുകള്‍ നിര്‍മിച്ച് പള്ളിക്കല്‍ ബസാര്‍ യൂനിറ്റും മികവ് തെളിയിച്ചു. കഴിഞ്ഞ ദിവസം ഒരു വേദിയില്‍ വെച്ച് ഈ മൂന്ന് വീടുകളുടെയും സമര്‍പ്പണം സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മുഹമ്മദ് പറവൂര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുകയുണ്ടായി. ഇതില്‍ രണ്ടെണ്ണം യൂനിറ്റിലെ സുന്നി സംഘശക്തി പ്രാദേശിക ജനപങ്കാളിത്തത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ചപ്പോള്‍, ഒരു സയ്യിദ് കുടുംബത്തിനുള്ള മൂന്നാമത്തേത് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സേവനം ചെയ്യുന്ന പള്ളിക്കല്‍ പ്രദേശത്തെ പ്രവര്‍ത്തകരുടെ വാട്‌സാപ്പ് കൂട്ടായ്മയായ “പള്ളിക്കല്‍ സുന്നികൂട്ടം” സോഷ്യല്‍ മീഡിയാ പ്രചാരണം വഴി പന്ത്രണ്ട് ലക്ഷം രൂപ സമാഹിരിച്ച് നിര്‍മിച്ച് നല്‍കിയതാണെന്ന സവിശേഷത കൂടിയുണ്ട്. പള്ളിക്കല്‍ പഞ്ചായത്തിലെ തന്നെ കൂനോള്‍മാട് യൂനിറ്റ് അമുസ്‌ലിം കുടുംബത്തിന് നല്‍കുന്ന വീടിന്റെ പണി പൂര്‍ത്തിയായിവരികയാണ്. ഈ യൂനിറ്റിലെ രണ്ടാമത് ദാറുല്‍ഖൈറാണിത്. ഇങ്ങനെ ഒന്നിലേറെ വീടുക ള്‍ പാവങ്ങള്‍ക്കായി സമര്‍പ്പിച്ച യൂനിറ്റുകള്‍ സംസ്ഥാനത്തെമ്പാടുമുണ്ട്.

ആദര്‍ശ രംഗത്തും സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക രംഗത്തുമെന്ന പോലെ ജീവകാരുണ്യ മേഖലയിലും സുന്നി പ്രസ്ഥാനം നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും സമൂഹം നല്‍കുന്ന കലവറയില്ലാത്ത പിന്തുണയാണ് “ദാറുല്‍ഖൈര്‍” പദ്ധതി കൂടുതല്‍ ജനകീയവും വ്യാപകവുമാവുന്നതിന്റെ പ്രേരക ഘടകമെന്ന് വിലയിരുത്തപ്പെടുന്നു.